ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 27.

ഈശോമിശിഹായുടെ ദിവ്യഹൃദയം നമ്മുടെ ജീവിതകാലത്തില്‍ ആശ്വാസമായിരിക്കുന്നു

ഒരു വിശ്വസ്തനായ സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമെന്നും ഇങ്ങനെ ഒരുത്തനെ കണ്ടെത്തുന്നവന്‍ ഭാഗ്യവാനെന്നും റൂഹാദക്കുദശായായ സര്‍വ്വേശ്വരന്‍ തന്നെ അരുളിച്ചെയ്യുന്നു. ഒരുത്തമ സ്നേഹിതന്‍ തന്‍റെ സഖിയുടെ സകല ഭാഗ്യങ്ങളിലും സന്തോഷിക്കുകയും അവന് നേരിടുന്ന സകല സങ്കടങ്ങളിലും പീഡകളിലും അവനെപ്പോലെതന്നെ ഖേദിക്കുകയും അവനെ സകല ഞെരുക്കങ്ങളിലും ആശ്വസിപ്പിക്കുകയും ചെയ്യുന്നു എന്നു തന്നെയല്ല; തന്‍റെ സ്നേഹിതന് ഏതെല്ലാം വിധത്തിലുള്ള ഭാഗ്യവും നന്മയും ബഹുമതിയും സിദ്ധിപ്പാന്‍ പാടുണ്ടോ ആയത് തനിക്കുതന്നെ ലഭിക്കുന്നതുപോലെ വിചാരിക്കയും അവ അവനു സിദ്ധിക്കുന്നതിനായി പ്രയത്നിക്കയും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരു സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമാണെന്നാണ് വേദാഗമം സാക്ഷിക്കുന്നത്.

നീ ഒരു സ്നേഹിതനെ കണ്ടെത്തിയിരിക്കുന്നു എന്നു വിചാരിക്കുക. ഇയാളുമായുള്ള സ്നേഹബന്ധം പൊട്ടിപ്പോകുന്നതിനു എത്രനേരം വേണ്ടിയിരിക്കുന്നു? ഏറെനാള്‍ ഒരാത്മാവു പോലെ ജീവിച്ചിരുന്നതിന്‍റെ ശേഷം രസിക്കാത്ത ഒരു വചനം. നിസ്സാരമായ സംശയം അല്ലെങ്കില്‍ ഒരു ഉപചാരവചനം പറയുവാന്‍ വിട്ടുപോയ കാരണത്താല്‍ അവര്‍ ഇരുവരും ഒരിക്കലും തമ്മില്‍ യോജിക്കാതെയും മഹാശത്രുക്കളെപ്പോലെയും ആയിത്തീര്‍ന്നതായ സംഭവങ്ങള്‍ ദുര്‍ലഭമെന്നു നീ വിചാരിക്കുന്നുവോ? സ്നേഹബന്ധം തീര്‍ന്നുപോയാല്‍ പിന്നീട് എന്തെല്ലാം പ്രതിവിധി ചെയ്താലും അത് പൂര്‍വ്വസ്ഥിതി പ്രാപിക്കുക അസാദ്ധ്യമായ ഒരു സംഗതിയാണ്. എന്നാല്‍ എല്ലാ പ്രകാരത്തിലും ഒരു ഉത്തമനായ ഒരു സ്നേഹിതനെ കണ്ടെത്തിയെന്ന് നീ വിശ്വസിച്ചാലും. ഈ നിന്‍റെ ഉത്തമസ്നേഹിതന്‍ എപ്പോഴും നിന്‍റെകൂടെ ഉണ്ടായിരിക്കുമോ? എല്ലാവിധത്തിലും നിന്നെ സഹായിപ്പാന്‍ ശക്തനാകുമോ? എല്ലാ നാഴികകളിലും വിനാഴികകളിലും നിന്‍റെ ദുഃഖങ്ങളെയും അരിഷ്ടതകളെയും കണ്ടു ഗ്രഹിച്ചു അവയ്ക്കു തക്ക ആശ്വാസം വരുത്തുവാനും ഗുണദോഷങ്ങള്‍ പറഞ്ഞു തരുവാനും സാദ്ധ്യമാകുമോ? നീ എന്തു പറയുന്നു?

