ഇംഗ്ലണ്ടിൽ ഇപ്പോൾ ബിരുദധാന ചടങ്ങുകളുടെ സമയമാണ്. ഒരു കാന്തക്കല്ലിനെപ്പോലെ പടിഞ്ഞാറൻ രാജ്യങ്ങളിലെ സർവ്വകലാശാലകൾ യുവജനതയെ ഇവിടേക്ക് ആകർഷിക്കുന്നു. ഭാവിലോകത്തെ സ്വപ്നം കാണാനും അതിനെ നയിക്കാനും കലാശാലകൾ യുവത്വത്തെ പ്രാപ്തരാക്കുന്നു.
അറിവിൻ്റെ അക്ഷയഖനിയായ സർവ്വകലാശാലകളിൽ നിന്നും പുതിയ രത്നങ്ങൾ ഉദ്ഖനനം ചെയ്ത് സ്വന്തമാക്കുന്നതിനായി ലോകരാജ്യങ്ങളിൽ നിന്നും യുവതി-യുവാക്കൾ വർഷംതോറും ദേശാടനക്കിളികളെപ്പോലെ
ഇവിടെയെത്തുന്നു. ഇഷ്ട വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദങ്ങളും സമ്പാദിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവർ സ്വദേശത്തേക്ക് തിരികെപ്പറക്കും. യൂണിവേഴ്സിറ്റികൾ സംഘടിപ്പിക്കുന്ന ഉത്സവാന്തരീക്ഷത്തിലാണ് വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കുന്നത്. മനുഷ്യവംശം ഏർപ്പെട്ടിരിക്കുന്ന സത്യാന്വേഷണ സപര്യയിൽ തങ്ങളുടെയും സംഭാവനകൾ നൽകിയതിലുള്ള അഭിമാനമാണ് ബിരുദം സ്വീകരിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും മുഖത്ത് തിളങ്ങുക.
വീടിൻ്റെ സുരക്ഷിതത്വങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും അകന്ന്, യുവത്വം ജീവിതം പഠിക്കുന്നത് കലാശാല വിദ്യാഭ്യാസ കാലത്താണ്. തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ അതിരാവിലെ ഉണർന്ന് ലക്ചറർ ഹാളുകളിലേക്കും ലൈബ്രറികളിലേക്കും അവിടുന്ന് തിടുക്കപ്പെട്ട് പാർട് ടൈം ജോലി സ്ഥലത്തേക്കുമായി ഓട്ടം. അറിവിൻ്റെ ആനന്ദവും, തൊഴിലിൻ്റെ മഹത്വവും, ജീവിതത്തിന് ലക്ഷ്യവുമുള്ള കലാശാല ജീവിതം.
പാഠ്യപദ്ധതികൾ പുതിയ മനുഷ്യനെ സൃഷ്ടിച്ചെടുക്കുന്ന ഫാക്ടറികളാണ്. The new world can be built only by a new man – “പുതിയ ലോകത്തെ സൃഷ്ടിക്കാൻ പുതിയ മനുഷ്യനേ കഴിയൂ” എന്ന് Georges Florovsky പറഞ്ഞതിൽ (Bible, Church, Tradition: An Eastern Orthodox View, vol 1, p-12) ആധുനിക വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം വ്യക്തമാണ്.
കേരളത്തിൽ നടന്ന ആദ്യ വിദ്യാർത്ഥി സമരത്തെ “ഒരണസമരം” എന്നാണ് വിളിക്കുന്നത്. 1957-ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ ജലഗതാഗതത്തെ ദേശസാൽക്കരിച്ചു.
