മംഗളൂരുവില്‍ 40 വർഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ പ്രാർത്ഥനാലയം തകര്‍ത്തു.

40 വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനാ ഹാള്‍ അജ്ഞാതര്‍ തകര്‍ത്തു. പന്‍ജിമൊഗാരുവിലെ ഉരുഡാഡി ഗുഡെയില്‍ പ്രദേശവാസികള്‍ രൂപം നല്‍കിയിരിക്കുന്ന സെന്റ്‌ ആന്റണി ബില്‍ഡിംഗ്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള 585 ചതുരശ്രയടി സ്ഥലത്ത് നിര്‍മ്മിച്ചിരുന്ന പ്രാര്‍ത്ഥനാലയമാണ് ഇക്കഴിഞ്ഞ ദിവസം തകർത്തത്.

ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും തീവ്ര ഹിന്ദുത്വവാദികളാണോയെന്ന സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വര്‍ഷങ്ങളായി തങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥനാ മന്ദിരം തകര്‍ത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.വി രാജേന്ദ്ര സംഭവത്തേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സെന്റ്‌ ആന്റണി ബില്‍ഡിംഗ്‌ കമ്മിറ്റിയും വിമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റും തമ്മില്‍ പ്രാര്‍ത്ഥനാ ഹാള്‍ നിലനിന്നിരുന്ന സ്ഥലം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. തര്‍ക്കവിഷയമായ സ്ഥലത്തെ നിര്‍മ്മിതികളൊന്നും നിയമനടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ തകര്‍ക്കരുതെന്ന് ഫോര്‍ത്ത് അഡീഷണല്‍ ജഡ്ജും, ജെ.എം.എഫ്.സി കോടതി ഇക്കഴിഞ്ഞ ജനുവരി 28-ന് വിധിക്കുകയും ചെയ്തിരുന്നതാണ്. ഫെബ്രുവരി 14-ന് ഈ കേസ് വീണ്ടും പരിഗണിക്കുവാനിരിക്കെയാണ് ആരാധനാലയം തകര്‍ക്കപ്പെട്ടത്. അജ്ഞാതരായ ചില വ്യക്തികള്‍ പ്രാര്‍ത്ഥനാ ഹാള്‍ പരിസരത്തെ മരങ്ങള്‍ വെട്ടിയെന്നും, അതിന് ശേഷമായിരിക്കാം പ്രാര്‍ത്ഥനാ ഹാള്‍ തകര്‍ത്തതെന്നുമാണ് അധികൃതര്‍ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group