അടുത്ത അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് ഇക്വഡോറിൽ

വത്തിക്കാൻ സിറ്റി : 2024 സെപ്റ്റംബർ മാസം നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ വേദിയാകും.

സെപ്റ്റംബർ 8 മുതൽ 15 വരെയാണ് ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുക. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ് സുവിശേഷവത്കരണത്തിന് ദിവ്യകാരുണ്യം നൽകുന്ന ഫലവും, ലാറ്റിനമേരിക്കയിൽ വിശ്വാസത്തിന്റെ ഉയർത്തെഴുന്നേൽപ്പും പ്രകടമാക്കുമെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് ഇന്നലെ ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവരുടെ സാക്ഷ്യങ്ങളും, പ്രഭാഷണങ്ങളും ഉൾപ്പെടുന്നതായിരിക്കും ഇക്വഡോറിലെ ദിവ്യകാരുണ്യ കോൺഗ്രസ്. നിരന്തരമായ പ്രാർത്ഥനകളും, ദിവ്യകാരുണ്യ ആരാധനയും, പ്രദക്ഷിണവും വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി നടക്കും.

“ലോകത്തെ സൗഖ്യപ്പെടുത്താൻ സാഹോദര്യം. നിങ്ങളെല്ലാം സഹോദരരാണ്” എന്നതാണ് 2024ലെ കോൺഗ്രസിന്റെ പ്രമേയം. ”എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്” (മത്തായി 24:8) എന്ന വാക്യത്തില്‍ നിന്നാണ് പ്രമേയം എടുത്തിരിക്കുന്നത്. ക്വിറ്റോ നഗരം ദിവ്യകാരുണ്യ കോൺഗ്രസ് നടത്താനുള്ള വേദിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്തുവെന്ന് വത്തിക്കാൻ നേരത്തെ സൂചന നല്‍കിയിരുന്നു. ഇക്വഡോർ, ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട നൂറ്റിയന്‍പതാം വാർഷികം നടക്കുന്ന അതേ വർഷം തന്നെയാണ് ദിവ്യകാരുണ്യ കോൺഗ്രസും നടക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group