കുട്ടികളിലെ മൊബൈല്‍ ഉപയോഗം വെര്‍ച്വല്‍ ഓട്ടിസത്തിന് കാരണമാകുന്നു; സ്ഥിതി ആശങ്കാജനകമെന്ന് റിപ്പോര്‍ട്ട്

ഇക്കാലത്തെ കുട്ടികളില്‍ ഭൂരിഭാഗവും ഒഴിവു സമയങ്ങളില്‍ മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കുന്നവരാണ്. കുട്ടികള്‍ വാശി കാണിക്കാതെ അടങ്ങിയിരിക്കുന്നതിനായി ഭൂരിഭാഗം മാതാപിതാക്കളും പയറ്റുന്ന ഒരു തന്ത്രം കൂടിയാണ് ഈ മൊബൈല്‍ വിദ്യ.

എന്നാല്‍ ഇങ്ങനെ മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കുന്നതിലൂടെ നിങ്ങളുടെ കുട്ടികളുടെ വൈജ്ഞാനിക ശേഷിയെ നശിപ്പിക്കുകയാണെന്ന് തിരിച്ചറിയേണ്ടതാണ്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളെ വെർച്വല്‍ ഓട്ടിസത്തിലേക്കാണ് നയിക്കുന്നത് എന്നാണ് ഗവേഷണ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നിന്നും അത് വാങ്ങി വയ്ക്കുമ്ബോള്‍ അവർ എത്രത്തോളം അസ്വസ്ഥരാകുന്നു എന്നുള്ള കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയെ തടസ്സപ്പെടുത്തുകയും യഥാർത്ഥ ഓട്ടിസം പോലെയുള്ള സാമൂഹിക ഇടപെടല്‍, ആശയവിനിമയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന വെർച്വല്‍ ഓട്ടിസത്തിന്റെ തുടക്കം ഇവിടെ നിന്നും ആണ് തിരിച്ചറിയേണ്ടത്. വൈകാരിക ആത്മനിയന്ത്രണം ഇല്ലായ്മ ഇത്തരം കുട്ടികളുടെ ഒരു പ്രധാന ലക്ഷണമാണ്.

മൂന്നു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ ദീർഘസമയം ഉപയോഗിക്കാനായി നല്‍കരുതെന്നാണ് ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നത്. പലപ്പോഴും ഇത് ഓട്ടിസം സ്പെക്‌ട്രം ഡിസോർഡറിലേക്ക് തന്നെ നയിക്കുകയും ചെയ്യുന്നതാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
സ്‌ക്രീൻ സമയം വർദ്ധിക്കുന്നത് മെലനോപ്‌സിൻ പ്രകടിപ്പിക്കുന്ന ന്യൂറോണുകളുമായും ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് ന്യൂറോ ട്രാൻസ്മിറ്ററിൻ്റെ കുറവുമായും ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ തീവ്രമായ സ്‌ക്രീൻ എക്‌സ്‌പോഷർ ഉണ്ടാകുന്നതു വഴി കുട്ടികളുടെ വികസിക്കുന്ന തലച്ചോറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കുട്ടികളിലെ അമിതമായ മൊബൈല്‍ ഉപയോഗം സംസാരം വൈകുന്നതു മുതല്‍ രുചിയില്ലായ്മ വരെ ഉണ്ടാകുന്നതിന് കാരണമാകുന്നതാണ്. വൈജ്ഞാനിക ശേഷി കുറയുക, ഭാഷാ വികാസം കുറയുക, പഠനത്തിലെ ശ്രദ്ധയില്ലായ്മ തുടങ്ങിയ ആരോഗ്യപരമായ പ്രതികൂല ഫലങ്ങളാണ് വെർച്വല്‍ ഓട്ടിസം വഴി ഉണ്ടാകുന്നത്. ഇത്തരം ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പലപ്പോഴും ഉറക്കം കുറയുകയോ കൂടുതല്‍ ഉറങ്ങുകയോ മറ്റ് ആളുകളുമായി ഇടപെടാൻ കഴിയാതെ ഇരിക്കുകയോ ചെയ്യാം. വിഷാദവും ദേഷ്യവും പോലെയുള്ള പ്രശ്നങ്ങളും ആത്മവിശ്വാസക്കുറവും വെർച്വല്‍ ഓട്ടിസത്തില്‍ ഉണ്ടാകുന്നതാണ്.

ഓട്ടിസം പോലെ തന്നെ വെർച്വല്‍ ഓട്ടിസവും കുട്ടികളെ ബാധിക്കുമ്ബോള്‍ അത് കുടുംബത്തിന്റെ തന്നെ താളം തെറ്റിക്കുന്നതാണ്. അതിനാല്‍ തന്നെ വെർച്വല്‍ ഓട്ടിസം ഇന്ന് ഓരോ കുടുംബവും പേടിയോടെ കാണേണ്ട ഒന്ന് തന്നെയാണ്. എന്നാല്‍ ഇതൊരു പരിഹാരം ഇല്ലാത്ത അസുഖം അല്ല എന്നും തിരിച്ചറിയണം. സ്വയം നന്നാക്കാനുള്ള നമ്മുടെ തലച്ചോറിന്റെ കഴിവ് ആണ് ഇക്കാര്യത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് ഏറെ സഹായകരമാകുക. കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള തലച്ചോറിൻ്റെ കഴിവ് പരിധിയില്ലാത്തതാണ്. അതിനാല്‍ തന്നെ കുട്ടികളുടെ മൊബൈല്‍ ഉപയോഗം പരമാവധി ഒഴിവാക്കിക്കൊണ്ട് ബൗദ്ധിക കഴിവുകള്‍ വികസിപ്പിക്കുന്ന തരത്തിലുള്ള മറ്റു കളികളിലേക്ക് അവരുടെ ശ്രദ്ധയെ തിരിച്ചു വിടേണ്ടതാണ്. പസിലുകള്‍ പോലെയുള്ള വൈജ്ഞാനിക ശക്തിയെ പരിപോഷിപ്പിക്കുന്ന കളികളും കളിപ്പാട്ടങ്ങളും കുട്ടികള്‍ക്കായി നല്‍കുന്നതുവഴി അവരുടെ തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമാകും. ഒന്നും പെട്ടെന്ന് ഒരു ദിവസം കൊണ്ട് കഴിയുന്നതല്ലെങ്കിലും പതിയെ പതിയെ കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിച്ച്‌ അവരെ നല്ലൊരു സാമൂഹിക ജീവിതത്തിലേക്ക് പറിച്ചു നട്ടാല്‍ നിങ്ങളുടെ കുഞ്ഞിന്റെ മികച്ച ഭാവിക്ക് വേണ്ടി ചെയ്യാൻ കഴിയാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group