ഒരണ നൽകി സ്കൂളിൽ പോയിരുന്ന വിദ്യാർത്ഥികൾ ഇതോടെ നാലണ നൽകി സ്കൂളിൽ പോകേണ്ട സ്ഥിതി വന്നു. ഇതിനെതിരേയാണ് കേരള സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി പ്രക്ഷോഭം ഉണ്ടായത്. ഈ സമരത്തിൻ്റെ ജ്വാലകളാണ് പിന്നീട് വിമോചന സമരത്തിന് കളമൊരുക്കിയത് (വിമോചന സമരം: ഒരാമുഖം, ജോൺ കച്ചിറമറ്റം)
മൂവാറ്റുപുഴ നിർമ്മല കോളജിൽ നടന്ന സമരം കണ്ടു. പുതിയ ലോകം സ്വപ്നം കാണാൻ കഴിയാത്ത വിധം വളർച്ച മുരടിച്ച യുവത്വത്തിൻ്റെ അലമുറകൾ കേട്ടു. മതങ്ങളിലേക്കു ചുരുങ്ങുന്നവരുടെ മുന്നിൽ മനുഷ്യരിലേക്കു പടർന്നു കയറുമെന്ന് വീമ്പിളക്കിയവരുടെ മൗനം ദയനീമായിരുന്നു. കുതിച്ചു പായുന്ന ലോകക്രമത്തിനൊപ്പം ഓടി മുന്നേറേണ്ട യുവത്വം മതവിഷം ബാധിച്ച് ഓടിത്തളരുന്ന കാഴ്ച ദുഃഖകരമാണ്.
ജാതികൾ കനിഞ്ഞാലേ പാർലമെൻററി ജനാധിപത്യത്തിൽ നിലനിൽപ്പുള്ളൂ എന്നു തിരിച്ചറിവിൽ ഇടത് -വലത് രാഷ്ട്രീയം ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. നിലവിലുള്ള രാഷ്ട്രീയ സഖ്യങ്ങളിൽ ജനങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെടുന്ന സന്ദർഭങ്ങളിലാണ് തീവ്രവലതുപക്ഷ ബോധം സാധാരണ ജനങ്ങളിൽ പോലും രൂഡമൂലമാകുന്നത്. തീവ്രവലതുപക്ഷക്കാറ്റ് യൂറോപ്പിൽ ആഞ്ഞുവീശിയെങ്കിൽ ലോകത്തിൽ എവിടെയും പ്രചണ്ഡവാതമായി അത് വീശിയടിക്കാം. യൂറോപ്പ് കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തിനു സമാനമായ സാഹചര്യങ്ങളിൽ ലോകത്ത് എവിടെയും ഇത്തരം രാഷട്രീയ പ്രതിരോധം ജനാധിപത്യ വ്യവസ്ഥിതിയിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ്. മതേതര സമൂഹങ്ങളിൽ അത്ര സുഖകരമല്ലാതെ മാറുന്ന ഇത്തരം രാഷ്ടീയ മുന്നേറ്റങ്ങൾക്ക് വഴിമരുന്നിടുന്നതിന് മൂവാറ്റുപുഴ നിർമ്മല കോളജിൽ ഉണ്ടായ “അസ്വാഭാവിക ആവശ്യങ്ങളും” കാരണമാകുമെന്ന് ഉത്തരവാദികളെല്ലാം ഓർമ്മിക്കണം.
“പുതിയ ലോകത്തെ സൃഷ്ടിക്കാൻ പുതിയ മനുഷ്യനേ കഴിയൂ” എന്ന ദർശനം വിദ്യാഭ്യാസത്തിൻ്റെ അടിത്തറയാകണം. കേരള സമൂഹത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സ്നേഹ സാഹോദര്യങ്ങൾ തീവ്രമതബോധത്തിനു മുന്നിൽ കീഴടങ്ങുന്നതും കലാലയങ്ങളും കലാശാലകളും അതിന് വേദികളാകുന്നതും സമൂഹത്തിൻ്റെ വികസന സ്വപ്നങ്ങളെ തകർക്കുന്നു. വിദേശ രാജ്യങ്ങളിലെ കെയർ ഹോമുകളിലെങ്കിലും ജോലി ലഭിച്ചാൽ മതിയെന്ന ചിന്തയോടെ ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും രാജ്യം വിടുന്നതിൻ്റെ കാരണവും നിലവിലുള്ള വ്യവസ്ഥിതിയിൽ പ്രതീക്ഷ നഷ്ടപ്പെടുന്നതിനാലാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ ഇന്നുള്ള രാഷ്ട്രീയ, സാമൂഹിക, തീവ്രമത സംസ്കാരങ്ങളിൽ ഒരു പൊളിച്ചെഴുത്തുണ്ടാക്കണം. പുതിയ ലോക സൃഷ്ടിക്കായി പുതിയ മനുഷ്യരുടെ സൃഷ്ടികൾ അനിവാര്യമാണ്.
കടപ്പാട് : മാത്യു ചെമ്പൂകണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m