കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സംസ്ഥാനവിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (SCERT) സ്കൂൾ വിദ്യാർഥികൾക്കായി തയാറാക്കി നടപ്പിൽവരുത്തിയിരിക്കുന്ന സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലെ ചില പാഠഭാഗങ്ങൾ വായിക്കുബോൾ അവ തയാറാക്കിയവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് സംശയങ്ങൾ ഉണ്ടാകുന്നു. മേൽപ്പറഞ്ഞ സമിതിയുടെ ഡയറക്ടർ ഡോ. ജെ. പ്രസാദ് കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭത്തിൽ കൊടുത്തിരിക്കുന്ന കത്ത് വളരെ മനോഹരവും അർഥസന്പുഷ്ടവുമാണ്.
സാമൂഹ്യശാസ്ത്ര പഠനത്തിന്റെ പ്രാധാന്യമെന്തെന്നും പഠനത്തിലൂടെ ശാസ്ത്രീയ മനോഭാവവും ജീവിതമൂല്യങ്ങളും വിശാലവീക്ഷണവും സാധ്യമാകണമെന്നതും കത്തിൽ എടുത്തുപറയുന്നു. വൈവിധ്യങ്ങളെ ആദരിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും എല്ലാ ജീവജാലങ്ങളോടും സമഭാവം പുലർത്താനും സാമൂഹ്യശാസ്ത്ര പാഠപുസ്തകം സഹായിക്കുമെന്നു പറഞ്ഞുകൊണ്ടാണ് കത്തവസാനിക്കുന്നത്.
ചരിത്രപഠനം ഒരു സത്യാന്വേഷണമാണ്. അതിനുവേണ്ട ഏറ്റവും പ്രധാന ഗുണം സത്യസന്ധതയാണ്. അതു തികച്ചും നിഷ്പക്ഷമായിരിക്കണം. രചയിതാവിന്റെയോ ഏതെങ്കിലും വിഭാഗത്തിന്റെയോ ചില താത്പര്യങ്ങൾ സ്ഥാപിച്ചെടുക്കാൻവേണ്ടി ചരിത്രസംഭവങ്ങൾ വളച്ചൊടിക്കുന്നത് ചരിത്രത്തോടും പൊതുസമൂഹത്തോടുമുള്ള വഞ്ചനയാണ്. സത്യസന്ധതയും മൂല്യബോധവും സ്വഭാവവൈശിഷ്ട്യവുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തുക എന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപ്രമാണംതന്നെയാണ്. നമ്മുടെ കുട്ടികൾക്കുവേണ്ടി തയാറാക്കിയ ചില പാഠപുസ്തകങ്ങളിൽ ചരിത്രത്തിനു കളങ്കം ചാർത്തുന്ന, കുട്ടികളെ വഴിതെറ്റിക്കുന്ന അവതരണങ്ങൾ ഉണ്ടെന്നുള്ളത് വളരെ വ്യക്തമാണ്, അവ തിരുത്തപ്പെടേണ്ടതാണ്. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം.
