ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനിൽപ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാനാവില്ല.
അതുകൊണ്ടാണു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകൾക്കെതിരേ മുന്നറിയിപ്പുനൽകിയതും ജാഗ്രത പാലിക്കാൻ തന്റെ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തതും.
കുടുംബഭദ്രത സംരക്ഷിക്കപ്പെടണം
കുടുംബജീവിതത്തിന്റെ സൗന്ദര്യവും സമാധാനവും പരിശുദ്ധിയും നഷ്ടപ്പെടുത്തി കുടുംബങ്ങളെ തകർക്കുന്ന ചില ഘടകങ്ങൾ കുറച്ചുകാലമായി നമ്മുടെ സമൂഹത്തിൽ ശക്തിയാർജിക്കുകയാണ്.
അനേകരുടെ മനോഭാവങ്ങളെയും മൂല്യബോധത്തെത്തന്നെയും മാറ്റിമറിച്ചുകൊണ്ട് കുടുംബങ്ങളിലും പൊതുസമൂഹത്തിലും അസ്വസ്ഥതകൾ വളർത്തി, കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുളവാക്കുന്നു. മൂല്യങ്ങളിൽ അധിഷ്ഠിതമായ കുടുംബജീവിതമാണ് ഏതൊരു സമൂഹത്തിന്റെയും ലോകത്തിന്റെതന്നെയും സുസ്ഥിതിക്കും വളർച്ചയ്ക്കും നിദാനം.
ഉദാത്തമായ കുടുംബസംസ്കാരത്തെ തകർക്കുന്ന വിധത്തിൽ പല വെല്ലുവിളികളും ഉയരുന്നു. കേരളത്തിലെ കുടുംബങ്ങൾ മുമ്പില്ലാത്ത വിധം ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീപീഡനങ്ങളും ആത്മഹത്യകളും വലിയ തോതിൽ വർധിച്ചുവരുന്നു. പ്രായപൂർതത്തിയാകാത്ത പെൺകുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാർപോലും ഇതിന് ഇരയാകുന്നു.
ബലപ്രയോഗങ്ങളെക്കാൾ പ്രണയക്കെണികളിൽപെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നതെന്നാണ് വാർത്താ മാധ്യമങ്ങളിൽനിന്നു നമുക്ക് അറിയാൻ സാധിക്കുന്നത്. ഇത്തരം കെണികൾ ഒരുക്കുന്നതിനുവേണ്ടി മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതു പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെയും കെണിയിൽ പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നു.
എത്രയോ കുടുംബങ്ങൾ ഇങ്ങനെ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു! നിഗൂഢലക്ഷ്യത്തോടെ പ്രണയം നടിച്ച് വിവാഹജീവിതത്തിന്റെ പരിവേഷം നൽകി വഞ്ചിച്ച്, ഒരാളെ ജീവിതപങ്കാളി എന്നു പറഞ്ഞ് സ്വന്തമാക്കുകയും, പിന്നീട് മറ്റുകാര്യങ്ങൾക്കായി ദുരുപയോഗിക്കുകയും ചെയ്യുക!
അതു ലഹരിമാഫിയ ആകാം, കള്ളക്കടത്താകാം, ഭീകരപ്രവർത്തനമാകാം, മതമൗലികഭീകരതയാകാം, ഗുണ്ടായിസമാകാം, വേശ്യാവൃത്തിയാകാം- ലൗ ജിഹാദോ നാർകോട്ടിക്ക് ജിഹാദോ എന്തുമാകട്ടെ, ഇവയ്ക്ക് സ്വയം അടിമകളാകുന്നതും സമ്മർദംകൊണ്ടോ വഞ്ചിക്കപ്പെട്ടോ അടിമകളാക്കപ്പെടുന്നതും ഏതു കുടുംബത്തിനും സമുദായത്തിനും അപകടകരമാണ്, അതിന്റെ അടിവേരറുക്കുന്നതാണ്. സുസ്ഥിതിയും ശരിയായ പുരോഗതിയും ആഗ്രഹിക്കുന്ന ഒരു സമുദായത്തിനോ രാജ്യത്തിനോ ഇതൊന്നും അംഗീകരിക്കാനോ നീതീകരിക്കാനോ സാധിക്കുകയില്ല.
