പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വ്യവസായിക സ്ഥാപനങ്ങളുടെ സംഭാവനകൾ വേണ്ട: നിർണ്ണായക തീരുമാനവുമായി ഫിലിപ്പീൻസ് സഭ.

പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വ്യവസായിക മേഖലകളില്‍ നിന്നുള്ള സംഭാവനകള്‍ വേണ്ടന്നു തീരുമാനിച്ച് ഫിലിപ്പീൻസ് സഭാനേതൃത്വം.

ഫിലിപ്പീന്‍സിലെ കത്തോലിക്ക മെത്രാന്മാരുടെ രണ്ടു ദിവസം നീണ്ട സമ്പൂര്‍ണ്ണ യോഗത്തിന് ശേഷം പരിസ്ഥിതിയെ സംബന്ധിച്ച് ഫിലിപ്പീനോ മെത്രാന്‍സമിതി (സി.ബി.സി.പി). ഇക്കഴിഞ്ഞ ദിവസം അവതരിപ്പിച്ച അജപാലക നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

രാജ്യത്തെ എല്ലാ രൂപതകളിലും ഈ നയം പ്രാബല്യത്തില്‍ വരുത്തുമെന്നും, അജപാലകപരമായി പല കാര്യങ്ങള്‍ ചെയ്യുവാനുണ്ടെങ്കില്‍ പോലും പരിസ്ഥിതിയുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ദേശീയ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ്പ് പാബ്ലോ വര്‍ജീലിയോ ഡേവിഡ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിനാശകരമായ ഊര്‍ജ്ജോല്‍പ്പാദന മേഖലകളില്‍ നിക്ഷേപം നടത്തുന്ന കമ്പനികളില്‍ നിന്നും വിട്ടുനില്‍ക്കുവാനും മെത്രാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ‘ലൗദാത്തോ സി’ എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ പാരിസ്ഥിതിക സംരക്ഷണത്തേക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉള്‍കൊണ്ടാണ് ഈ തീരുമാനമെന്നു സി.ബി.സി.പി വൈസ് പ്രസിഡന്റ് മൈലോ ഹ്യൂബര്‍ട്ട് വെര്‍ഗാര പറഞ്ഞു. 2013-2021 കാലയളവിനിടയില്‍ ലോകത്തുണ്ടായ ഏറ്റവും വിനാശകരമായ ചില ട്രോപ്പിക്കല്‍ കൊടുങ്കാറ്റുകളുടെ ദുരിതമനുഭവിക്കുന്ന ഫിലിപ്പീന്‍സ് പോലെയുള്ള കാലാവസ്ഥാപരമായി ദുര്‍ബ്ബലമായ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ബിഷപ്പ് വെര്‍ഗാര ചൂണ്ടിക്കാട്ടി. ഖനന പദ്ധതികളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന കത്തോലിക്ക കമ്പനികളില്‍ നിന്നും യാതൊരു സംഭാവനകളും സ്വീകരിക്കേണ്ടതില്ലെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ ഫിലിപ്പീനോ മെത്രാന്‍ സമിതി തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group