ഹാഗിയാ സോഫിയ
ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം ഒന്നാം ഭാഗം ആരംഭിക്കുന്നത് ഹാഗിയാ സോഫിയയുടെ ചരിത്രത്തോടും അതിനെക്കുറിച്ചുള്ള ചെറിയ വിവരണത്തോടുംകൂടിയാണ്. ലോകചരിത്രത്തിലെ പ്രധാന സ്മാരകങ്ങളിൽ ഒന്നാണ് ഹാഗിയാ സോഫിയാ എന്നും ആറാം നൂറ്റാണ്ടിലാണത് പണിയപ്പെട്ടതെന്നും ഇപ്പോഴത് ഒരു ചരിത്രമ്യൂസിയമായി തുർക്കിയിൽ സംരക്ഷിക്കപ്പെടുന്നു എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹാഗിയാ സോഫിയയുടെ യഥാർഥ ചരിത്രം ഇവിടെ തമസ്കരിക്കപ്പെട്ടിരിക്കുന്നു. എഡി 360ൽ നിർമിക്കപ്പെട്ട പ്രശസ്തമായ ഒരു ക്രൈസ്തവ ദേവാലയമായിരുന്നു ഹാഗിയാ സോഫിയ. നാശനഷ്ടങ്ങൾക്കിരയായ ഈ ദേവാലയം ജസ്റ്റീനിയൻ ചക്രവർത്തി 537ൽ പുതുക്കിപ്പണിതു. 1453ൽ ഓട്ടോമൻ സുൽത്താൻ കോണ്സ്റ്റാന്റിനോപ്പിളും അതോടൊപ്പം ഹാഗിയാ സോഫിയയും ആക്രമിച്ചു കീഴടക്കി ദേവാലയം കൊള്ളയടിച്ചു. പുരാതനമായ ഈ ക്രിസ്തീയ പള്ളിയെ മുസ്ലിം പള്ളിയാക്കി മാറ്റി. 1935ൽ അന്നത്തെ ഭരണാധികാരി ഹാഗിയാ സോഫിയയെ മ്യൂസിയമാക്കി. വീണ്ടും ഹാഗിയാ സോഫിയ മോസ്കാക്കി മാറ്റുമെന്ന് 2018 മാർച്ച് 31ന് തുർക്കിയുടെ പ്രസിഡന്റ് എർദോഗൻ പ്രഖ്യാപിച്ചു. ലോകവ്യാപകമായുണ്ടായ പ്രതിഷേധങ്ങളെ അവഗണിച്ചും ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയും അദ്ദേഹം പ്രഖ്യാപനം നടപ്പിൽ വരുത്തി.
പുരാതനപ്രസിദ്ധവും കോണ്സ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസിന്റെ ആസ്ഥാനവുമായിരുന്ന ഹാഗിയാ സോഫിയ ഒരു ക്രൈസ്തവദേവാലയമായിരുന്നുവെന്നുള്ള വസ്തുതപോലും മറച്ചുവച്ചുകൊണ്ട്, അതൊരു ചരിത്രമ്യൂസിയമാണെന്നു മാത്രം രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്ത്?
തെറ്റിദ്ധരിപ്പിക്കുന്ന അവതരണങ്ങൾ
വിവിധ മതവിശ്വാസികളായ കുട്ടികൾ ഒരുമിച്ചിരുന്നു പഠിക്കേണ്ട പാഠപുസ്തകങ്ങളിൽ വർഗീയതയോ മതവിദ്വേഷമോ ഉളവാക്കുന്ന പാഠാവതരണങ്ങൾ ഉണ്ടാകാൻ പാടില്ല. നിഷ്പക്ഷതയും സത്യസന്ധതയും കൈവെടിഞ്ഞ് ഏതെങ്കിലും ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതും മറ്റൊരു മതത്തിന്റെ സംഭാവനകളെ അവഗണിക്കുന്നതും മതപരമായ അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നത്. ലോകചരിത്രത്തിലെ പ്രമേയങ്ങൾ എന്ന പതിനൊന്നാം ക്ലാസ് ചരിത്രപാഠപുസ്തകത്തിൽ ‘മധ്യ ഇസ്ലാമിക പ്രദേശങ്ങൾ’ എന്ന ഭാഗം മേൽപ്പറഞ്ഞതിന് ഉദാഹരണമാണ്. ലോകപുരോഗതി മുഴുവൻ ഇസ്ലാമിന്റെ സംഭാവനയാണെന്നു സ്ഥാപിക്കാനുള്ള ശ്രമം ചരിത്രപുസ്തകങ്ങളിൽ പ്രകടമാണ്. അതേസമയം, യുറോപ്പിന്റെ ക്രിസ്തീയ അടിത്തറയാണ് ആഗോളതലത്തിൽ ശാസ്ത്രസാങ്കേതികവിദ്യകളുടെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നവോത്ഥാനത്തിനും വഴിയൊരുക്കിയത് എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന സത്യമാണ്. ഇക്കാര്യം പാഠപുസ്തക രചയിതാവ് തമസ്കരിക്കുന്നുവെന്നു മാത്രമല്ല, ക്രിസ്തുമതത്തെക്കുറിച്ച് പരാമർശിക്കുന്നിടത്ത് അതിൽ പോരായ്മകൾ ഉണ്ടെന്നു സ്ഥാപിക്കാനാണ് താത്പര്യം. കൂടാതെ പലയിടത്തും ഇസ്ലാമിക മതപഠനഭാഗങ്ങൾ അനാവശ്യമായി ചേർക്കുകയും ചെയ്തിരിക്കുന്നു. ക്രൈസ്തവ, ഹൈന്ദവ സംസ്കാരങ്ങളെക്കുറിച്ച് വിവരിക്കുന്നിടത്ത് മതവിശ്വാസത്തെക്കുറിച്ച് ഒന്നുംതന്നെ പറയുന്നുമില്ല.
