Movie Review – The Innocents (2016)

സിനിമയുടെ വിശദാംശങ്ങൾപേര്  : The Innocents             (ദി ഇന്നസെന്റ്സ്)വർഷം : 2016ഭാഷ : ഫ്രഞ്ച്.സംവിധാനം : Anne Fontaine .

ഭയവും വേദനയും അപമാനവും കടിച്ചമർത്തി ഒരു കോൺവെന്റിന്റെ ചുമരുകൾക്കുള്ളിൽ കഴിയേണ്ടി വരുന്ന കന്യാസ്ത്രീകളുടെ പൊള്ളിക്കുന്ന അനുഭവമാണ് 2016ൽ പുറത്തിറങ്ങിയ “ദി ഇന്നസെന്റ്സ്” എന്ന ഫ്രഞ്ച് ചിത്രം അവതരിപ്പിക്കുന്നത്. യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണീ  സിനിമ.


രണ്ടാം ലോകമഹായുദ്ധാനന്തര പോളണ്ടാണ് പശ്ചാത്തലം. കൃത്യമായി പറഞ്ഞാൽ 1945 ഡിസംബർ മാസം. നാസികളുടെ അധിനിവേശവും റഷ്യക്കാരുടെ പിടിച്ചെടുക്കലിനും വിധേയമായ മണ്ണ്. യുദ്ധം സമ്മാനിച്ച കറുത്ത മുറിവുകൾ ഉണങ്ങിവരുന്നതേയുള്ളൂ. അതിന്റെ അനന്തരഫലങ്ങൾ മുളച്ച് രൂപം പ്രാപിച്ചു കഴിഞ്ഞു!അപ്രതീക്ഷിതമായാണ് ഫ്രഞ്ച് റെഡ് ക്രോസിലെ യുവ ഡോക്ടർ മെറ്റിൽഡ ആ കോൺവെൻറിലെത്തിച്ചേരുന്നത്. ഒരു കന്യാസ്ത്രീയുടെ രോഗം ചികിത്സിക്കാനായി എത്തിയ മെറ്റിൽഡ കണ്ടെത്തിയത് ആ മഠത്തിലെ ദാരുണമായ ചില അവസ്ഥകളായിരുന്നു. കന്യാസ്ത്രീകളിൽ ഭൂരിഭാഗവും ഗർഭിണികൾ…!! അതിൽ തന്നെ ചിലരൊക്കെ ഉടൻ പ്രസവിക്കാനും സാദ്ധ്യതയുണ്ട്. ചിലപ്പോൾ ഒരു ദിവസം തന്നെ ഒന്നിലേറെ പ്രസവങ്ങളും ഉണ്ടാകാം…!പിതാവായ ദൈവത്തിൽ മാത്രം വിശ്വാസമർപ്പിച്ച്, അവിടുത്തെ കൃപയിൽ പ്രതീക്ഷയർപ്പിച്ച്, ജപമാലകളുമായി ദൈവിക കടാക്ഷത്തിനായി അവിടുത്തെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കാനല്ലാതെ ആ പാവങ്ങൾ എന്തു ചെയ്യാൻ….! 


ആദ്യം അധിനിവേശത്തിനെത്തിയ ജർമൻകാരും പിന്നീട് അവരെ തുരത്താനെത്തിയ റഷ്യക്കാരും സമ്മാനിച്ചതാണീ സ്നേഹം. കോൺവെൻറിലെ ചുമതലക്കാരിയായ മദറിനെപ്പോലും വെറുതെ വിട്ടില്ല, രക്ഷകരായെത്തിയ റഷ്യൻ സൈന്യം. കാമവെറിയന്മാരുടെ നിരന്തരമായ  ചൂഷണത്തിനു ശേഷം ‘സിഫിലിസ്’ പോലുള്ള ഗുരുതരമായ രോഗങ്ങളും അവർ ഇവർക്ക് നൽകിയിരുന്നു. മുറിവുകളുണക്കാനോ മരുന്ന് കഴിക്കാനോ  പോലും കഴിയാതെ പ്രാർത്ഥനയിലും ദൈവിക കടാക്ഷത്തിലും മാത്രം വിശ്വസിച്ച് പ്രതീക്ഷയോടെ അവർ കഴിയുന്നു.    ജർമ്മൻ പട്ടാളക്കരുടെയും പിന്നീട് റഷ്യൻ പട്ടാളക്കാരുടെയും നിരന്തരമായ ക്രൂര ബലാത്സംഗം അവരെ മാനസികമായും ശാരീരികമായും തളർത്തിയിരിക്കുന്നു. പിതാവായ ദൈവം അവരെ ഈ പ്രതിസന്ധിയിൽ നിന്നും കരകയറ്റുമെന്ന പ്രതീക്ഷയാണ് അവരെ മുന്നോട്ട് ജീവിക്കാൻ നയിക്കുന്ന ഒരേയൊരു ഘടകം. 


