പരിശുദ്ധാത്മാവിനോടുള്ള നൊവേന- മൂന്നാം ദിവസം.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

“കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.” (സങ്കീ. 107:1)

മൂന്നാം ദിവസം- പശ്ചാത്താപം ലഭിക്കാന്‍

“അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റിയയൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും.” (ലൂക്കാ.15:7).

എന്‍റെ പാപങ്ങള്‍ ഏറ്റെടുക്കാനും പിശാചിന്‍റെ പ്രവൃത്തികളെ നശിപ്പിക്കാനുമായി പ്രത്യക്ഷനായ ദൈവപുത്രനായ ഈശോയെ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. സ്തുതിക്കുന്നു, നന്ദി പറയുന്നു. വീണ്ടും ജനിക്കാതെ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയുകയില്ലെന്ന് വ്യക്തമാക്കിയ കര്‍ത്താവേ, അങ്ങയുടെ ആത്മാവിനാല്‍ ഞങ്ങളെ നയിക്കണമേ. ദൈവിക ചൈതന്യത്തില്‍ നിലനില്‍ക്കുവാനും യേശുക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായിരിക്കാനും ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് പാപരഹിത ജീവിതം നയിക്കാനും സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു വളരുവാനും അനേകരെ സത്യത്തിന്‍റെ പാതയിലേക്കു നയിക്കുവാനും ഞങ്ങളെ പ്രപ്തരാക്കണമേ.

എന്‍റെ സ്വര്‍ഗ്ഗീയ പിതാവേ, ഇന്നുവരെ ഞാന്‍ ചെയ്തു പോയ എല്ലാ പാപങ്ങളെയും പ്രത്യേകിച്ച്, അങ്ങയുടെ സന്നിധിയില്‍ വരുത്തിയ കുറ്റകരവും മരണാര്‍ഹവുമായ വീഴ്ചകളെയോര്‍ത്ത് (വ്യഭിചാരം, മദ്യപാനം) പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ പശ്ചാത്തപിക്കുന്നു. എന്‍റെ എല്ലാ പാപങ്ങള്‍ക്കും പരിഹാരമായി ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളും കുരിശുമരണവും ഉത്ഥാനവും ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. എന്‍റെ പിതാവേ, അവിടുത്തെ തിരുക്കുമാരന്‍റെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിച്ചു അവിടുത്തെ ആത്മാവിനാല്‍ എന്നെ നയിക്കണമേ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

യേശുക്രിസ്തുവിന്‍റെ തിരുരക്തം സകല പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹ. 1:7).

എന്‍റെ പാപങ്ങള്‍ ഏറ്റെടുത്ത് രക്ഷിച്ച ഈശോയ്ക്കു നന്ദി (100 പ്രാവശ്യം)

N.B. (കുമ്പസാരത്തിനും പാപബോധത്തിനും ഏറ്റുപറച്ചിലിനും സഹായിക്കുന്ന തിരുവചനഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. മത്താ. 12: 36-37, മത്താ. 15:18-20), മര്‍ക്കോ. 7:21-23, അപ്പ. 15:28-29, 1 കൊറി. 6:9-10, ഗലാ. 5:19-21, കൊളോ. 3:5-11, വെളി. 21:8, വെളി. 22:15, പ്രഭാ. 28:13-22, പ്രഭാ. 28:1-7, പ്രഭാ. 21:1-3. തിരുവചനങ്ങളില്‍ നിന്ന്‍ നമ്മെ സ്വാധീനിക്കുന്ന പാപങ്ങളെ ഓര്‍ത്ത്, അനുതപിച്ച് ഏറ്റു പറഞ്ഞ് പരിത്യജിക്കാന്‍ തീരുമാനം എടുക്കുക. ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവര്‍ക്ക് കരുണ ലഭിക്കും (സുഭാ. 28:13). കുമ്പസാരത്തിനുള്ള ജപം ചൊല്ലുക. തുടര്‍ന്ന് പ്രാര്‍ത്ഥന ചൊല്ലി, കണ്ടെത്തിയ പാപങ്ങളെ കുമ്പസാരത്തില്‍ ഏറ്റുപറയുക. തുടര്‍ന്ന്, മനസ്താപപ്രകരണം ചൊല്ലി, പാപങ്ങള്‍ ക്ഷമിച്ചതിന് ഈശോയ്ക്ക് നന്ദിയും സ്തുതിയും പറയുക)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group