‘അറബികൾക്ക് അല്ലാഹുവെന്ന പരമോന്നത ദൈവത്തെക്കുറിച്ചുള്ള ധാരണയുണ്ടായത് അവർക്കിടയിൽ ജീവിച്ചിരുന്ന ജൂത, ക്രിസ്തീയ ഗോത്രങ്ങളുടെ സ്വാധീനത്താലാവണം’ എന്ന പ്രസ്താവന (പേജ്-85) തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. കാരണം, അല്ലാഹു എന്ന ഒരു ദൈവം ജൂതർക്കോ ക്രൈസ്തവർക്കോ ഇല്ല. മുഹമ്മദും കൂട്ടരും ചേർന്ന് ഇസ്ലാമികരാഷ്ട്രം സ്ഥാപിച്ചതിനെപ്പറ്റി പറയുന്നുണ്ട്; എന്നാൽ അതിനുവേണ്ടി നടത്തിയ വലിയ രക്തച്ചൊരിച്ചിലിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇസ്ലാമിക ഏകാധിപത്യത്തിനെതിരേ ഉണ്ടായ മുന്നേറ്റങ്ങളെ കലാപങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
കുരിശുയുദ്ധങ്ങൾ
മുസ്ലിംകൾക്കെതിരേ ക്രിസ്ത്യാനികൾ നടത്തിയ കടന്നാക്രമണം എന്ന രീതിയിലാണ് കുരിശുയുദ്ധങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ. യഥാർഥത്തിൽ ക്രിസ്ത്യാനികൾക്ക് ഏറ്റവും പുണ്യപ്പെട്ടതും ക്രിസ്തീയവിശ്വാസത്തിന്റെ പിള്ളത്തൊട്ടിലുമായ ഓർശ്ലേമും മറ്റു വിശുദ്ധ സ്ഥലങ്ങളും മുസ്ലിംകൾ കീഴടക്കിയപ്പോൾ, അവ വീണ്ടെടുക്കാനുള്ള പരിശ്രമമായിരുന്നു കുരിശുയുദ്ധങ്ങൾ. അവ പ്രതിരോധങ്ങളായിരുന്നുവെന്നു പറയാം. ഇക്കാര്യങ്ങളൊന്നും വ്യക്തമാക്കാതെ കേവലം കടന്നാക്രമണങ്ങളായി കുരിശുയുദ്ധങ്ങളെ ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള സത്യവിരുദ്ധ സമീപനമാണ്.
പതിനൊന്നിലെ 104 മുതലുള്ള ഏതാനും പേജുകൾ മുസ്ലിംകളുടെ മതഗ്രന്ഥമായ ഖുറാനെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചുമാണ്. ആദ്യകാല മുസ്ലിംകളുടെ സ്വഭാവം ഉണ്ടായിരിക്കയും പ്രവാചകനായ മുഹമ്മദിന്റെ പാതകൾ പിന്തുടരുകയും ചെയ്യുന്ന ആളിനെയാണ് മാതൃകാ വിദ്യാർഥിയായി അവതരിപ്പിച്ചിരിക്കുന്നത്. ഇസ്ലാം മതപഠന ക്ലാസിലെ പാഠപുസ്തകം പോലെയാണ് ഈ ഭാഗത്തിന്റെ ഉള്ളടക്കം. മറ്റു മതങ്ങളെക്കുറിച്ചോ മതഗ്രന്ഥങ്ങളെക്കുറിച്ചോ ഇപ്രകാരമുള്ള വിവരണങ്ങളൊന്നുമില്ലാതെ ഖുറാനെയും ഇസ്ലാമിനെയും മാത്രം ഉയർത്തിക്കാണിക്കുന്നത് ഒരു പൊതുപാഠപുസ്തകത്തിനു ചേർന്നതല്ല.
