കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രസിദ്ധീകരിച്ചു.
പുതിയ വിദ്യാഭ്യാസനയം പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട്
വിദ്യാർത്ഥികൾക്ക് മാർക്ക് മെച്ചപ്പെടുത്താൻ അവസരം നൽകി ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തും.
11, 12 ക്ലാസുകളിൽ രണ്ടു ഭാഷകൾ പഠിപ്പിക്കണമെന്നും അതിൽ ഒന്ന് നിർബന്ധമായും ഇന്ത്യൻ ഭാഷയായിരിക്കണമെന്നും പുതിയ പാഠ്യപദ്ധതിയിൽ പറയുന്നു. 2024 അക്കാദമിക വർഷത്തിലെ പാഠപുസ്തകങ്ങൾ ഒരുക്കുന്നതിനാണ് ചട്ടക്കൂട് പ്രഖ്യാപിച്ചത്.
നിലവിലെ അവസ്ഥയിൽനിന്നു ഭിന്നമായി ബോർഡ് പരീക്ഷകൾ കൂടുതൽ ലളിതമാക്കും. പാഠ്യഭാഗങ്ങൾ മനഃപാഠമാക്കുന്ന നിലവിലെ സന്പ്രദായത്തിൽനിന്നു വ്യത്യസ്തമായി, കുട്ടികളുടെ കഴിവുകളും ധാരണകളും ബോർഡ് പരീക്ഷയിൽ വിലയിരുത്തും. പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയാറാക്കുന്നവരും മൂല്യനിർണയം നടത്തുന്നവരും ജോലി ഏറ്റെടുക്കുന്നതിനുമുൻപ് യൂണിവേഴ്സിറ്റിയുടെ അംഗീകൃത കോഴ്സ് പാസായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
എല്ലാ ബോർഡുകളും പരീക്ഷകൾ സെമസ്റ്റർ, ടേം സന്പ്രദായത്തിലേക്ക് ഭാവിയിൽ മാറ്റണമെന്നും വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇതുമൂലം ഒരു വിഷയം പഠിച്ച ഉടൻതന്നെ പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്കു സാധിക്കും. ഇതിലൂടെ വർഷം മുഴുവൻ ഒരു വിഷയം പഠിക്കേണ്ട ഭാരം വിദ്യാർത്ഥികൾക്കില്ലാതാകും. അതത് വിഷയങ്ങളിലെ പരീക്ഷയ്ക്കുള്ള ചോദ്യബാങ്ക് തയാറാക്കും. ദേശീയ വിദ്യാഭ്യാസ നയം 2020ൽ നിർദേശിച്ചിരിക്കുന്ന മാറ്റത്തിലേക്ക് ഇതു സഹായിക്കും.
ആദ്യമായല്ല ബോർഡ് പരീക്ഷകളിൽ മാറ്റം വരുത്തുന്നത്. 2009ൽ പത്താം ക്ലാസ് പരീക്ഷയ്ക്കു പകരം സിസിഇ (നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ) ഏർപ്പെടുത്തിയിരുന്നു. പിന്നീട്, 2017 ൽ പഴയ പരീക്ഷാരീതിയിലേക്കു മടങ്ങി. കോവിഡ് മഹാമാരിയുടെ സമയത്ത് പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള് രണ്ടു ടേമായി നടത്തിയിരുന്നു.
ഇസ്രോ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ അധ്യക്ഷനായ ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിയാണ് പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്. നിലവിലെ, സയൻസ്, ആർട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്കു പകരം താത്പര്യമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി 11, 12 ക്ലാസ് പഠനം സാധ്യമാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group