അടിമുടി മാറ്റങ്ങളോടെ പുതിയ പാർലമെന്റ് മന്ദിര പ്രവേശനം

തിങ്കളാഴ്ച പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കേ അടിമുടി മാറ്റങ്ങളോടെയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള പ്രവേശനം തീരുമാനിച്ചിരിക്കുന്നത്. താമര ചിഹ്നം പതിപ്പിച്ച ഷര്‍ട്ടും, യൂണിഫോം സാരിയുമാകും ഇനി മുതല്‍ മാര്‍ഷല്‍മാരുടെയും വനിതാ സ്റ്റാഫുകളുടെയും വേഷം. ഈ നീക്കത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം, പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ടയിലടക്കം അവ്യക്തത തുടരുകയാണ്.

ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്‍റില്‍ ഇനിയുള്ള കാഴ്ചകളും പുതുമയുള്ളതാണ്. സഫാരി സ്യൂട്ടുകളടക്കമുള്ള വേഷവിധാനങ്ങള്‍ പാടേ മാറ്റി ഇന്ത്യന്‍ ടച്ച് കൊണ്ടുവരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. മാര്‍ഷല്‍മാരടക്കം പുരുഷ സ്റ്റാഫുകള്‍ താമര ചിഹ്നം പതിപ്പിച്ച ക്രീം നിറത്തിലുള്ള ഷര്‍ട്ടോ, പൈജമയോ ധരിക്കണം. അതൊടൊപ്പം ജാക്കറ്റും ഉണ്ടാകും. കാക്കി ട്രൗസര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇവരുടെ വേഷമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പൂരി തലപ്പാവുമുണ്ടാകും. വനിതാ സ്റ്റാഫുകള്‍ യൂണിഫോം സാരിയാകും ധരിക്കുക. ഡിസൈനോ കളറോ വ്യക്തമാക്കിയിട്ടില്ല. 271 സ്റ്റാഫുകള്‍ക്ക് പുതിയ യൂണിഫോം കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കമാന്‍ഡോ പരിശീലനവും നല്‍കും. പ്രത്യേക സമ്മേളനം തിങ്കളാഴ്ച തുടങ്ങുമെങ്കിലും, ഗണേശ ചതുര്‍ത്ഥി ദിനമായ ചൊവ്വാഴ്ചയാകും പുതിയ മന്ദിരത്തില്‍ കയറുക. ഉദ്ഘാടന ദിനത്തിലേത് പോലെ പ്രത്യേക പൂജകളും ഉണ്ടാകും. താമര ചിഹ്നമുള്ള ഷര്‍ട്ടും, കാക്കി ട്രൗസറും നല്‍കുന്നത് ആര്‍എസ്എസ് അജണ്ടയാണെന്ന ആക്ഷേപം ഇപ്പോഴേ ഉയരുന്നുണ്ട്. അതേസമയം പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഏക സിവില്‍ കോഡ്, വനിത സംവരണ ബില്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അങ്ങനെ അഭ്യൂഹങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ മൗനം തുടരുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group