ഒക്ടോബർ 13 – വിശുദ്ധ എഡ്വേർഡ് രാജാവ്

AD 1003-ൽ രാജകുടുംബത്തിൽപ്പെട്ട ഏർഥേലിന്റെയും എമ്മയുടെയും മകനായി ഇംഗ്ലീണ്ടിലെ ഓസ്‌ഫോർഡ്ഷറിലാണ് എഡ്വേർഡ്  ജനിച്ചത്. ആംഗ്ലോ-സാക്സൺ വംശജരുടെ അവസാനത്തെ രാജാവായിരുന്നു എഡ്വേർഡ്  രാജാവ്. 1042 മുതൽ 1066 തന്റെ മരണം വരെ നീണ്ട 24 വർഷക്കാലം അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഇംഗ്ലണ്ട്. രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ്  രാജാവിന്റെ പേരക്കുട്ടിയായ വിശുദ്ധ എഡ്വേർഡ്, തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോർമൽ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്.

പാപം ചെയ്യാൻ നിറയെ സാഹചര്യങ്ങൾ നിറഞ്ഞതും, പാപ നിബിഢവുമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തന്റെ അമ്മാവന്റെ മരണശേഷം 1042-ൽ ഇംഗ്ലണ്ടിന്റെ സിംഹാസനത്തിൽ അദ്ദേഹം അവരോധിതനായി. ക്രിസ്തീയ തത്വങ്ങളും വിശ്വാസ രീതികളും അടിസ്ഥാനമാക്കിയുള്ള ഒരു ഭരണ സംവിധാനം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു. അതുകൊണ്ട് തന്നെ എഡ്വേർഡ്  രാജാവിന്റെ ഭരണം ഇംഗ്ലണ്ടിലെ രാജകീയ അധികാരത്തിന്റെ വിഘടനത്തിലേക്കും മറ്റ് നാട്ടുരാജാക്കന്മാരുടെ  അധികാരത്തിലേക്കുള്ള മുന്നേറ്റങ്ങളിലേയ്ക്കും നയിച്ചതായി ചരിത്ര രേഖകൾ തെളിയിക്കുന്നു.

നഷ്ടപ്പെട്ടുകൊണ്ടിരുന്ന വിശ്വാസ തീക്ഷ്ണത ജനങ്ങളുടെ ഇടയിലേക്ക് പുനരുദ്ധരിപ്പിക്കുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പരിശ്രമം. ഇതിന്റെ ഭാഗമായി ധാരാളം പള്ളികൾ പണിയുകയും സന്യസ്ഥരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അതോടൊപ്പം മറ്റ് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാനും എഡ്വേർഡ്  രാജാവ് നിർബന്ധിതനായി. സഭയുടെ നിയമനങ്ങളിൽ അദ്ദേഹം ഇടപെട്ടു. 1051-ൽ കാന്റർബറിയിലെ ആർച്ച് ബിഷപ്പായി ലണ്ടനിലെ ബിഷപ്പ് റോബർട്ടിനെ നിയമിക്കുകയും, ഇദ്ദേഹത്തിന് പകരമായി ലണ്ടനിലെ ബിഷപ്പായി സ്പിയർഹാ ഫോക്കിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കടുത്ത വിമർശനങ്ങളെ അതിജീവിച്ച് ചെയ്‌ത ഇദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ സഭ വളരാൻ നിർണ്ണായകമായി.

 മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ വിശുദ്ധ ജോണ്‍ ആയിരുന്നു എഡ്വേർഡിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ. തന്റെ അടുത്ത് സഹായത്തിനായി വരുന്നവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല. 1056-ൽ ഡീർഹസ്സിലെ ജന്മി മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അവകാശികളില്ലാത്ത സ്വത്തും ഭൂമിയുമെല്ലാം മറ്റുള്ളവർ തട്ടിയെടുക്കാതെയിരിക്കാൻ, എഡ്വേർഡ് രാജാവ് അവ പിടിച്ചെടുക്കുകയും പാവപ്പെട്ടവർക്ക് ദാനമായി നൽകുകയും ചെയ്തു.

ഒരു ദിവസം ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായി ഒരു ഭിക്ഷക്കാരന്റെ രൂപത്തിൽ ഭിക്ഷയാചിച്ചു. ഈ സമയം വിശുദ്ധന്റെ പക്കൽ പണമൊന്നും ഇല്ലാത്തതിനാൽ തന്റെ കൈവിരലിലെ മോതിരം ഭിക്ഷയായി കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ വിശുദ്ധ ജോണ്‍ പ്രത്യക്ഷപ്പെടുകയും മോതിരം തിരിച്ചു കൊടുത്തുകൊണ്ട് തന്റെ മരണം അടുത്തതായി അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹം തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ദിവസമായ 1066 ജനുവരി 5ന് വിശുദ്ധന്‍ കർത്താവിൽ അന്ത്യ നിദ്ര പ്രാപിച്ചു.

എഡ്വേർഡ് രാജാവിന്റെ മരണശേഷം ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം, 1161-ൽ  അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1350-ൽ എഡ്വേർഡ് മൂന്നാമൻ രാജാവ്  ‘സെയ്ന്റ്  ജോർജിനെ’  ഇംഗ്ലണ്ടിന്റെ ഏക ദേശീയ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് വരെ ഇംഗ്ലണ്ടിന്റെ ദേശീയ വിശുദ്ധരിൽ ഒരാളായിരുന്നു വിശുദ്ധ എഡ്വേർഡ് രാജാവ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group