സാവോ പോളോ: അനാവശ്യ വിവാദങ്ങളെയും കോടതി വ്യവഹാരങ്ങളെയും അതിജീവിച്ച് പരിശുദ്ധ ദൈവമാതാവിന്റെ 164 അടി ഉയരമുള്ള തിരുരൂപം ബ്രസീലിൽ യാഥാർത്ഥ്യമാകും ! തിരുരൂപം സ്ഥാപിക്കുന്നതിന് എതിരെ നിരീശ്വരവാദികളുടെ സംഘടന സമർപ്പിച്ച ഹർജി ബ്രസീലിലെ അപ്പീൽ കോടതി തള്ളിക്കളഞ്ഞ സാഹചര്യത്തിൽ, പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പദ്ധതി പുനരാരംഭിക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസീസമൂഹം. ബ്രസീലിലെ ‘വിമോചകനായ ക്രിസ്തു’വിന്റെ തിരുരൂപത്തേക്കാൾ ഉയരത്തിലാണ് (125 അടി) ബ്രസീലിന്റെ മധ്യസ്ഥയായ ‘ഔവർ ലേഡി ഓഫ് അപ്പാരെസിഡ’യുടെ തിരുരൂപം ഒരുങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ബ്രസീലിലെ ഏറ്റവും വലിയ തിരുരൂപമായി ഇത് മാറും.
ബ്രസീലിലെ വിഖ്യാത കലാകാരൻ ഗിൽമർ പിന്നയാണ് പദ്ധതിയുടെ സൂത്രധാരൻ. പരിശുദ്ധ അമ്മയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് ഉപകാരസ്മരണയായി 40 വർഷംമുമ്പ് നടത്തിയ വാഗ്ദാനമാണ് പ്രസ്തുത തിരുരൂപം. 1717ൽ അപ്പാരെസിഡ മാതാവിന്റെ തിരുരൂപം നദിയിൽനിന്ന് മത്‌സ്യത്തൊഴിലാളികൾ കണ്ടെത്തിയതിന്റെ 300-ാം പിറന്നാൾ ആഘോഷിച്ച 2017ലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. സ്റ്റൈയിൻലസ് സ്റ്റീൽ ഉപയോഗിച്ച്, കൂട്ടിച്ചേർക്കാവുന്ന നിരവധി ഭാഗങ്ങളായാണ് തിരുരൂപം ഒരുക്കിയത്. എന്നാൽ, പൊതുജനത്തിന്റെ പണം ഉപയോഗിക്കുന്നു എന്ന ആരോപണം ഉയർത്തി നിരീശ്വരവാദികളുടെ സംഘടന കോടതിയെ സമീപിച്ചതോടെ 2019ൽ പദ്ധതി തടയപ്പെട്ടു.
പൊതു ഫണ്ട് ഉപയോഗിച്ച് മതസ്മാരകങ്ങൾ നിർമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കേസ് ഫയൽ ചെയ്തത്. എന്നാൽ, പൊതുപണം ഇതിനായി വിനിയോഗിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, തിരുരൂപം സ്ഥാപിക്കാനുള്ള സ്ഥലം ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സംഭാവന ചെയ്യപ്പെട്ടതാണെന്ന് ശിൽപ്പികൂടിയായ ഗിൽമർ പിന്ന, ഓൺലൈൻ മാധ്യമമായ ‘ക്രക്‌സി’ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
എന്തായാലും കോടതിയുടെ അനുകൂല വിധിയോടെ പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. പദ്ധതി പൂർത്തിയാകാൻ ഇനിയും പണം ആവശ്യമാണെങ്കിലും അതെല്ലാം സമാഹരിക്കാനാകുമെന്നും അവർ പ്രത്യാശിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group