നാർകോട്ടിക് ടെററിസം
നാർകോട്ടിക് ടെററിസം കേരളത്തിന്റെ പശ്ചാത്തലത്തിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്താരാഷ്ട്ര വേദികളിൽ വ്യാപകമായ ചർച്ചയ്ക്ക് വഴിതെളിയിച്ചിട്ടുള്ളതാണ്. 2017ൽ ഐക്യരാഷ്ട്രസഭയും, യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസും (EFSAS) ഇതുസംബന്ധിച്ച ഗൗരവതരമായ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
താലിബാൻ 400 മില്യൺ യുഎസ് ഡോളറാണ് 2011 ൽ സമ്പാദിച്ചതെന്നും ഇതിന്റെ പകുതി മയക്കുമരുന്നു ബിസിനസിലൂടെയാണ് ലഭിച്ചതെന്നും ഐക്യരാഷ്ട്രസഭയുടെ UNODC -World Drug Report 2017 പ്രസ്താവിക്കുന്നു. ഇപ്പോൾ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടുകൂടി മയക്കുമരുന്നു കടത്ത് വ്യാപകമാകാനും കേരളം അതിന്റെ മുഖ്യവിപണികളിലൊന്നായി തീരാനും സാധ്യതയേറെയാണ്.
കേരളത്തിൽ മയക്കുമരുന്ന് കടത്തുകാർ പിടിക്കപ്പെടുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് ഈ സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. മയക്കുമരുന്ന് ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും തീവ്രവാദ പ്രവർത്തകർ ഉപയോഗിക്കുന്നു. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചു പോകുന്നവയാണ്.
മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. അധികാരികൾ നിസംഗത പാലിക്കയോ പരോക്ഷമായെങ്കിലും പിന്തുണയ്ക്കയോ ചെയ്യുന്നത് ജനങ്ങളുടെയും രാജ്യത്തിന്റെയും ഭാവി അപകടത്തിലാക്കുകതന്നെ ചെയ്യും.
അധോലോക ഭീകരപ്രവർത്തനങ്ങളെക്കുറിച്ച് ഏറെക്കാലമായി കേൾക്കുന്നു. അവയുടെ നായകൻമാർ യഥേഷ്ടം വിലസുന്നു. രാജ്യസുരക്ഷയ്ക്കു ശക്തമായ സംവിധാനങ്ങളുണ്ടെന്ന് ആവർത്തിച്ചവകാശപ്പെടുന്ന ജനാധിപത്യരാജ്യത്തിലെ ഭരണാധികാരത്തിന് എന്തുകൊണ്ട് ഇപ്രകാരമുള്ള ശിഥിലീകരണ ശക്തികളെ വരുതിയിലാക്കാൻ സാധിക്കുന്നില്ല?
ഓരോ ദിവസവും സ്വർണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിന്റെയും വാർത്തകൾ കാണാം! എന്തുകൊണ്ടവയെ നിയന്ത്രിക്കാനാവുന്നില്ല? പലപ്പോഴും ഉന്നത അധികാരികളും ഗവൺമെന്റ് ഉദ്യോഗസ്ഥരുമൊക്കെ അവയിൽ പങ്കാളികളോ തലതൊട്ടപ്പന്മാരോ ആണെന്ന് ആരോപിക്കപ്പെടുന്നു; അങ്ങനെയെങ്കിൽ അവ അതീവ ഗുരുതരം തന്നെ.
ഈ സാഹചര്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തികഞ്ഞ ഗൗരവത്തോടെ കാണണം. കേരളത്തിലെ യുവതലമുറയെ നശിപ്പിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളോട് നമ്മൾ നിസംഗരായിരിക്കാൻ പാടില്ല. രാഷ്ട്രീയ പ്രവർത്തകരും സാംസ്കാരിക നായകരും മാധ്യമപ്രവർത്തകരും ഇവിടത്തെ ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുവാൻ കടപ്പെട്ടവരാണ്. സ്ഥാപിത താല്പര്യങ്ങളും താൽക്കാലിക ലാഭങ്ങളും മാറ്റിവച്ച് ഈ നാടിന്റെ സുസ്ഥിതിക്കും നന്മയ്ക്കുംവേണ്ടി നിലകൊള്ളുവാൻ എല്ലാവരും തയ്യാറാകണം.