ക്രൈസ്തവവിരുദ്ധ മനോഭാവം
ക്രൈസ്തവ വിരുദ്ധമനോഭാവം പല പാഠഭാഗങ്ങളിലും നിഴലിക്കുന്നതായി തോന്നുന്നു. ക്രിസ്തുമതത്തോട് കുട്ടികളിൽ അസ്വീകാര്യത സൃഷ്ടിക്കുകയാണോ ലക്ഷ്യമെന്ന് സംശയം ഉളവാക്കുന്നവയാണ് ഈ പരാമർശങ്ങൾ. ‘തന്റെ മാതാവിനെ പിതാവ് സ്ഥിരമായി മർദിച്ചിരുന്നുവെന്നും താൻ വളർന്നുവന്ന ആ നഗരത്തിലെ മിക്ക സ്ത്രീകൾക്കും ഈ അവസ്ഥ ഉണ്ടായിരുന്നുവെന്നും…. കത്തോലിക്കാ ബിഷപ് സെന്റ് അഗസ്റ്റിൻ പറഞ്ഞിട്ടുണ്ട്’ എന്ന പ്രസ്താവന (പേജ് 69) കത്തോലിക്കരുടെ ഇടയിൽ ഇത്തരത്തിലുള്ള സ്ത്രീപീഡനം സർവസാധാരണമായിരുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്.
എന്നാൽ വസ്തുത മറ്റൊന്നാണ്. നാലാം നൂറ്റാണ്ടിൽ സെന്റ് അഗസ്റ്റിൻ ജീവിച്ചിരുന്ന വടക്കേ ആഫ്രിക്കയിലെ ആ പ്രദേശത്ത് ക്രിസ്തുമതം വ്യാപിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവുൾപ്പെടെ ഭൂരിപക്ഷം പേരും പേഗൻ മതവിശ്വാസികളായിരുന്നു. താൻ ക്രിസ്തീയ വിശ്വാസത്തിലേക്കു കടന്നുവരുന്നതിനു മുന്പ് നിലവിലിരുന്ന റോമൻ പേഗൻ ആചാര പശ്ചാത്തലമാണ് സെന്റ് അഗസ്റ്റിൻ പരാമർശിക്കുന്നത്. ഇതൊന്നും വ്യക്തമാക്കാതെ ഒരു കത്തോലിക്കാ ബിഷപ്പിനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതുതന്നെയാണ്.
‘യുറോപ്പിൽ സ്ത്രീകൾക്ക് പോഷകാഹാരം ലഭിച്ചിരുന്നില്ല, പൊതുജീവിതത്തിൽ അവർക്ക് പൊതുവേ സ്ഥാനമില്ലായിരുന്നു, സ്ത്രീധനം നൽകാൻ കഴിയാത്ത സ്ത്രീകൾ സന്ന്യാസജീവിതം സ്വീകരിച്ചു’ തുടങ്ങിയ പ്രസ്താവനകളുടെ അടിസ്ഥാനം എന്താണ്? മറിച്ച്, ‘ഇസ്ലാമിക ഭരണപ്രദേശങ്ങളിൽ സ്ത്രീകൾക്ക് ഉയർന്ന പദവി ലഭിച്ചിരുന്നു, അവർ വിദ്യാഭ്യാസം നേടി അധ്യാപികമാരായി’ തുടങ്ങിയ പ്രസ്താവനകളിലൂടെ ഇസ്ലാമിനെ ഉയർത്തിക്കാട്ടുന്നു. പല ഇസ്ലാം ഭരണപ്രദേശങ്ങളിലും ഇന്നും മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും പെണ്കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും ഏവർക്കും അറിവുള്ളതാണ്. ക്രിസ്തീയമൂല്യങ്ങൾ ഉൾക്കൊണ്ടു വളർന്ന യൂറോപ്പിന്റെ നാനാമുഖമായ പുരോഗതിക്കും നവോത്ഥാനത്തിനും അതു കാരണമായി.
