മുംബൈ: മഹാരാഷ്‌ട്രയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ പാതയായ കൊളാബ- ബാന്ദ്ര- സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
മുംബൈയിലെ മറ്റ് വികസന പദ്ധതികള്‍ക്കും ഭൂമി പൂജകള്‍ക്കും അദ്ദേഹം ഇന്ന് തുടക്കം കുറിക്കുമെന്നും പിഎംഒ അറിയിച്ചു. ആരെ ജെവിഎല്‍ആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിലായി വരുന്ന മുംബൈ മെട്രോ ലൈൻ 3-ന്റെ 12.69 കിലോമീറ്റർ ദൂരം ഭാഗികമായി തുറക്കും.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്ണൻ, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാല്‍, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ലൈൻ 3 ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ബികെസി മെട്രോ സ്റ്റേഷനില്‍ എത്തുകയും, ഇവിടെ നിന്ന് സാന്താക്രൂസ് മെട്രോ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുകയും ചെയ്യും. യാത്രയ്‌ക്കിടെ, അദ്ദേഹം ലാഡ്കി ബഹിൻ ഗുണഭോക്താക്കള്‍, വിദ്യാർത്ഥികള്‍, ട്രെയിനിലെ തൊഴിലാളികള്‍ എന്നിവരുമായും സംവദിക്കും.
“ശനിയാഴ്ച മുംബൈക്കാർക്ക് സുപ്രധാന ദിനമാണ്! ബഹുമാനപ്പെട്ട പ്രധാനമന്ത്രി മെട്രോ ലൈൻ 3 ഉദ്ഘാടനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ നാഴികക്കല്ല് തടസങ്ങളില്ലാത്ത യാത്രയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നു. ദൈനംദിന യാത്രകള്‍ എളുപ്പവും കാര്യക്ഷമമാക്കുകയും ചെയ്യുന്നു.”- എംഎംആർസി മാനേജിംഗ് ഡയറക്ടർ അശ്വിനി ഭിഡെ പറഞ്ഞു.
ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർദ്ധിപ്പിക്കാൻ രൂപകല്‍പ്പന ചെയ്ത മെട്രോ കണക്റ്റ് 3 എന്ന മൊബൈല്‍ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. മുംബൈയിലെ ഭൂഗർഭ മെട്രോയുടെ യാത്ര വിവരിക്കുന്ന കോഫി ടേബിള്‍ ബുക്കിന്റെ അനാച്ഛാദനവും, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവിന്റെ വിതരണവും പരിപാടിയില്‍ നടക്കുമെന്നും പിഎംഒ വ്യക്തമാക്കി.
കൂടാതെ, അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴില്‍ 1,920 കോടി രൂപയുടെ 7,500-ലധികം പദ്ധതികള്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും. പ്രാഥമിക സംസ്‌കരണ യൂണിറ്റുകള്‍, വെയർഹൗസുകള്‍, സോർട്ടിംഗ്, ഗ്രേഡിംഗ് യൂണിറ്റുകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m