തിരിച്ചടികളെ മറയ്ക്കാൻ ദുർവ്യാഖ്യാനങ്ങൾ പ്രചരിപ്പിച്ച് അപഹാസ്യരാകുന്നു : സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

മാർപാപ്പയുടെ പ്രതിനിധിയായ ഇന്ത്യയുടെ അപ്പസ്തോലിക് നുൺഷ്യോ 2024 നവംബർ രണ്ടിന് എഴുതിയ കത്തിനെ ദുർവ്യാഖ്യാനം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ മേജർ ആർച്ചു ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും എഴുതിയ സർക്കുലറിൻ്റെ (Prot No. 4/2024, dt. 9.6.2024) നിർദ്ദേശങ്ങളും കല്പനകളും പിൻവലിക്കാനും (revoke) അത് നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കാനും (suspend) ആവശ്യപ്പെട്ടുകൊണ്ട് സർക്കുലർ നൽകിയ മേജർ ആർച്ച് ബിഷപ്പിനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കുമായി 2024 ജൂൺ 18ന് അതിരൂപതയിലെ വൈദികരും സന്യസ്ഥരും അല്മായരും എഴുതിയ കത്തുകൾ അതിരൂപതാ കാര്യാലയത്തിലും മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിലുമായി എത്തുകയുണ്ടായി. ഇത്തരം 757 കത്തുകൾ പരിഗണിച്ച് ഓരോരുത്തർക്കും വ്യക്തിപരമായി മറുപടി കൊടുക്കാൻ അതിരുപതയുടെ അപ്പോഴത്തെ കൂരിയാ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തി ജൂൺ 29ന് പൂർത്തിയാക്കിയ മറുപടി കത്ത് ജൂലൈ രണ്ടിന് തപാൽ, ഇമെയിൽ, വാട്സ്ആപ്പ് എന്നിവവഴി പരാതിനല്കിയ വൈദികർക്ക് വ്യക്തിപരമായി അയച്ചു നൽകിയതാണ്.

സർക്കുലർ പൊതുസ്വഭാവത്തിൽ എല്ലാവരെയും ഉദ്ദേശിച്ച് എഴുതപ്പെട്ടതാണെന്നും വൈദികർക്കും സമർപ്പിതർക്കും അല്മായർക്കും അനുസരണക്കേട് വഴി സംഭവിക്കാവുന്ന ശിക്ഷകളെപ്പറ്റി വ്യക്തമാക്കിയതാണെന്നും എന്നാൽ, അതിൽ ശിക്ഷ ചുമത്താൻ ആവശ്യമായ വ്യക്തിഗതമായ പ്രമാണത്തിന്റെ (penal precept) പ്രത്യേക സ്വഭാവം ഇല്ലെന്നും ജൂൺ 29ന്റെ മറുപടി കത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ആ മറുപടി കത്തിനുശേഷം നിയമപരമായി സാധുതയില്ലാതിരുന്നിട്ടും അതേവ്യക്തികൾതന്നെ ജൂലൈ 3ന് ശിക്ഷ ചുമത്തുന്ന കൽപ്പനയ്ക്കെതിരെ നൽകുന്ന അപേക്ഷയുമായി (recourse) വീണ്ടും സമീപിച്ച സാഹചര്യത്തിൽ ആദ്യ കത്തിൽ പറഞ്ഞ അതേ കാരണങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ട് 2024 ജൂലൈ എട്ടിന് ഒരു പൊതു മറുപടി അതിരൂപതയിലെ മുഴുവൻ വൈദികർക്കും ഇമെയിൽ, വാട്സ്ആപ്പ് എന്നിവ വഴി നല്കുകയുണ്ടായി.

