അവധിക്ക് കേന്ദ്രാനുമതി ലഭിച്ചില്ല; വിജിലൻസ് ഡയറക്ടർ സ്വയം വിരമിക്കുന്നു

തിരുവനന്തപുരം: വിരമിക്കാൻ ഒരുവർഷത്തോളം ബാക്കിനില്‍ക്കെ ഡി.ജി.പി. തസ്തികയിലുള്ള വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ സ്വയം വിരമിക്കുന്നു.

വിദേശത്ത് അധ്യാപനത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നത് കേന്ദ്രം അനുവദിക്കാത്തതിനു പിന്നാലെയാണ് അദ്ദേഹം സ്വയംവിരമിക്കലിന് അപേക്ഷിച്ചത്.

ഇക്കാര്യം അംഗീകരിച്ച സർക്കാർ അടുത്തമാസം 11 മുതല്‍ വിരമിക്കാൻ അനുമതി നല്‍കി ഉത്തരവായി. ടി.കെ. വിനോദ് കുമാർ സ്ഥാനമൊഴിയുന്നതോടെ ബിവറേജസ് കോർപ്പറേഷൻസ് എം.ഡി.യായ എ.ഡി.ജി.പി. യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി. തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

1992 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായ ടി.കെ. വിനോദ് കുമാർ അടുത്തവർഷം ഓഗസ്റ്റിലായിരുന്നു വിരമിക്കേണ്ടിയിരുന്നത്. നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹേബിന്റെ കാലാവധി നീട്ടി നല്‍കിയതോടെ ടി.കെ. വിനോദ് കുമാറിന് ഇനി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയില്ലാതെയുമായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്വയംവിരമിക്കലിലേക്കു കടന്നത്.

നേരത്തേ അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയില്‍ അദ്ദേഹം അധ്യാപകനായിരുന്നു. ഇന്ത്യാന സർവകലാശാലയില്‍നിന്നുതന്നെയാണ് ക്രിമിനല്‍ ജസ്റ്റിസില്‍ അദ്ദേഹം പിഎച്ച്‌.ഡി. നേടിയതും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group