മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ് ഗോത്രത്തിലും ക്രൈസ്തവരുണ്ട്. രണ്ടു ഗോത്രങ്ങളിലും ഉള്ളവർ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങൾക്കിരയായവരാണ്. അതുകൊണ്ടുതന്നെ ഈ കലാപം വർഗീയ സംഘട്ടനമാണോ അതോ ഗോത്രങ്ങൾ തമ്മിലുള്ള വൈരമാണോ അതോ ഇവ രണ്ടും ഇടകലർന്നതാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് യാഥാർദ്ധ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കത്തോലിക്ക മെത്രാന്മാരുടെ പ്രസ്താവനയിൽ നിന്നു മനസിലാകുന്നത് അവരും ഇതിനെ വർഗീയ സംഘട്ടനം എന്നതിനേക്കാൾ വംശീയ സംഘട്ടനം ആയി കാണുന്നു എന്നാണ്. ഭൂരിപക്ഷം ക്രിസ്ത്യാനികളുള്ള കുക്കി ഗോത്രത്തിനു സ്വതന്ത്ര ഭരണപ്രദേശം വേണമെന്ന ആവശ്യവുമായി മുമ്പോട്ടുവന്നിരിക്കുന്നതു കുക്കികളായ ബി ജെ പി എം ൽ എമാരാണ് എന്നതും ശ്രദ്ധിച്ചു. കുക്കികളും മെയ്തെയികളും തമ്മിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തർക്കങ്ങളും കുക്കികളെ മുഴുവൻ നുഴഞ്ഞു കയറ്റക്കാരും മയക്കുമരുന്ന് വ്യാപാരികളും ആയി ചിത്രീകരിച്ചുള്ള ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ നടപടികളും ഒക്കെയാണ് ഈ ദാരുണമായ സാഹചര്യത്തിലേക്ക് നയിച്ചത്. ഗോത്രശത്രുതയുടെ മറവിൽ വർഗീയ ഉന്മൂലനവും ലക്ഷ്യമാക്കിയോ എന്ന സംശയം തീർച്ചയായും പ്രസക്തമാണ്. എങ്കിലും ഒരു മതത്തെ എന്നതിനേക്കാൾ ഒരു ജനതയെ തന്നെ അപരവൽക്കരിക്കാനുള്ള ഭരണകൂടത്തിന്റെ പരിശ്രമമാണ് ഈ കലാപത്തിലേക്ക് നയിച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നു.
മണിപ്പൂർ കലാപത്തിൽ നിശ്ശബ്ദത പുലർത്തി എന്നാരോപിച്ചു കേരളത്തിലെ കത്തോലിക്കാ സഭയെ ലക്ഷ്യമാക്കി ക്രൂരമായ വിമർശനങ്ങൾ ഈ ദിനങ്ങളിൽ കാണുവാനിടയായി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കത്തോലിക്ക മെത്രാന്മാരുടെ നിലപാടുമാത്രമേ ഈ കാര്യത്തിൽ കേരളസഭയും സ്വീകരിച്ചുള്ളു. പോരടിക്കുന്ന രണ്ടു ഗോത്രങ്ങളെയും ഉൾക്കൊള്ളാതെ സഭക്കൊരു നിലപാട് സ്വീകരിക്കാൻ സാധിക്കുകയില്ലതാനും. മണിപ്പൂരിൽ 41 ശതമാനം ക്രൈസ്തവരുണ്ട്. അവിടുത്തെ ഭരണകക്ഷിയിൽ ക്രൈസ്തവ എം ൽ എ മാരും ഉണ്ട്. കേരളത്തിൽ 18 ശതമാനം ക്രൈസ്തവരെ ഉള്ളു. മതസൗഹാർദ്ദവും മതേതരത്വവും വളർത്താൻ സഭയെന്നും മികച്ച സംഭാവനകൾ നൽകിയിട്ടുമുണ്ട്. എന്നിട്ടും, കിട്ടിയ അവസരം മുതലാക്കണം എന്ന വാശിയോടെ സഭാപിതാക്കന്മാരെ വിമർശിക്കാനും ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനും മുന്നിൽ നിൽക്കുന്നവരിൽ സഭയുടെ പുരോഹിതരും വാരികകളും ഒക്കെയുണ്ട്. ഒരു കല്ലും വഴിമാറി പോകാതെ പിതാക്കന്മാരുടെ നേർക്കുതന്നെ കൊള്ളിക്കുമ്പോൾ തോൽക്കുന്നത് എല്ലാവരുമാണെന്ന തിരിച്ചറിവ് വരാൻ ഇനിയും കാത്തിരിക്കണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group