കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ജൂനിയര്‍ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് രാജ്യവ്യാപക പണിമുടക്കുമായി ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ഫോര്‍ഡ).
കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ആണ് പിജി ട്രെയിനി ഡോക്ടര്‍ ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിലെ കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കണം എന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബംഗാളിലെ റസിഡന്റ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലാണ്. ഡല്‍ഹിയിലെ എല്ലാ 10 സര്‍ക്കാര്‍ ആശുപത്രികളുടെയും റസിഡന്റ് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ പണിമുടക്കിലാണ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലെ റസിഡന്റ് ഡോക്ടര്‍മാരും പണിമുടക്കിലാണ്.
മറ്റെല്ലാ സംസ്ഥാന ആര്‍ഡിഎകളും ഇന്ന് പണിമുടക്കിന്റെ ഭാഗമാകും എന്ന് ഫോര്‍ഡ ഇന്ത്യ സെക്രട്ടറി ഡോ മീറ്റ് ഗോനിയ പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പിജിടി വനിതാ ഡോക്ടറുടെ അര്‍ദ്ധ നഗ്‌ന മൃതദേഹം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയില്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.
ശരീരത്തില്‍ ഒന്നിലധികം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് മുമ്ബ് ലൈംഗിക പീഡനം നടന്നതായി സൂചിപ്പിച്ചിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം വനിതാ ഡോക്ടര്‍ ഹാളിലേക്ക് വിശ്രമിക്കാന്‍ പോയതായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് ബലാത്സംഗവും കൊലപാതകവും നടന്നത്.
പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തസ്രാവമുണ്ടായിരുന്നു എന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കാല്‍, കഴുത്ത്, കൈ, ചുണ്ടുകള്‍ തുടങ്ങി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് വെല്‍ഫെയര്‍ ബോര്‍ഡിലെ സിവിക് വളന്റിയര്‍ എന്ന നിലയില്‍ ആശുപത്രിയിലെ നിരവധി ഡിപ്പാര്‍ട്ട്മെന്റുകളില്‍ ആക്‌സസ് ഉള്ള വ്യക്തിയാണ് ഇയാള്‍.
റോയിയുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ കുറ്റകൃത്യം ചെയ്തതിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തി ഉറങ്ങിയിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിന്നീട് തെളിവ് നശിപ്പിക്കാന്‍ വസ്ത്രങ്ങള്‍ അലക്കി. ഇയാളുടെ ചെരുപ്പില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു.
ഡോക്ടറെ ആദ്യം കൊലപ്പെടുത്തുകയും പിന്നീട് ബലാത്സംഗം ചെയ്യുകയും ചെയ്തതിനുള്ള സാധ്യത സൂചിപ്പിക്കുന്ന സാഹചര്യ തെളിവുകളും ഉണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ അത്യാഹിത വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി.
കേസന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെ നിയമിക്കണം എന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം സംഭവദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാരെയും ഒരു ഹൗസ് സ്റ്റാഫിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group