ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത ഡൊമിനിക്കൻ കന്യാസ്ത്രീമഠം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു.
നിനവേ സമതലത്തിലെ ബത്‌നയിൽ സ്ഥിതിചെയ്തിരുന്ന സെന്റ് ജോസഫ് കോൺവെന്റാണ് ഇറാഖീ ക്രൈസ്തവർക്ക് പ്രത്യാശ പകർന്നുകൊണ്ട് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്.
പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ‘എയ്ഡ് ടു ദ ചർച്ച് നീഡി’ന്റെ (എ.സി.എൻ) സഹായത്തോടെയാണ് കോൺവെന്റിന്റെ പുനർനിർമാണം നടന്നത് .
ഒരുകാലത്ത് പ്രമുഖ ക്രൈസ്തവ കേന്ദ്രമായിരുന്ന ബത്‌നയിലെ ഡൊമിനിക്കൻ കന്യാസ്ത്രീമഠവും അവിടെയുണ്ടായിരുന്ന കിന്റർ ഗാർട്ടണും 2014 – 2016 കാലഘട്ടത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിനിരയായത്. ചാപ്പലിലെ അൾത്താരയും തിരുരൂപങ്ങളും ഉൾപ്പെടെ തച്ചുടച്ച തീവ്രവാദികൾ മഠത്തിന്റെ ചുവരുകളിൽ ക്രിസ്തീയവിരുദ്ധ സന്ദേശങ്ങൾ എഴുതുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം അവസാനിച്ചശേഷം കന്യാസ്തീകൾ പ്രദേശത്തേക്ക് തിരിച്ചെത്തി ശുശ്രൂഷകൾ തുടങ്ങിയെങ്കിലും കന്യാസ്ത്രീമഠം താമസയോഗ്യമായിരുന്നില്ല.
സമീപ നഗരമായ ടെൽകുഫിൽ താമസിച്ചുകൊണ്ടായിരുന്നു ബത്‌നയിലെ ശുശ്രൂഷകൾ അവർ നിർവഹിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഇറാഖീ ക്രൈസ്തവരുടെ ക്ഷേമത്തിനായി ഇതിനകംതന്നെ നിരവധി പദ്ധതികൾ നടപ്പാക്കിയ ‘എ.സി.എൻ’ കന്യാസ്ത്രീ മഠത്തിന്റെ പുനർനിർമാണം ഏറ്റെടുത്തത്. ഇറാഖിലെ സ്വയം ഭരണപ്രദേശമായ കുർദിസ്ഥാനിലെ കൽദായ രൂപതാധ്യക്ഷൻ മോൺ. പോൾ താബിറ്റ് മെക്കോയാണ് പുനർനിർമിച്ച കെട്ടിടത്തിന്റെ കൂദാശ നിർവഹിച്ചത്.
സെന്റ് ജോസഫ് കോൺവെന്റിലേക്കുള്ള ഡൊമിനിക്കൻ കന്യാസ്ത്രീമാരുടെ തിരിച്ചുവരവ് വലിയ ആവേശവും പ്രത്യാശയുമാണ് പ്രദേശത്തെ ക്രൈസ്തവർക്ക് നൽകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group