ഭയപ്പാടില്ലാതെ ഈ സമൂഹത്തിൽ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും മതാധിപത്യപ്രവണതയെയും തീവ്രവാദ പ്രവർത്തനങ്ങളെയും ചെറുത്തുതോൽപ്പിക്കാനും കേരള സമൂഹം ഒരുമിക്കണം. സ്ത്രീസുരക്ഷയും കുടുംബബന്ധങ്ങളുടെ ദൃഢതയും വരുംതലമുറയുടെ ജീവിതഭദ്രതയും നമ്മൾ മറ്റെന്തിനേക്കാളും വിലമതിക്കണം.
മത-സമുദായ സൗഹാർദത്തിന് കോട്ടം വരരുത്
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ആശങ്കകൾ ഉൾക്കൊള്ളുന്നതിനും തുറന്ന മനസോടെ ചർച്ചചെയ്യുന്നതിനും പൊതുരംഗത്തുള്ളവർ തയാറാകണം. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളും പത്രമാധ്യമങ്ങളും പുലർത്തുന്ന വേർതിരിവുനയങ്ങൾ തിരുത്തപ്പെടേണ്ടവയാണ്. സത്യം തുറന്നുപറയുകയെന്നത് പൊതുധർമബോധത്തിന്റെ ഭാഗമാണ്. ലോകത്തിൽ ധാർമികതയുടെ ശബ്ദമായ സഭയ്ക്ക് സാമൂഹിക തിന്മകളുടെനേരെ മൗനം പാലിക്കാൻ സാധിക്കുകയില്ല.
മതങ്ങളും സമുദായങ്ങളും നമ്മുടെ രാജ്യത്തു നിലനിൽക്കണം.
അവ ഈ രാജ്യത്തിന്റെ സമ്പത്താണ്. അവ ഒരിക്കലും വർഗശത്രുക്കളെപ്പോലെ തമ്മിലടിച്ച് തകരരുത്, ആർക്കും ഭീഷണിയാവുകയും ചെയ്യരുത്. ആരും അവയെ സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി ചൂഷണം ചെയ്യരുത്.
രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ആരെയെങ്കിലും തള്ളിപ്പറയുന്നതും പ്രീണിപ്പിക്കുന്നതും ഒരുപോലെ നിഷിദ്ധമാണ്. നീതിയും നിഷ്പക്ഷതയും വെടിഞ്ഞുള്ള മാധ്യമ വിശകലനങ്ങളും ഇടപെടലുകളും നാടിന്റെ നിർമിതിയെ സഹായിക്കുകയില്ല. സാമ്പത്തിക നേട്ടത്തിനുവേണ്ടി സത്യവും ധർമവും കൈവെടിയരുത്.
ഈ നാട് എന്റെയോ നിന്റെയോ മാത്രമല്ല, നമ്മുടേതാണ്. നമ്മൾ ഒരുമിച്ചായിരിക്കുമ്പോഴാണ് നമ്മുടേതെന്നു പറയുവാൻ സാധിക്കുന്നത്. മത, സമുദായ നേതാക്കളും രാഷ്ട്രീയക്കാരും സാംസ്കാരിക നായകന്മാരും മാധ്യമപ്രവർത്തകരും ഒക്കെ ഇക്കാര്യത്തിൽ സഹകരിച്ച് നീങ്ങണം. അപരനെ ഇല്ലാതാക്കി ഒരുവനു നിലനിൽക്കാനാവില്ല. സൗഹാർദത്തിന്റെയും സഹകരണത്തിന്റെയും സംസ്കാരം വളർത്താം. നന്മകൾ പങ്കുവയ്ക്കാം.
ആർക്കെങ്കിലും ദോഷം വരുത്തുന്നതിനെ ഉപേക്ഷിക്കാം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങൾ മുറുകെപ്പിടിക്കാം. അതാകട്ടെ നമ്മുടെ ക്ഷേമരാഷ്ട്രം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group