എൻ.സി.ഇ.എസ്.എസ് പഠനം; കോഴിക്കോട് ജില്ലയിൽ 71 ഇടങ്ങൾ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശം

കോഴിക്കോട്: ജില്ലയിലെ 21 വില്ലേജുകളില്‍പെട്ട 71 പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതെന്ന് പഠനം.

ഭൂമിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രശ്നങ്ങള്‍ സമഗ്രതയോടെ പഠിക്കുന്ന ഗവേഷണ സ്ഥാപനം നാഷനല്‍ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്) നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മണ്ണിലെ വിള്ളല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കിണറുകള്‍ താഴ്ന്നുപോകല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ വർധിച്ചതോടെയായിരുന്നു 2019ല്‍ ഇത്തരമൊരു പഠനം നടത്തിയത്. വിവിധ പ്രദേശങ്ങള്‍ സന്ദർശിച്ചും ശാസ്ത്രീയ പരിശോധന നടത്തിയും തയാറാക്കിയ റിപ്പോർട്ട് സർക്കാറിന്റെയും ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും പക്കലുണ്ടെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.

കോഴിക്കോട് താലൂക്കിലെ മൂന്ന് വില്ലേജുകളിലെ എട്ടും, കൊയിലാണ്ടി താലൂക്കിലെ മൂന്ന് വില്ലേജിലെ മൂന്നും, താമരശ്ശേരി താലൂക്കിലെ ഒമ്പത് വില്ലേജിലെ 31ഉം വടകര താലൂക്കിലെ ഒമ്ബത് വില്ലേജിലെ 29 ഉം പ്രദേശങ്ങളാണ് ഉയർന്ന, താഴ്ന്ന, മിത സാധ്യതകളുള്ള ദുരന്ത ഭൂമികളായേക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജില്ലയില്‍ ക്വാറികളും ക്രഷറുകളും കൂടുതലായി പ്രവർത്തിക്കുന്നത് അപകട സാധ്യത ചൂണ്ടിക്കാണിക്കപ്പെട്ട മേഖലകളിലാണ് എന്നതാണ് വിചിത്രം. എൻ.സി.ഇ.എസ്.എസിന്റെ പഠന റിപ്പോർട്ട് പുറത്തുവന്നശേഷവും അപകട സാധ്യതയുള്ള മേഖലകളില്‍ ക്വാറി, ക്രഷർ യൂനിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ അനുവദിച്ചിട്ടുണ്ട്. 22 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള മലകള്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതാണെന്നാണ് റവന്യു വിഭാഗത്തിന്റെ വിലയിരുത്തലെങ്കില്‍, എൻ.സി.ഇ.എസ്.എസ് സ്പോട്ട് ചെയ്ത പ്രദേശങ്ങള്‍ പലതും 72 ഡിഗ്രിവരെ ചെങ്കുത്തായ പ്രദേശങ്ങളാണ്. നേരത്തെ പല തവണ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി, സോയില്‍ പൈപ്പിങ് പ്രതിഭാസമുണ്ടായി, ഭൂമിക്ക് വിള്ളലുണ്ടായി, മഴവെള്ളം തടാകം പോലെ കെട്ടിനില്‍ക്കുന്നു എന്നതടക്കമുള്ളവ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളും സാധ്യതപട്ടികയിലുള്‍പ്പെടും. ഉരുള്‍പൊട്ടാൻ സാധ്യതയുണ്ടെന്ന് എൻ.സി.ഇ.എസ്.എസ് പറഞ്ഞ മേഖലകളില്‍ ക്വാറികളും ക്രഷറുകളും അനുവദിച്ചത് വലിയ അനാസ്ഥയാണെന്നും ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സർക്കാർ പുനരാലോചന നടത്തണമെന്നും, ഇവിടങ്ങളിലെ റിസോർട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകൻ ബാലകൃഷ്ണൻ തോട്ടുമുക്കം ആവശ്യപ്പെട്ടു.

