നവംബർ 20: വിശുദ്ധ എഡ്മണ്ട് രാജാവ്…

802 മുതൽ വെസ്റ്റ്‌-സാക്സണ്‍സ്’ ആയിരുന്നു മുഴുവന്‍ ഇംഗ്ലണ്ടിന്‍റെയും പരമാധികാരികള്‍. എന്നിരുന്നാലും ചില ഭാഗങ്ങളില്‍ ചില രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നു. കിഴക്കന്‍ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. അതിന്‍ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും പഴയ ഇംഗ്ലീഷ്-സാക്സണ്‍ രാജാക്കന്മാരുടെ പിന്തലമുറയില്‍പ്പെട്ടവനും നന്മയില്‍ വളരുകയും ചെയ്ത വിശുദ്ധ എഡ്മണ്ടിനെ ഏല്‍പ്പിച്ചു. വിശുദ്ധന് അപ്പോള്‍ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു.

855-ലെ ക്രിസ്തുമസ് ദിനത്തില്‍ യൂര്‍സ് എന്ന്‍ വിളിക്കപ്പെടുന്ന സ്റ്റൌറിലുള്ള ബുറും എന്ന രാജകീയ മാളികയില്‍വച്ച് എല്മാനിലെ മെത്രാനായ ഹുണ്‍ബെര്‍ട്ടിനാല്‍ വിശുദ്ധന്‍ തന്റെ പൂര്‍വ്വികരുടെ സിംഹാസനത്തില്‍ അവരോധിതനായി. പ്രായത്തില്‍ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു. ഒരു നല്ല രാജകുമാരന്‍റെ ഉദാഹരണമായിരുന്നു വിശുദ്ധന്‍. മുഖസ്തുതിപാടകരുടേയും ഒറ്റുകാരുടേയും പ്രഖ്യാപിത ശത്രുവായിരുന്നു ഇദ്ദേഹം. തന്റെ ജനങ്ങളുടെ സമാധാനത്തിലും സന്തോഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതിനാല്‍ പക്ഷപാതരഹിതവും നീതിയുക്തവും മത-നിയമങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമായ ഒരു ഭരണത്തിനായി ഉത്സാഹിച്ചു.

തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുര്‍ബ്ബലരുടെ സഹായവും ആയിരുന്നു എഡ്മണ്ട് രാജാവ്. മതവും, ദൈവഭക്തിയും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയാവുന്ന സവിശേഷതകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സന്യാസിമാര്‍ക്കും പുരോഹിതര്‍ക്കും പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും ഹൃദ്വിസ്ഥമായിരുന്നു. അതിനാല്‍ യാത്രവേളകളിലും, മറ്റവസരങ്ങളിലും പുസ്തകത്തിന്റെ സഹായം കൂടാതെ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതിന് അവര്‍ക്ക് കഴിഞ്ഞിരുന്നു.

പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും സ്വയം ഹൃദ്വിസ്ഥമാക്കുന്നതിനായി അദ്ദേഹം നോര്‍ഫോക് എന്നറിയപ്പെടുന്ന ഗ്രാമത്തില്‍ താന്‍ പണികഴിപ്പിച്ച രാജകീയ ഗോപുരത്തില്‍ ഏതാണ്ട് ഒരുവര്‍ഷക്കാലം പദവിയില്‍ നിന്നും അധികാരത്തില്‍ നിന്നും ഒഴിഞ്ഞുമാറികൊണ്ട് ജീവിച്ചു. ഡെന്മാര്‍ക്കുകാരുടെ ആക്രമണം വരെ ഏതാണ്ട് 15 വര്‍ഷക്കാലം ഈ വിശുദ്ധന്‍ രാജ്യം ഭരിച്ചു.

നരാധമന്‍മാരായ ശത്രുക്കള്‍ വിശുദ്ധന് പല പ്രലോഭനങ്ങളും നല്‍കി. എന്നാല്‍ അവയെല്ലാം തന്റെ മത വിശ്വാസത്തിനും തന്റെ ജനതയോടുള്ള നീതിക്കും എതിരാണെന്ന കാരണത്താല്‍ വിശുദ്ധന്‍ നിരസിച്ചു. തന്റെ മതത്തിനും മനസാക്ഷിക്കും എതിരായി ജീവിക്കുന്നതിലും ഭേദം വിശ്വാസത്തിനുവേണ്ടി മരിക്കുവാനായിരുന്നു വിശുദ്ധന്‍ ഇഷ്ടപ്പെട്ടിരുന്നത്. വിശുദ്ധന്‍ വേവ്നിയില്‍ കുറച്ച് കാലം ഒളിവില്‍ കഴിഞ്ഞിരുന്നുവെങ്കിലും ഒക്സണ്‍ എന്ന സ്ഥലത്ത് വച്ച് ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. കനത്ത ചെങ്ങലയാല്‍ അവര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി അവരുടെ ജനറലിന്റെ കൂടാരത്തില്‍ എത്തിച്ചു. അവിടെ വച്ചും അവര്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചുവെങ്കിലും വിശുദ്ധനായ ഈ രാജാവ് തന്റെ മതം തനിക്ക് ജീവനേക്കാള്‍ വലുതാണ്‌ എന്ന്‍ പ്രഖ്യാപിച്ചുകൊണ്ട് അതെല്ലാം നിരസിച്ചു.

ഇതില്‍ പ്രകോപിതനായ ഹിംഗുവാര്‍ അദ്ദേഹത്തെ ഒരു കുറുവടികൊണ്ട് മര്‍ദ്ദിച്ചു. അതിനുശേഷം അദ്ദേഹത്തെ ഒരു മരത്തില്‍ ബന്ധനസ്ഥനാക്കി ചാട്ടകൊണ്ടടിച്ചു മേലാകെ മുറിവേല്‍പ്പിച്ചു. വളരെയേറെ ക്ഷമാപൂര്‍വ്വം വിശുദ്ധന്‍ ഇതെല്ലാം സഹിച്ചു. ഈ പീഡനങ്ങള്‍ക്കൊന്നുംതന്നെ ക്രിസ്തുവിന്റെ നാമം വിളിക്കുന്നതില്‍ നിന്നും വിശുദ്ധനെ പിന്തിരിപ്പിച്ചില്ല. ഇത് ശത്രുക്കളെ കൂടുതല്‍ പ്രകോപിതരാക്കുകയും അവര്‍ ആ മരത്തെ വളഞ്ഞു നിന്നുകൊണ്ടു വിശുദ്ധന്റെ ശരീരത്തിന്റെ ഒരിഞ്ചുപോലും പുറത്ത് കാണാത്ത രീതിയില്‍ ഒരു മുള്ളന്‍പന്നിയെന്ന കണക്കെ അസ്ത്രം കൊണ്ടു നിറച്ചു. വളരെ നേരത്തിനു ശേഷം ഹിംഗുവാര്‍ ഈ ക്രൂരത നിറുത്തുകയും വിശുദ്ധന്‍റെ തല വെട്ടിമാറ്റുവാന്‍ ഉത്തരവിടുകയും ചെയ്തു.

അങ്ങനെ 870 നവംബര്‍ 20ന് തന്റെ 29-മത്തെ വയസ്സില്‍ തന്റെ ഭരണത്തിന്‍റെ പതിനഞ്ചാം വര്‍ഷം വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group