‘ഒന്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം 1’ എന്ന പാഠപുസ്തകത്തിൽ പക്ഷപാതപരമായ നിരവധി വിവരണങ്ങൾ കാണാം. യൂറോപ്പിനെയും ഇസ്ലാമിക പ്രദേശങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള ചില പരാമർശങ്ങളുണ്ട്. യൂറോപ്പിന്റെ മികച്ച നേട്ടങ്ങളെ കാണാതെപോകുകയും കോട്ടങ്ങളെ എടുത്തുപറയുകയും ചെയ്യുന്നു. എന്നാൽ ഇസ്ലാമിക പ്രദേശങ്ങളിലെ ചില സാധാരണ കാര്യങ്ങൾപോലും പ്രാധാന്യം നൽകി അവതരിപ്പിക്കുകയും കുറവുകളുടെ നേരേ കണ്ണടയ്ക്കുകയും ചെയ്യുന്നു.
മധ്യകാല വിദ്യാഭ്യാസത്തിന്റെ സവിശേഷതയായി ഇസ്ലാമിക വിജ്ഞാനവും മറ്റും വിവരിക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ സർവകലാശാലകളെക്കുറിച്ചും അവിടെ പ്രാധാന്യം കൊടുത്തിരുന്ന ക്രൈസ്തവ ദൈവശാസ്ത്രത്തെക്കുറിച്ചും പാഠപുസ്തകം മൗനംപാലിക്കുന്നു. യൂറോപ്പിലെ ആദ്യ സർവകലാശാലയായിരുന്ന ബൊളോഞ്ഞായെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല; ലോകപ്രസിദ്ധങ്ങളായ ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകളുടെ പേരുമാത്രം പറഞ്ഞുപോകുന്നു. എന്നാൽ, അറബികൾ സ്പെയ്നിൽ സ്ഥാപിച്ചതായി പറയുന്ന, അത്ര അറിയപ്പെടാത്ത കൊർദോവ സർവകലാശാലയെക്കുറിച്ച് വിശദവിവരങ്ങൾ നൽകിയിരിക്കുന്നു.
കല, സാഹിത്യ, സംഗീത, ശാസ്ത്രാദി മേഖലകളിലെല്ലാം മികച്ച സംഭാവനകൾ നൽകിയ യൂറോപ്പിനെ തീർത്തും അവഗണിച്ചിരിക്കുന്നു പാഠപുസ്തകം ( IX സാമൂഹ്യശാസ്ത്രം I, ഭാഗം 1, പേജ് 32-35 ). എല്ലാംതന്നെ അറബികളുടെ സംഭാവനയായി വിവരിച്ചിരിക്കുന്നു. മാത്രമല്ല, അറബ് സ്വാധീനത്തിലാണ് യൂറോപ്പിന് എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കുന്നതെന്ന് പറയുകയും ചെയ്യുന്നു. ഇതുപോലെ ഇന്ത്യാ ചരിത്രം, സ്വാതന്ത്ര്യസമര ചരിത്രം, ഭരണഘടന തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറി
ച്ച് നിഷ്പക്ഷത വെടിഞ്ഞ് നടത്തിയിട്ടുള്ള അപഗ്രഥനങ്ങൾ പാഠപുസ്തകങ്ങളുടെ നിലവാരത്തിനു മങ്ങലേൽപ്പിക്കുന്നതും ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിപ്പിക്കുന്നതുമാണ്. അസത്യങ്ങളും അർധസത്യങ്ങളും നിറഞ്ഞ വികലമായ ഒരു ചരിത്രബോധമാണ് നമ്മുടെ കുട്ടികൾക്ക് ക്ലാസുകളിൽ ലഭിക്കുന്നത്. ചരിത്രപരമായ തെറ്റുകൾ പഠിച്ചിറങ്ങുന്ന കുട്ടികൾ തങ്ങൾക്കുതന്നെയും സമൂഹത്തിനും വിനയാകാം.
ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group