നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. ഇടക്കാല സർക്കാരില്‍ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തതായാണ് റിപ്പോർട്ടുകള്‍.

പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീൻ, സൈനിക ഉദ്യോഗസ്ഥർ, വിദ്യാർഥി നേതാക്കള്‍ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. നേരത്തേ യൂനുസിനെ ഇടക്കാല സർക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണവിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാർഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകർ അർപ്പിച്ച വിശ്വാസത്തിലൂടെ താൻ ആദരിക്കപ്പെട്ടുവെന്ന് വാർത്താഏജൻസിയായ എ.എഫ്.പി. നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചിരുന്നു.

രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടക്കാല സർക്കാർ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ് ഡോ. യൂനുസ്. ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്ബത്തികസഹായം നല്‍കുന്നതിന് 1983-ല്‍ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകള്‍ സ്ഥാപിച്ചയാളാണ് യൂനുസ്. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിർമാർജനത്തില്‍ സുപ്രധാന പങ്കുവഹിച്ചതിനാണ് 2006-ല്‍ യൂനുസിന് നൊബേല്‍സമ്മാനം ലഭിച്ചത്. 2008-ല്‍ അധികാരത്തില്‍വന്നശേഷം തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച്‌ ഹസീന സർക്കാർ യൂനുസിനെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. പല കേസുകളിലും പ്രതി ചേർക്കുകയും ചെയ്തിരുന്നു.

അതേസമയം രാജിവെച്ച്‌ ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിൻഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവർക്ക് അഭയം നല്‍കാൻ യു.കെ. തയ്യാറല്ലെന്നാണ് സൂചന. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m