തലച്ചോറിന്റെ ആരോഗ്യത്തിനും ചെറുപ്പത്തിനും ന്യൂറോബിക് വ്യായാമങ്ങള്‍; തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിന് ചെയ്യാം ഈ വ്യായാമങ്ങള്‍

തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളാണ് ന്യൂറോബിക്. ഫിറ്റ്നസ്സ് നിലനിര്‍ത്താനും ആരോഗ്യത്തിനും വേണ്ടി ഉള്ള വ്യായാമങ്ങളെപ്പോലെ തന്നെ തലച്ചോറിനും വ്യായാമം ആവശ്യമാണ്.

തലച്ചോറിന്‍റെ ആരോഗ്യത്തിനും ചെറുപ്പം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങളാണ് ന്യൂറോബിക്സ്. തലച്ചോറിനെ കുഴക്കുന്ന ചോദ്യങ്ങള്‍ക്കും കണക്കുകള്‍ക്കും ഉത്തരം കണ്ടെത്തുന്നതല്ല ഈ വ്യായാമം. കാഴ്ച, സ്പര്‍ശം, മണം, സ്വാദ്, കേള്‍വി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

നാമെല്ലാം ദിവസവും പല്ല് തേക്കുന്നവരാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈ മാറ്റുക. നിങ്ങള്‍ വലം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഇടം കൈ കൊണ്ടും ഇടം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ വലം കൈ കൊണ്ടും ഇനി പല്ല് തേക്കുക. ഇത് തലച്ചോറിനെ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

ദൈനംദിന പ്രവര്‍ത്തികളുടെ ചിട്ട മാറ്റുക. ചിട്ടകള്‍ തലച്ചോറിനെ മടി പിടിപ്പിക്കും. പ്രത്യേകിച്ച്‌ ചിന്തിക്കാതെ കാര്യങ്ങള്‍ ശീലമായി ചെയ്യാന്‍ തലച്ചോറിനെ ഇത് സഹായിക്കുന്നു. എന്നാല്‍ ചിട്ടകള്‍ മാറ്റി കാര്യങ്ങള്‍ അല്‍പ്പം കുഴച്ച്‌ മറിച്ച്‌ നോക്കു. തലച്ചോറിന് അപ്പോള്‍ ഉഷാറാകാതെ വയ്യെന്ന അവസ്ഥയാകും. തലച്ചോറിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടി വരും.

വസ്തുക്കളെ മണക്കാം.
കുടിക്കുന്ന കാപ്പിയും വസ്ത്രവും മുതല്‍ കാറ്റിനെ വരെ മണത്ത് നോക്കാം. കണ്ണടച്ച്‌ ആ മണം ആസ്വദിക്കാം. ചില കാര്യങ്ങളെങ്കിലും കണ്ട് മനസ്സിലാക്കാതെ മണത്ത് മനസ്സിലാക്കാന്‍ ദിവസേന ശ്രമിക്കുക. ഇത് തലച്ചോറിന്‍റെ കാഴ്ചയോടുള്ള അമിത വിധേയത്വം കുറക്കാന്‍ സഹായിക്കും. തലച്ചോറിലെ കൂടുതല്‍ കോശങ്ങളെ ഉഷാറാക്കാന്‍ ഇത് വഴി കഴിയും.

ദിവസവും കാണുന്ന വസ്തുക്കള്‍ തല തിരിച്ച്‌ വക്കാം. അത് കപ്പുകളാകാം, ഫോട്ടോകളാകാം, പുസ്തകങ്ങളാകാം അങ്ങനെ എന്തും തല തിരിച്ച്‌ വയ്ക്കാം. ഇത് ഈ വസ്തുക്കള്‍ തിരിച്ചറിയുന്നതിന് തലച്ചോറിന്‍റെ ഇടത് ഭാഗത്തിന് വലത് ഭാഗത്തിന്‍റെ സഹായം തേടേണ്ടി വരുന്നു. അതായത് നിങ്ങളുടെ തലച്ചോറിന്‍റെ സര്‍ഗ്ഗാത്മകതയുള്ള ഭാഗം ഉണരുന്നു. ഇത് തലച്ചോറിനെ കൂടുതല്‍ ഉഷാറാക്കും.

ഇരിക്കുന്ന സ്ഥാനം മാറ്റി നോക്കാം.
വീട്ടിലായാലും ഓഫീസിലായാലും കഴിയുമെങ്കില്‍ ഇരിപ്പിന്‍റെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുക. വീട്ടില്‍ പ്രത്യേകിച്ചും. പഠിക്കാനിരിക്കുന്ന സ്ഥാലമായാലും, വായിക്കാനിരിക്കുന്ന സ്ഥലമായാലും, ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന മേശയിലെ നിങ്ങളുടെ സ്ഥാനമായാലും മാറ്റിക്കൊണ്ടിരിക്കുക. മാസത്തിലൊരിക്കലോ, രണ്ടാഴ്ച കൂടുമ്ബോഴോ എങ്കിലും ഇത് ചെയ്യുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

കണ്ണടച്ച്‌ നാണയങ്ങള്‍ എണ്ണാം.
സ്പര്‍ശനത്തിലൂടെ തലച്ചോറിനെ ഉന്മേഷവാനാക്കുന്ന വ്യായാമമാണിത്. ഒരു പാത്രത്തില്‍ നാണയങ്ങളെടുത്ത് കണ്ണടച്ച്‌ അവ എണ്ണാം. ഓരോന്നും എടുത്ത് അത് തൊട്ടു നോക്കി തിട്ടപ്പെടുത്തി മാറ്റി വക്കാം. ഓരോ നാണയവും പരിശോധിച്ച ശേഷം അതിന്‍റെ മൂല്യം നിങ്ങള്‍ കണ്ടെത്തിയത് തന്നെയാണോ എന്ന് കണ്ണ് തുറന്ന് നോക്കാം.

പുസ്തകം വായിച്ച്‌ കൊടുക്കാം.
നിങ്ങള്‍ പുസ്തകം വായിക്കുന്നതിനേക്കാള്‍ മനോഹരമാണ് നിങ്ങള്‍ വായിക്കുന്നതിനൊപ്പം മറ്റൊരാള്‍ക്ക് അത് വായിച്ച്‌ കൊടുക്കുന്നതും. ഇത് തലച്ചോറിനെ കൂടുതല്‍ ഉണര്‍ത്തുകയും സന്തോഷമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വായന കേള്‍ക്കുന്നയാള്‍ക്കും തലച്ചോറിന് ഇത് നല്ല വ്യായാമമാണ്.

സൂപ്പര്‍മാര്‍ക്കറ്റിൽ കറങ്ങാം.
സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ കറങ്ങുക എന്നത്. എന്നാല്‍ ഇത് വെറുതെ ഒരു കറക്കമല്ല,വ്യായാമമാണ്. താല്‍പ്പര്യമുള്ള എല്ലാ സെക്ഷനും വിശദമായി പരിശോധിക്കുക. റാക്കുകളില്‍ താഴെ മുതല്‍ മുകള്‍ ഭാഗം വരെയുള്ള ഉത്പന്നങ്ങളിലൂടെ കണ്ണോടിക്കുക. അവ വായിക്കുക. ഇതുവരെ കാണാത്തവ അതിലുണ്ടെങ്കില്‍ അവ പരിശോധിക്കാം. അവ എന്തൊക്കെ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് വായിക്കാം. അതിനെക്കുറിച്ച്‌ ചിന്തിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group