ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1

ഈശോയുടെ ദിവ്യഹൃദയത്തെ പ്രത്യേക വിധത്തില്‍ വന്ദിക്കുന്നതിന്‍റെ രഹസ്യം

ദൈവപുത്രനായ മിശിഹാ മനുഷ്യാവതാരം ചെയ്തുവെന്നുള്ളത് സംശയം കൂടാതെ അംഗീകരിക്കേണ്ട ഒരു വിശ്വാസ രഹസ്യമാണ്. അത്ഭുതകരമായ അവിടുത്തെ ഈ പ്രവൃത്തിയാല്‍ ക്രിസ്തുവിന്‍റെ ദിവ്യഹൃദയം ദൈവ സ്വഭാവത്തോടു ഗാഢമായി ചേര്‍ന്നിരിക്കുന്നു. തന്നിമിത്തം ക്രിസ്തുവിന്‍റെ ഹൃദയം ദൈവിക ഹൃദയം തന്നെയാണ്. ക്രിസ്തുനാഥനു രണ്ടുവിധ സ്വഭാവമുണ്ട്. ദൈവസ്വഭാവവും മനുഷ്യസ്വഭാവവും. ഈശോ ദൈവമായിരിക്കയാല്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും സ്വര്‍ഗ്ഗവാസികളും ചെയ്യുന്ന ആരാധനാ സ്തുതിസ്തോത്രങ്ങള്‍ ഭൂമിയില്‍ അനുഷ്ഠിക്കുവാന്‍ മനുഷ്യര്‍ കഷ്ടപ്പെടുന്നുണ്ട്.

ദൈവികവും മാനുഷികവുമായ സ്വഭാവങ്ങള്‍ അങ്ങില്‍ ഒന്നുചേര്‍ന്നിരിക്കയാല്‍ സഹോദരനും സ്നേഹിതനുമായ അവിടുത്തെ സമീപം പ്രതീക്ഷയോടും സ്നേഹത്തോടും കൂടി നാം അടുക്കേണ്ടതാവശ്യമാണ്. ഈ ദിവ്യഹൃദയത്തെ സമീപിക്കുവാനും ദൈവത്തിന്‍റെ ഹൃദയത്തോട് സംഭാഷണം നടത്താനുമായി നാം സമീപിച്ചിരുന്നെങ്കില്‍ എത്രമാത്രം ഭയഭക്തി ബഹുമാനാദരവുകള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു.

ഈ ദിവ്യഹൃദയത്തില്‍ സകല നിക്ഷേപങ്ങളും ദൈവത്വത്തിന്‍റെ പൂര്‍ണ്ണതയും സമഗ്രമായി അടങ്ങിയിരിക്കുന്നു. ഇതിനാല്‍ ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ ആരാധിക്കുന്നത് അത്യന്തം ഉചിതമായിരിക്കുന്നു. നമുക്കാവശ്യമായതും നാം ആഗ്രഹിക്കുന്നതുമായ സകല നന്മകളും ഈ ദിവ്യഹൃദയത്തിന്‍റെ അനുഗ്രഹം നിറഞ്ഞ സന്നിധിയില്‍ ബോധിപ്പിക്കാവുന്നതാണ്‌. മാനസികമായ വേദനകളാലും സംശയങ്ങളാലും പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്‍റെ അടുക്കല്‍ വരുവിന്‍” എന്ന്‍ അവിടുത്തെ ദിവ്യഹൃദയം നമ്മോട് പറയുന്നു.

ദാരിദ്ര്യത്താലും നിന്ദാപമാനങ്ങളാലും നാം‍ ഞെരുക്കപ്പെടുന്നുവെങ്കില്‍ ലോകസൗഭാഗ്യവും ബഹുമാനങ്ങളും നിസ്സാരങ്ങളെന്നും നിത്യരക്ഷ പ്രാപിക്കുകയാണ് ഏറ്റവും പ്രധാനമായ കാര്യമെന്നും ഈ ദിവ്യഹൃദയം നമ്മെയും ഗ്രഹിപ്പിക്കും. നമ്മുടെ കുടുംബ ജീവിതത്തില്‍ അസമാധാനവും അസന്തുഷ്ടിയും കലഹവാസനയും കളിയാടുന്നുവെങ്കില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ കാരുണ്യം അപേക്ഷിക്കണം. അപ്പോള്‍ ഈ ദിവ്യഹൃദയത്തിന്‍റെ അനുഗ്രഹം ധാരാളമായി നമ്മുടെ ഭവനങ്ങളില്‍ ഉണ്ടാകും. ഈശോയുടെ ദിവ്യഹൃദയം സകല നിക്ഷേപങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഒരിക്കലും വറ്റാത്ത ഉറവയാണെന്ന ഓര്‍മ്മ നമ്മെ ധൈര്യപ്പെടുത്തുന്നു.

ആകയാല്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ നേരെ ഭക്തിയുള്ള ആത്മാവേ, നിനക്ക് ആവശ്യമായിരിക്കുന്ന എല്ലാ ആദ്ധ്യാത്മികവും ലൗകികവുമായ നന്മകളും ലഭിക്കുന്നതിന് ഈ മാസാരംഭത്തില്‍ തന്നെ ഈശോയുടെ പരിശുദ്ധ ഹൃദയത്തോട് നിത്യകന്യകയും അമലോത്ഭവവുമായ മറിയത്തിന്‍റെ വിമലഹൃദയം വഴിയായി അപേക്ഷിച്ചു സാധിക്കുന്നതിനു ശ്രമിക്കുക. ഈ മാസത്തില്‍ ചെയ്യുന്ന സകല ഭക്തകൃത്യങ്ങളും ആഗ്രഹിക്കുന്നതും അപേക്ഷിക്കുന്നതുമായ കാര്യങ്ങള്‍ ലഭിക്കുന്നതിനായി നിയോഗിക്കുകയും ചെയ്യുന്നു.

ജപം

അനന്തനന്മ സ്വരൂപിയായ സര്‍വ്വേശ്വരാ, ഈശോയുടെ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുകയെന്നും ഈ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്നും വിശുദ്ധ മര്‍ഗ്ഗരീത്തായോട് അങ്ങ് വാഗ്ദാനം ചെയ്തുവല്ലോ. അങ്ങയുടെ അനന്ത പ്രതാപത്തിന്‍ മുമ്പാകെ ഞാന്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നു. എന്‍റെ ജീവിതകാലം മുഴുവനും ഞാന്‍ അങ്ങേ ദിവ്യപുത്രനെ അറിയുന്നതിനും സ്നേഹിക്കുന്നതിനും പ്രത്യേകമായി ഈ മാസത്തില്‍ വിശുദ്ധ മര്‍ഗ്ഗരീത്തായുടെ മാതൃകയെ അനുകരിക്കുന്നതിനും അനുഗ്രഹം ചെയ്തരുളണമേ. എന്‍റെ ദൈവമേ! അങ്ങില്‍ നിന്നു ബഹുമാനം, ഐശ്വര്യം ആദിയായവ ഞാന്‍ ഇച്ഛിക്കുന്നില്ല. അങ്ങയുടെ ദിവ്യനാദം എല്ലാവരും അറിയുന്നതിനും എല്ലായിടത്തും സ്തുതിക്കപ്പെടുന്നതിനും അങ്ങേ ദിവ്യപുത്രനായ ഈശോ ജനഹൃദയങ്ങളില്‍ ഭരണം നടത്തുന്നതിനും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m