November 3 – വി. മാർട്ടിൻ ഡെ പോറസ്റ്റ് ( 1579 -1639 )

സുന്ദരിയായ റോസാ പുണ്യവതി ജനിച്ച സുന്ദരമായ ലീമാ നഗരത്തിലാണ് ഈ നീഗ്രോ പുണ്യവാന്റെയും ജനനം. അച്ഛൻ ഡോൺ ജുവാൻഡെ  പോറസ്റ്റ് പ്രഭു. ‘അമ്മ പനാമക്കാരിയായ ഒരു നീഗ്രോ ആയിരുന്നു. ന്യായമായ ഒരു വിവാഹമായിരുന്നില്ല അവരുടേത്. മാർട്ടിൻ അമ്മയെപ്പോലെ നീഗ്രോയും സഹോദരി ജുവാന അച്ഛനെപ്പോലെ യൂറോപ്യൻ വർണ്ണമുള്ളവളുമായിരുന്നു. കൂട്ടുകാർ ഓടിക്കളിക്കുമ്പോൾ മാർട്ടിൻ, വി. സെബാസ്റ്റ്യന്റെ ദേവാലയത്തിൽ ഭക്ത സ്ത്രീകളെപ്പോലെ പ്രാർഥിക്കുകയായിരുന്നു പതിവ്. ‘അമ്മ മാർട്ടിന് കൊടുത്തിരുന്ന ഭക്ഷണവും വസ്ത്രങ്ങളും അവൻ ദരിദ്രർക്ക് കൊടുക്കുകയാണ് ചെയ്തിരുന്നത്.

മാർട്ടിന്റെ സ്വഭാവഗുണത്തെപ്പറ്റി കേട്ട പിതാവ് രണ്ടു കുട്ടികളെയും ഇക്വഡോറിലേക്ക് കൊണ്ടുപോയി ഇളയച്ഛന്റെ കൂടെ താമസിപ്പിച്ചു പഠിപ്പിച്ചു. അവിടെ മാർട്ടിൻ എഴുതാനും വായിക്കാനും പഠിക്കുകയുണ്ടായി. പത്തുവയസ്സുള്ളപ്പോൾ അവൻ അമ്മയുടെ അടുക്കലേക്ക് മടങ്ങി. ഉദ്ദേശം പതിമൂന്ന് വയസ്സുള്ളപ്പോൾ മാർട്ടിൻ ഒരു ഡോക്ടറുടെ പിയൂണായി. അവിടെ രാത്രികാലങ്ങളിൽ അദ്ദേഹം തിരി കത്തിച്ചു വെച്ച് ഏതെങ്കിലും സദ്ഗ്രന്ഥം വായിച്ചിരുന്നു. ആശുപത്രിയിൽ എല്ലാവർക്കും നല്ല സേവനം നൽകണമെന്ന ഒരാഗ്രഹം മാത്രമേ മാർട്ടിനുണ്ടായിരുന്നുള്ളൂ. പതിനഞ്ചു വയസ്സുള്ളപ്പോൾ മാർട്ടിൻ, ഡൊമിനിക്കൻ സഭയിൽ ഒരാത്മായ സഹോദരനായി ചേർന്ന് അങ്ങേയറ്റം സ്നേഹത്തോടും ത്യാഗത്തോടുംകൂടെ രോഗികളെ ശുശ്രൂഷിച്ചു വന്നു.  

മാർട്ടിന്റെ ഉപവിയും എളിമയും പ്രാർഥനയിലുള്ള തീക്ഷണതയും കണ്ട്,  5 വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ സഹോദരനായി വ്രതവാഗ്‌ദാനം ചെയ്യാൻ  അനുവദിച്ചു. പല രാത്രികളിലും, പ്രാർഥനയിലും പ്രായശ്ചിത്തത്തിലുമാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. പകൽ രോഗികളെ വർണ്ണഭേദം കൂടാതെ ശ്രദ്ധാപൂർവ്വം ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ആഫ്രിക്കയിൽനിന്ന് വന്ന അടിമകൾക്കായി ഒരു അനാഥശാല അദ്ദേഹം സ്ഥാപിച്ചു. ആഴ്ചതോറും 26,000  രൂപയുടെ ദാനധർമ്മം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ  സംഖ്യ മുഴുവൻ ധനികരിൽ നിന്ന് പിരിച്ചെടുത്തതാണ്. പുതപ്പോ മെഴുക് തിരിയോ കുപ്പായമോ ഭക്ഷണമോ ആവശ്യമുള്ളവർക്കൊക്കെ അദ്ദേഹം കൊടുത്തിരുന്നു. ഉപവിയുടെ മാർട്ടിൻ എന്നാണ് ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്.

ക്രമേണ ജനങ്ങൾ അദ്ദേഹത്തെ അത്ഭുത പ്രവർത്തകനും പരഹൃദയജ്ഞാനിയുമായ ഒരു വിശുദ്ധനായി പരിഗണിക്കാൻ തുടങ്ങി. വെറും സ്പർശനം കൊണ്ടോ കുരിശടയാളം വരച്ചോ അദ്ദേഹം അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നു. പ്രാർത്ഥനവേളയിൽ അദ്ദേഹത്തിന്റെ ശരീരം വായുവിൽ ഉയർന്നിരുന്നുവത്രെ. ഒരിക്കൽ അദ്ദേഹം ആശ്രമ ദേവാലയത്തിന്റെ കുരിശുരൂപത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ കർത്താവിന്റെ പാദംവരെ അദ്ദേഹത്തിന്റെ പാദം ഉയർന്നതായി പ്രേക്ഷകർ സാഷ്യം വഹിക്കുന്നു. ദ്വിസ്ഥലസാന്നിധ്യവും (Bilocation ) റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

1639 നവംബർ 3ന് തന്റെ 60 മത്തെ വയസിലാണ് മാർട്ടിൻ മരിച്ചത്. ലീമാ മുഴുവനും വിലപിച്ചു.പെറുവിലെ വൈസ്രോയിയും രണ്ടു മെത്രാൻമാരും ഒരു പ്രഭുവുമാണ് ശവമഞ്ചം വഹിച്ചത്. 1962 മേയ് 6ന് അദ്ദേഹത്തെ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

  ഇതര വിശുദ്ധർ:

1. സിറിയായിലെ അസെപ്സിമാസ്. ( 5- നൂറ്റാണ്ട് .)

2. സ്ത്രാസുബെർഗ രൂപതയിലെ അക്കെറിക്കും വില്യവും. ( +860 )

3. വെയിൽസിലെ ക്രിസ്റ്റോളൂസ്. ( 7- നൂറ്റാണ്ട് )

4. വീയെനിലെ ഡോംനൂസ് മെത്രാൻ ( +657 )

5. വെയിൽസിലെ എലേരിയൂസ്.  ( 6- നൂറ്റാണ്ട്. )


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group