ജൂലൈ 29ന് അർധരാത്രി വിലങ്ങാട് ഒരാള്‍ മരിക്കുകയും അമ്പതുകോടിയില്‍ പരം രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്ത അടിച്ചിപാറ മഞ്ഞച്ചീലി, മലയങ്ങാട്, പാനോം ഭാഗങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതാണെന്ന് എൻ.സി.ഇ.എസ്.എസിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടി നൂറുകണക്കിനാളുകള്‍ മരിക്കുകയും പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവുകയും ചെയ്തതോടെ എൻ.സി.ഇ.എസ്.എസ് റിപ്പോർട്ട് ജില്ലയില്‍ ചർച്ചയായിട്ടുണ്ട്.

സാധ്യതാ പ്രദേശങ്ങള്‍ താമരശ്ശേരി താലൂക്ക്

കോടഞ്ചേരി വില്ലേജിലെ ചിപ്പിലിത്തോട്, വെണ്ടക്കുപൊയില്‍, നൂറാംതോട്, മരുതിലാവ്, കാന്തലാട്ടെ 25ാം മൈല്‍, 26ാം മൈല്‍, ചീടിക്കുഴി, കരിമ്ബൊയില്‍, മങ്കയം, കട്ടിപ്പാറയിലെ അമരാട്, ചമല്‍, കരിഞ്ചോലമല, മാവുവിലപൊയില്‍, കൂടരഞ്ഞിയിലെ പുന്നക്കടവ്, ഉദയഗിരി, പനക്കച്ചാല്‍, കൂമ്ബാറ, ആനയോട്, കക്കാടംപൊയില്‍, കല്‍പിനി, തിരുവമ്ബാടിയിലെ ആനക്കാംപൊയില്‍, മുത്തപ്പൻപുഴ, കരിമ്ബ്, പുതുപ്പാടിയിലെ കണ്ണപ്പൻകുണ്ട്, മണല്‍ വയല്‍, കാക്കവയല്‍, പനങ്ങാട്ടെ വാഴോറമല, കൂടത്തായിയിലെ തേവർമല, കാനങ്ങോട്ടുമല, ശിവപുരത്തെ തേനാകുഴി.

വടകര താലൂക്ക്

കാവിലുംപാറ വില്ലേജിലെ ചൂരാനി, പൊയിലാംചാല്‍, കരിങ്ങാടുമല, വട്ടിപ്പന, കോട്ടപ്പടി, മുത്തുപ്ലാവ്, മരുതോങ്കരയിലെ പൂഴിത്തോട്, പശുക്കടവ്, തോട്ടക്കാട്, കായക്കൊടിയിലെ പാലോളി, മുത്തശ്ശിക്കോട്ട, ചെക്യാട്ടെ കാഞ്ഞിരത്തിങ്ങല്‍, കോരനമ്മല്‍ ഒഞ്ചിയത്തെ മാവിലാകുന്ന്, തിനൂരിലെ കരിപ്പകമ്മായി, പറവട്ടം, വാളൂക്ക്, വായാട്, വളയത്തെ ആയോട്മല, വാണിമേലിലെ ചിറ്റാരിമല, വിലങ്ങാട്ടെ ആലിമൂല, അടിച്ചിപാറ, അടുപ്പില്‍ കോളനി, മാടഞ്ചേരി, മലയങ്ങാട്, പാനോം, ഉടുമ്ബിറങ്ങിമല.

കോഴിക്കോട് താലൂക്ക്

കൊടിയത്തൂർ വില്ലേജിലെ ചീരൻകുന്ന്, മാങ്കുഴിപാലം, മൈസൂർ മല, കുമാരനല്ലൂരിലെ കൊളക്കാടൻ മല, ഊരാളിക്കുന്ന്, പൈക്കാടൻ മല, തോട്ടക്കാട്, മടവൂരിലെ പാലോറമല.

കൊയിലാണ്ടി താലൂക്ക്

ചക്കിട്ടപ്പാറ വില്ലേജിലെ താമ്ബാറ, കൂരാച്ചുണ്ടിലെ കൂരാച്ചുണ്ട്, നടുവണ്ണൂരിലെ വാകയാട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m