പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

ഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉള്‍പ്പെടെ മൂന്നു നിയമങ്ങള്‍ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.

ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവില്‍ വന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാർലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി.

നിലവില്‍ വന്ന പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗൗരവമേറിയ കുറ്റമാകും. അഞ്ചോ അതിലധികമോ പേർ ഒരു ഗ്രൂപ്പായി ചേർന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ദേഹോദ്രവം ഏല്‍പ്പിച്ചാല്‍ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കും. അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാള്‍ മരിക്കാൻ കാരണക്കാരൻ ആവുകയും അപകട വിവരം പൊലീസിലോ മജിസ്‌ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താല്‍ 10 വർഷം വരെ തടവും ശിക്ഷയും ലഭിക്കും.

അതേസമയം ഭരണകൂടത്തിന് എതിരായ പ്രവർത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. രാജ്യദ്രോഹ കുറ്റത്തെ ഭാരതീയ നിയമസംഹിതയില്‍ 150 ആം വകുപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം പോലെ തീവ്രവാദ കുറ്റവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മുൻകാല പ്രാബല്യം ഇല്ലാതാകുന്നത് വിചാരണ കോടതികള്‍ക്കടക്കം ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമനിർമ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ ബില്ലുകള്‍ക്കെതിരെ എതിർപ്പുമായി ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻ സർക്കാരിനെ സമീപിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m