തലശ്ശേരി : ക്രിസ്തീയ യുവത്വത്തിന്റെ പുതിയ മാധ്യമ ശബ്ദമാവാൻ തയ്യാറാവുകയാണ് തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ പുതിയ മീഡിയ സെൽ. ആധുനിക മാധ്യമരംഗത്ത് ക്രിസ്തീയ സഭയ്ക്കാവശ്യമായ ഒരു സ്ഥാനമൊരുക്കാൻ തലശ്ശേരി അതിരൂപതയുടെ യുവജന കൂട്ടായ്മയായ കെ.സി.വൈ.എം/എസ്.എം.വൈ.എം സംഘടനകളുടെ ആഭിമുഖ്യത്തിൽ പുതിയ മീഡിയ സെൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. യുവജനങ്ങളുടെ കഴിവുകളെ ഏകോകിപ്പിച്ച് ശക്തമായൊരു മാധ്യമ ശൃംഖല, രൂപതയുടെ ഉന്നമനത്തിനായി സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെല്ലിന് രൂപം നൽകിയിരിക്കുന്നത്.
ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ഉൾവലിഞ്ഞു നിൽക്കുന്ന ക്രിസ്ത്യൻ യുവത്വത്തെ മുന്നോട്ട് കൊണ്ടുവരിക എന്നതാണ് ഈ മീഡിയ സെല്ലിന്റെ പ്രാഥമിക ലക്ഷ്യമെന്ന് കെ.സി.വൈ.എം /എസ്.എം.വൈ.എം മേലധികാരികൾ വെളിപ്പെടുത്തിയിരുന്നു. നിരന്തരം ആക്രമിക്കപ്പെടുന്ന സഭയുടെ മൃദുല വികാരങ്ങളെ യുവജനതയുടെ കൂട്ടായ സംയോജനത്തോടെ പ്രതിരോധിക്കാൻ അതിരൂപതയുടെ മീഡിയ സെല്ലിന് സാധിക്കും. ഒമ്പതോളം അംഗങ്ങളാണ് നിലവിൽ മീഡിയ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിലുള്ള യൂവാക്കളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
“നിന്റെ നാവുകളിലൂടെ മുഴങ്ങുന്നത് മുപ്പത്തിമൂന്നുകാരൻ നസ്രായന്റെ ശബ്ദമാകട്ടെ” എന്നതാണ് ഈ മീഡിയ സെല്ലിന്റെ ആപ്തവാക്യം. യഥാർത്ഥ നസ്രാണിയുടെ നിലപാടുകൾ ഉൾക്കൊള്ളാനും, അനുവർത്തിക്കാനും സജ്ജരാവുക എന്നതാണ് ഈ മാധ്യമ മുന്നേറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. പൈസക്കരി, കുന്നോത്ത്, വായാട്ടുപറമ്പ്, തോമാപുരം, ചെമ്പന്തൊട്ടി, ചെമ്പേരി, കാഞ്ഞങ്ങാട്, എടൂർ എന്നീ ഫൊറോനാകളുടെ കീഴിൽ നിന്നും പ്രവർത്തന സജ്ജരായ ഓരോ യുവതി-യുവാക്കളെ വീതം തിരഞ്ഞെടുത്തു. ഇനി ഈ മീഡിയ സെൽ തലശ്ശേരി അതിരൂപതയുടെ മാധ്യമശബ്ദമായി മാറാൻ അധികം ദൈർഗ്യമില്ല. പുതിയ മാധ്യമ സെല്ലിനോടൊപ്പം തന്നെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി യുവതികൾക്കായി ‘വുമൻസ് വിങ്ങും’, അതോടൊപ്പം താഴെത്തട്ടിൽ ഉള്ളവരിലേക്ക് എത്തിപ്പെടാൻ ‘മൈനോറിറ്റി വിങ്ങും’ ഉടൻ രൂപീകരിക്കാൻ തീരുമാനമായി.