ന്യൂനപക്ഷ സ്കോളർഷിപ്പിൽ വൻ അഴിമതി നടന്നതായി കണ്ടെത്തൽ.
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനു കീഴിലുള്ള ന്യൂനപക്ഷ സ്കോളർഷിപ്പിൽ 114.83 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയത്.
ദേശീയ സ്കോളർഷിപ് പോർട്ടലിൽ (എൻഎസ്പി) രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിൽ 53 ശതമാനവും വ്യാജമാണെന്നു കണ്ടെത്തിയതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു . 2007 മുതൽ 2022 വരെയുള്ള കാലഘട്ടത്തിലാണ് വൻ അഴിമതി നടന്നിരിക്കുന്നത്. തുടർന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ 1,572 സ്ഥാപനങ്ങളിൽ 830 എണ്ണം വ്യാജമോ പ്രവർത്തനരഹിതമോ ആണ്.
ന്യൂനപക്ഷ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള നാഷണൽ കൗണ്സിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ (എൻസിഎഇആർ) അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ വിശദമായ അന്വേഷണം നടത്താൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജൂലൈ പത്തിന് കേസ് സിബിഐക്കു കൈമാറി.
യുപിഎ സർക്കാരിന്റെ കാലത്ത് 2007-18 കാലഘട്ടത്തിൽ പ്രീമെട്രിക് സ്കോളർഷിപ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്, മെട്രിക് കം മീൻസ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയത്. 2014-15നു മുൻപ് സ്കോളർഷിപ് തുക ബന്ധപ്പെട്ട സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങൾക്കും 2014-15 മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടും കൈമാറി.
2016 – 17 മുതൽ നാഷണൽ സ്കോളർഷിപ് പോർട്ടലിന്റെ കീഴിൽ ന്യൂനപക്ഷ സ്കോളർഷിപ്പിനെ കൊണ്ടുവരുകയും തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറി വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ വ്യാജ കെവൈസി രേഖകൾ ചമച്ച് വ്യാജ അക്കൗണ്ടിലൂടെ എങ്ങനെ തട്ടിപ്പ് നടത്തിയെന്നതിനും വിശദീകരണമില്ല.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മന്ത്രാലയം പ്രതിവർഷം 2,000 കോടി രൂപയിലധികം ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഉന്നതവിദ്യഭ്യാസ മേഖലയിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തലാക്കിയതുപോലെ, ഈ സ്കോളർഷിപ്പുകളും നിർത്തലാക്കുന്നതിനുള്ള അജൻഡയുടെ ഭാഗമാണോ സിബിഐ അന്വേഷണമെന്ന സംശയം ഉയരുന്നുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 100 ജില്ലകളിലാണ് എൻസിഎഇആർ പരിശോധന നടത്തിയത്. രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിൽ ഛത്തീസ്ഗഡിൽ 62ഉം രാജസ്ഥാനിൽ 99ഉം പ്രവർത്തനരഹിതമാണ്. ആസാമിൽ 68 ശതമാനവും കർണാടകത്തിൽ 64 ശതമാനവും ഉത്തർപ്രദേശിൽ 44 ശതമാനവും പശ്ചിമബംഗാളിൽ 39 ശതമാനവും സ്ഥാപനങ്ങൾ വ്യാജമാണ്.
മലപ്പുറത്തെ ഒരു ബാങ്ക് ബ്രാഞ്ചിലൂടെ 66,000 സ്കോളർഷിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. 5,000 കുട്ടികൾ പഠിക്കുന്ന ജമ്മു-കാഷ്മീർ അനന്ത്നാഗിലെ ഒരു കോളജിൽ നിന്ന് 7,000 സ്കോളർഷിപ്പിന്റെ അപേക്ഷയാണു ലഭിച്ചത്. 22 അപേക്ഷയിൽ രക്ഷകർത്താവിന്റെ ഫോണ് നമ്പർ ഒന്നുതന്നെയാണ്. ഹോസ്റ്റൽ ഇല്ലാത്ത സ്ഥാപനത്തിലെ എല്ലാ കുട്ടികളും ഹോസ്റ്റൽ സ്കോളർഷിപ്പിനും അപേക്ഷിച്ചതായി കണ്ടെത്തി.
ഒരു വർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് ക്രമക്കേട് പുറത്തുവന്നതെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group