നവംബർ 12: വിശുദ്ധ ജോസഫാറ്റ്‌.

പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോള്‍ഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ്‌ കുണ്‍സെവിക്സ് ജനിച്ചത്. ജോണ്‍ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ അറിവ്‌ നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത്‌ നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു.

1064-ല്‍ യുക്രേനിയയില്‍ വിശുദ്ധ ബേസില്‍ സ്ഥാപിച്ച ബാസിലിയന്‍സ് സഭയില്‍ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം നയിക്കുകയും ചെയ്തു. ശൈത്യകാലങ്ങളില്‍ പോലും വിശുദ്ധന്‍ നഗ്നപാദനായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. വീഞ്ഞും മാംസവും ഇദ്ദേഹം പൂര്‍ണ്ണമായും വര്‍ജ്ജിച്ചിരുന്നു.

1614-ല്‍ വിശുദ്ധന്‍ റഷ്യയിലെ വില്നായിലുള്ള ഒരു ആശ്രമത്തിന്റെ പരമാധികാരിയായി നിയമിതനാവുകയും നാല് വര്‍ഷത്തിനുശേഷം പൊളോട്സ്ക്കിലെ മെത്രാപ്പോലീത്തയായി നിയമിതനാവുകയും ചെയ്തു. സഭയുടെ ഏകീകരണത്തിനായി വിശുദ്ധന്‍ അശ്രാന്തം പരിശ്രമിച്ചു. പാവപ്പെട്ടവരുടെ ഒരു വലിയ സുഹൃത്തായിരുന്നു വിശുദ്ധന്‍. ഒരിക്കല്‍ ഒരു പാവപ്പെട്ട വിധവയെ സഹായിക്കുന്നതിനായി തന്റെ മെത്രാന്റെ അധികാര പദവി വസ്ത്രം വരെ വിശുദ്ധന്‍ പണയപ്പെടുത്തുകയുണ്ടായി. എന്നാല്‍ ചില ശത്രുക്കള്‍ ഇദ്ദേഹത്തെ വധിക്കുവാന്‍ പദ്ധതിയിട്ടു.

ഒരു ആരാധനക്കിടക്ക് വിശുദ്ധന്‍ തന്നെ തന്റെ ആസന്നമായ മരണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. റഷ്യയിലുള്ള വിറ്റെബ്സ്ക് സന്ദര്‍ശിക്കുന്നതിനിടക്ക്‌ ശത്രുക്കള്‍ വിശുദ്ധന്‍ താമസിക്കുന്ന വസതി ആക്രമിക്കുകയും അദ്ദേഹത്തിന്റെ സഹചാരികളെ വധിക്കുകയും ചെയ്തു. അതിവിനയത്തോടെ ഈ ദൈവീക മനുഷ്യന്‍ അവരോട് വിളിച്ചു പറഞ്ഞു “എന്റെ മക്കളെ, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എന്നോടെന്തെങ്കിലും വിരോധമുണ്ടെങ്കില്‍, ഇതാ ഞാന്‍ ഇവിടെ നില്‍ക്കുന്നു.” ഉടന്‍തന്നെ ശത്രുക്കള്‍ “ഈ കത്തോലിക്കനെ കൊല്ലുക” എന്നാക്രോശിച്ചുകൊണ്ട് വാളും തോക്കുകളുമായി വിശുദ്ധനെ ആക്രമിച്ചു വധിച്ചു.

അദ്ദേഹത്തിന്‍റെ ശരീരം അവര്‍ നദിയിലേക്കെറിഞ്ഞെങ്കിലും, പ്രകാശരശ്മികളാല്‍ വലയം ചെയ്ത രീതിയില്‍ വെള്ളത്തിന്‌ മീതെ പൊങ്ങിവരികയും തിരിച്ചെടുക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഘാതകരെ മരണശിക്ഷക്ക് വിധിച്ചപ്പോള്‍ അവര്‍ തങ്ങളുടെ തെറ്റില്‍ പശ്ചാത്തപിക്കുകയും കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി പറയപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group