രാജ്യത്ത് ഒരാള്‍ക്ക് കൂടി ജെഎന്‍.1; ഗോവയില്‍ 21 കേസുകള്‍, കേരളത്തില്‍ ഒരെണ്ണം

കൊറോണയുടെ ഉപവകഭേദമായ ജെഎന്‍. 1 വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ജെഎന്‍1 കേസുകള്‍ 22 ആയി. ഗോവയില്‍ 21 കേസുകളും കേരളത്തില്‍ ഒരെണ്ണവുമാണ് ഇതുവരെ രേഖപ്പെടുത്തിയത്.

രോഗികള്‍ വീട്ടിലിരുന്ന് തന്നെ ചികിത്സ സ്വീകരിച്ചതിനാല്‍ കൊറോണ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടില്ലെന്നും രോഗ ബാധിതരായവര്‍ സുഖം പ്രാപിച്ച്‌ വരുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍‌ അറിയിച്ചു. പനിയില്ലാത്ത തൊണ്ടവേദന, വരണ്ട ചുമ തുടങ്ങിയവയാണ് ജെഎന്‍.1 ബാധിതരുടെ പൊതുവായ രോഗലക്ഷണം. പ്രതിരോധശേഷി കുറയ്‌ക്കുന്ന, അതിവേഗ വ്യാപനശേഷിയുമുള്ള വൈറസാണിത്. യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ പെട്ടെന്ന് വര്‍ദ്ധിക്കുകയും ചെയ്ത വകഭേദം കൂടിയാണ്. എന്നാല്‍ പുതിയ കൊറോണ കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. വിദേശത്ത് നിന്നെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡിസംബര്‍ 8-നായിരുന്നു കേരളത്തില്‍ ആദ്യമായി ജെഎന്‍.1 സ്ഥിരീകരിച്ചത്. 79-കാരിയായ വയോധികയ്‌ക്കായിരുന്നു രോഗം. നേരിയ തോതില്‍ ഇവര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ ഇവര്‍ സുഖം പ്രാപിച്ചിരിക്കുകയാണ്. സംശയത്തെ തുടര്‍ന്ന് 253 സാമ്ബിളുകളാണ് ഡിസംബറില്‍‌ പരിശോധിച്ചത്. രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും 92 ശതമാനം രോഗബാധിതരും വീട്ടില്‍ കഴിയുന്നതിനാല്‍ ആശങ്കയ്‌ക്ക് ഇടയില്ല. ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group