എത്ര ഉത്തമനായ സ്നേഹിതനെ നീ കണ്ടുപിടിച്ചാലും ഇഹലോക സ്നേഹബന്ധം ഒരാളുടെ മരണത്തോടെ അവസാനിക്കുന്നു. പിന്നീടു നീ ഇപ്രകാരം എത്ര സ്നേഹിതരെ നേടിയാലും ഇതുപോലെതന്നെ അവസാനിക്കുകയും ചെയ്യും. എന്നുതന്നെയുമല്ല; ഇഹലോക സ്നേഹം കാലംകൊണ്ടു തീര്‍ന്നുപോകുന്നു. മനുഷ്യനില്‍ ശരണപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു ഇന്നു വേദാഗമ വാക്യവും നീ ഓര്‍ത്തു കൊള്ളുക. എന്നാല്‍ മിശിഹായുടെ ദിവ്യഹൃദയത്തെ സ്നേഹിച്ച് നിന്‍റെ ഉത്തമ സുഹൃത്തായി തെരഞ്ഞെടുത്താല്‍ ഒരിക്കലും നിനക്കിപ്രകാരം സംഭവിക്കുന്നതല്ല. ഈശോയെ ഏതെല്ലാം പ്രകാരത്തില്‍ ഉപദ്രവിച്ചാലും നീ മനസ്താപപ്പെടുന്നുവെങ്കില്‍ മിശിഹായുടെ ദിവ്യഹൃദയം നിന്‍റെ പാപങ്ങളെ ഒരിക്കലും ഓര്‍മ്മിക്കുന്നതല്ല. അവിടുന്ന്‍ സര്‍വ്വശക്തനും സകല‍ നന്മസ്വരൂപിയുമായിരിക്കുന്നതിനാല്‍ നിന്നെ എല്ലാ പ്രകാരത്തിലും സഹായിപ്പാനും നിനക്കു സകല നന്മകളും ചെയ്യാനും സന്നദ്ധനായിരിക്കുന്നു. മനുഷ്യപുത്രരോടുകൂടെ ഇടവിടാതെ ലോകാവസാനം വരെ ഉണ്ടായിരിക്കുമെന്ന് അരുളിച്ചെയ്തിരിക്കയില്‍ ഈശോ എല്ലാ നാഴികകളിലും വിനാഴികകളിലും നിന്നെ സഹായിക്കുകയും നിന്നെ ഒരു ഉത്തമ സ്നേഹിതനെപ്പോലെ സ്നേഹിക്കുകയും ചെയ്യുന്നു. എപ്പോള്‍ നീ ദിവ്യസ്നേഹിതനെ ഉപേക്ഷിക്കുമോ ആ വിനാഴികയില്‍ മാത്രമേ അവിടുന്നു നിന്‍റെ സ്നേഹബന്ധത്തില്‍ നിന്നു പിരിയുകയുള്ളൂ. നിന്നില്‍ നിന്നു പിരിഞ്ഞാലും നിനക്കു നന്മ ചെയ്യുന്നതിനും നിന്‍റെ സ്നേഹബന്ധത്തിലേക്ക് വരുന്നതിനും ഇടവിടാതെ ആഗ്രഹിക്കുക. നിന്‍റെ ഹൃദയത്തിന്‍റെ വാതുക്കല്‍ മുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

അതിനാല്‍ എന്‍റെ ആത്മാവേ! നിന്നെ ഇടവിടാതെ സഹായിപ്പാനും നിന്‍റെ സകല പ്രയാസങ്ങളിലും പീഡകളിലും നീ ആശ്വാസം കണ്ടെത്തുവാനും നിന്‍റെ ജീവിതത്തില്‍ നേരിടുവാന്‍ പാടുള്ള സകല അപകടങ്ങളില്‍ നിനും ജയം പ്രാപിപ്പാനും വേണ്ടി നിന്‍റെ ഉത്തമ സ്നേഹിതനും ആശ്രയവും ശരണവും സമസ്തവുമായ ഈശോയുടെ ആരാധനയ്ക്കു പാത്രമായ ദിവ്യഹൃദയത്തെ നീ സ്വീകരിക്കുക. അപ്പോള്‍ ഈ ദിവ്യഹൃദയം ഈ ജീവിതകാലത്തില്‍ നിനക്ക് ആശ്വാസം നല്‍കും.

ജപം

കൃപനിറഞ്ഞ ഈശോയെ! സകല സ്നേഹിതന്മാരിലും വച്ച് ഉത്തമ സ്നേഹിതാ! സര്‍വ്വനന്മകളുടെയും സമാധാനത്തിന്‍റെയും ഇരിപ്പിടമേ! കണ്ണുനീരുകളുടെ സ്ഥലമായിരിക്കുന്ന ഈ ലോകത്തില്‍ മനുഷ്യര്‍ക്കുള്ള ഏക സങ്കേതമേ! പരീക്ഷകളിലും ഞെരുക്കങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നവരുടെ ആശ്വാസമേ! സകല ജനങ്ങളുടെയും പിതാവേ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടു കൂടെ സ്നേഹിക്കുന്നു. ഹാ! എന്‍റെ കര്‍ത്താവേ!ഇന്നാള്‍വരെയും എന്‍റെ ആശ്വാസവും സ്നേഹവും ലോകസ്നേഹിതന്‍മാരിലും സൃഷ്ടികളിലും ഞാന്‍ വച്ചുപോയി എന്നതു വാസ്തവം തന്നെ. കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഇനിമേലില്‍ എന്‍റെ സ്നേഹം മുഴുവനും എന്‍റെ ആശ്വാസവും ശരണവും അങ്ങേ പരിശുദ്ധ ഹൃദയത്തിലായിരിക്കുവാന്‍ അങ്ങുതന്നെ എനിക്ക് കൃപ ചെയ്തരുളണമേ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m