മനസ്സിൽ ഏറെ നൊമ്പരമുണർത്തുന്ന രംഗങ്ങളാണ് ഈ ചിത്രം പകർന്നു തരുന്നത്. നിഷ്ക്കളങ്കരും കരുണാമൂർത്തികളുമായ ആ കന്യാസ്ത്രീകളുടെ ഇനിയുള്ള ജീവിതം എങ്ങനെ ? അവർ പ്രസവിക്കുന്ന കുട്ടികളെ എന്തുചെയ്യും?  സമൂഹമോ, അവരുടെ ബന്ധുക്കളോ, സഭയോ  ഇക്കാര്യങ്ങൾ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും? ദൈവദൂതയെപ്പോലെ ഇവരുടെ ഇടയിലേക്ക് എത്തപ്പെട്ട ഡോക്ടർ മെറ്റിൽഡയ്ക്ക് അവരെ ഈ പ്രതിസന്ധികളിൽനിന്നും രക്ഷിക്കാനാവുമോ?ആകാംക്ഷഭരിതമായ ഈ ചോദ്യങ്ങക്കെല്ലാമുള്ള ഉത്തരം കിട്ടണമെങ്കിൽ സിനിമ കണ്ടുതന്നെ മനസിലാക്കണം. അതിനായി നിങ്ങൾ ചെലവിടുന്ന സമയം ഒരിക്കലും നഷ്ടമല്ല മറിച്ച് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് തീർച്ചയായും അവകാശപ്പെടാം.
ഇത് പ്രതീക്ഷകൾ ഉണർത്തുന്ന ഒരു ചിത്രമാണ്. ഒരു വാതിൽ നമുക്കായി നാളെ തുറക്കും എന്ന ഒരു പ്രതീക്ഷ. സ്വന്തം തെറ്റുകൊണ്ടാല്ലാതെ മറ്റുള്ളവരുടെ അടിച്ചേൽപ്പിക്കലാൽ ദുരിതം അനുഭവിക്കേണ്ടി വരുന്ന ഒരു പറ്റം മനുഷ്യ ജീവനുകൾ. ഈ കന്യാസ്ത്രീകൾ യുദ്ധത്തിന്റെ ഇരകളാണ്. ഇവരിൽ ഭൂരിഭാഗവും തങ്ങളുടെ അവസ്ഥകളോട് പോരുത്തപ്പെട്ട് സ്വന്തം ദേഹം രോഗാവസ്ഥയിൽ പോലും അന്യരെ കാണിക്കാൻ വിമുഖത കാട്ടേണ്ടി വരുന്നു.യുദ്ധം സ്ത്രീകളെയും കുഞ്ഞുങ്ങളെയും എങ്ങിനെ നിരന്തരം ഇരകളായി മാറ്റുന്നു എന്നുതന്നെയാണ് വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടിലൂടെ ദി ഇന്നസെന്റ്സ് എന്ന ചിത്രം നമുക്കു കാട്ടിത്തരുന്നത്.


 കോൺവെന്റിലെ ദയനീയ കാഴ്ചകൾ നിറഞ്ഞ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Anne Fontaine ആണ്. വിവിധ മേളകളിൽ മികച്ച ചിത്രത്തിനും ഛായാഗ്രഹണത്തിനു മുൾപ്പെടെ 12 നോമിനേഷനുകളും 3 പുരസ്കാരങ്ങളും 2016ൽ പുറത്ത് വന്ന ഈ ഫ്രഞ്ച് ചിത്രം നേടുകയുണ്ടായി.


NB : ഫ്രഞ്ച്  ഭാഷയിൽ പുറത്തിറങ്ങിയ സിനിമയായതിനാൽ, ഭാഷാ തടസ്സം നേരിടുന്നവർക്ക് അല്ലെങ്കിൽ സിനിമ കണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക്, ഈ സിനിമയുടെ മലയാളം സബ്ടൈറ്റിൽ ഇന്റെർനെറ്റിൽ ലഭ്യമാണ്.


✍???????????????????????????????? ???????????????????????? ????????????????????????’???? ©