ഇതേ ആവശ്യം ഉന്നയിച്ച് ഏതാനും വൈദികർ വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീലിനുള്ള മറുപടിയായി മുൻപു പറഞ്ഞ അതേ കാരണങ്ങളാൽ വൈദികർ സമർപ്പിച്ച അപേക്ഷ അപ്പീൽ ആയി പരിഗണിക്കാതെ 2024 നവംബർ രണ്ടാം തീയതിയിലെ കത്ത് പ്രകാരം തള്ളിക്കളഞ്ഞിരിക്കുന്നു. സഭാനിയമത്തിലെ വിവിധ വകുപ്പുകൾ ഉദ്ധരിച്ചുകൊണ്ട് ചില നിയമവശങ്ങൾ കത്തിൽ ചേർത്തിട്ടുണ്ട്:

1. 2024 ജൂൺ 9നു മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും നല്കിയ സർക്കുലറിൽ പറഞ്ഞ കാര്യങ്ങളെ പൂർണ്ണമായും പൗരസ്ത്യകാരാലയം ശരിവയ്ക്കുന്നു. അതിൽ ഉൾചേർന്നിരിക്കുന്ന കടമകൾ പൂർണമായും സഭയുടെ ശിക്ഷാനിയമത്തിനു അനുസൃതമായവയാണെന്ന് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം സ്ഥിരീകരിച്ചിരുന്നു.
2. പരിശുദ്ധ കുർബാനയുടെ ഏകീകൃത രൂപത്തെപ്പറ്റി സീറോമലബാർ സഭാസിനഡ് കൈക്കൊള്ളുകയും മാർപാപ്പ അംഗീകരിക്കുകയും ചെയ്ത തീരുമാനങ്ങൾക്കു മാറ്റമില്ല. ഇതുമായി യോജിച്ചു പ്രവർത്തിക്കാനും, തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ തിരുത്താനും എല്ലാ വിശ്വാസികൾക്കും കടമയുണ്ട്.
3. സർക്കുലറിൽ പ്രത്യേകം നിഷ്ക്കർഷിക്കുന്ന തീരുമാനങ്ങളോടുള്ള അനുസരണക്കേട്‌ ശീശ്മയുടെ കാര്യത്തിലെന്നതുപോലെ മഹറോൻ ശിക്ഷയ്ക്കും കാരണമാകും.
4. സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്ന അധികാരികൾക്കും അതിൽ നിഷ്ക്കർഷിച്ചിരിക്കുന്ന തീരുമാനങ്ങൾ എടുത്തിരിക്കുന്ന അധികാരികൾക്കും അതിനാവശ്യമായ അധികാരങ്ങൾ ഉള്ളവർ തന്നെയാണ്.
5. അതിരൂപതയിൽ നിയമനിർമ്മാണ അധികാരമുള്ളവർക്ക് പ്രത്യേക ശിക്ഷാനിയമങ്ങൾ നടപ്പിലാക്കാനും, ഒരു ഉന്നത അധികാരി പുറപ്പെടുവിച്ച ഒരു സഭാനിയമത്തോട് ഉചിതമായ ശിക്ഷ കൂട്ടിച്ചേർക്കാനും, പൊതു നിയമം നിർദ്ദേശിക്കുന്ന കാര്യങ്ങളിൽ ശിക്ഷ സ്ഥാപിക്കാനും അധികാരം ഉണ്ട്.

മാർപാപ്പയുടെ പ്രതിനിധിയായ ഇന്ത്യയുടെ അപ്പസ്തോലിക് നുൺഷ്യോ 2024 നവംബർ രണ്ടിന് നല്കിയ കത്തിനു തെറ്റായ വ്യാഖ്യാനങ്ങൾ നല്കി തങ്ങൾക്ക് പൗരസ്ത്യകാരാലയത്തിൽനിന്നു ലഭിച്ച തിരിച്ചടിയെ മറയ്ക്കാനാണ് ശ്രമിക്കുന്നത്. അനുസരണക്കേടിൽ തുടരുന്നവർ കാനോനിക നടപടിക്രമത്തിലൂടെ സർക്കുലറിൽ പറഞ്ഞിരിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നത് വ്യക്തമാണ്. ദുർവ്യാഖ്യാനങ്ങൾകൊണ്ട് വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നവർ അത്തരം ഉദ്യമങ്ങളിൽ നിന്ന് മാറിനില്ക്കണമെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group