ലിസ്ബൺ നഗരത്തിന് ആത്മീയപ്രഹർഷമേകി ആറ് ദിവസമായി നടന്നുവന്ന 37-ാമത് ലോക യുവജന സമ്മേളനത്തിനു സമാപനം. സമാപനത്തോടനുബന്ധിച്ച് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒന്പതിന്(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) കാംപൊ ദെ ഗ്രാസായിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ലോകമെങ്ങുംനിന്നുള്ള 15 ലക്ഷം യുവജനങ്ങൾ പങ്കെടുത്തു.
വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ ക്രിസ്തുസ്നേഹത്തിന്റെ വെളിച്ചം നിറയ്ക്കാൻ യുവജനങ്ങളെ മാർപാപ്പ ആഹ്വാനം ചെയ്തു. “പ്രശോഭിക്കുക, കേൾക്കുന്നവരാകുക, ഭയപ്പെടാതിരിക്കുക. അനീതിയും അസ്വസ്ഥതയും ഉള്ളിടത്ത് ഭയപ്പാടില്ലാതെ ക്രിസ്തുസ്നേഹത്തിന്റെ വെളിച്ചം നിറയ്ക്കുന്നവരാകണം നിങ്ങൾ. ഇരുളകറ്റാൻ ഇന്ന് വെളിച്ചം വേണം. ക്രിസ്തുവിന്റെ വെളിച്ചത്തിൽ പ്രകാശിതരാകാൻ യുവാക്കൾക്ക് കഴിയണം. സ്നേഹത്തിന്റെ വഴി പഠിപ്പിക്കുന്ന ക്രിസ്തുവിനെ കേൾക്കുന്നവരാകുക. ലോകത്തെ മാറ്റിമറിക്കാൻ വിളിക്കപ്പെട്ടവരാണ് നിങ്ങൾ. നിങ്ങളാണ് ഭൂമിയുടെ മണ്ണും വെള്ളവും. ലോകത്തിന്റെ ഇന്നും നാളെയും നിങ്ങളാണ്. ഭയം കൂടാതെ ഭൂമിയെ കെട്ടിപ്പടുക്കുന്നവരാകണം.’’-മാർപാപ്പ യുവതീ-യുവാക്കളോട് പറഞ്ഞു.
അടുത്ത ആഗോള യുവജന ദിനാഘോഷം 2027ൽ ദക്ഷിണ കൊറിയയിലെ സീയൂളിൽ നടക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യുവജന പ്രതിനിധിസംഘം ഈ പ്രഖ്യാപനത്തെ നീണ്ട കരഘോഷത്തോടെയാണു സ്വീകരിച്ചത്. മൂന്നു പതിറ്റാണ്ടിനുശേഷമാണ് കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള ആഗോള യുവജന സമ്മേളനത്തിന് ഏഷ്യൻ ഭൂഖണ്ഡം വേദിയാകുന്നത്. 2025 ൽ റോമിൽ നടക്കുന്ന യുവജന മഹാജൂബിലിയിലേക്ക് എല്ലാവരെയും മാർപാപ്പ സ്വാഗതം ചെയ്തു.
വിശുദ്ധ കുർബാനയിൽ 700 ബിഷപ്പുമാരും 10,000 വൈദികരും സഹകാർമികരായിരുന്നു. ലിസ്ബണിലെ ദാസ് നാസ് പാർക്കിനും ട്രാൻകാവോ നദിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഹരിതാഭമായ തേജോ പാർക്കിൽ ശനിയാഴ്ച നടന്ന നിശാ ജാഗരണ പ്രാർത്ഥനയ്ക്കു ശേഷം അവിടെത്തന്നെയാണു ലക്ഷക്കണക്കിനു വരുന്ന യുവജനങ്ങൾ ഉറങ്ങിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group