ഒക്ടോബർ 15 – ആവിലായിലെ വിശുദ്ധ തെരേസ

ഡോൺ ആലോൻസോ സാഞ്ചസിന്റെയും ഡോണ ബിയാട്രിസ് ഡവീലയുടെയും മകളായി 1515ൽ സ്‌പെയിനിലെ ആവിലായിലാണ് വിശുദ്ധ തെരേസ ജനിച്ചത്. ബാല്യത്തിൽ ആത്മീയ കാര്യങ്ങളിൽ തെരേസ അതീവ താൽപ്പര്യത്തോടെ പങ്കെടുത്തെങ്കിലും തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ  അമ്മയുടെ മരണശേഷം ലൗകിക ജീവിതത്തിന്റെയും ആഡംബരത്തിന്റെയും പിന്നാലെ അവൾ പോയി. ഉഴപ്പിനടന്ന മകളെ നേരെയാക്കുന്നതിനു വേണ്ടി ത്രേസ്യയുടെ പിതാവ് അവളെ ഒരു കോൺവെന്റിൽ നിർത്തി പഠിപ്പിക്കുവാൻ തീരുമാനിച്ചു.അങ്ങനെ അവളെ വളർത്തിയത് അഗസ്തീനിയൻ കന്യാസ്ത്രീകളാണ്. ത്രേസ്യയുടെ പിതാവിന്റെ ആ തീരുമാനം സ്വർഗ്ഗസ്ഥനായ പിതാവിന്റേത് കൂടിയായിരുന്നുവെന്ന് പിൻകാല അനുഭവങ്ങൾ തെളിയിച്ചു.

കർമ്മലീത്ത മഠത്തിൽ ചേർന്ന് സന്യസ്ഥ ജീവിതം നയിക്കാൻ ത്രേസ്യ ആഗ്രഹിച്ചു.1553ൽ അവൾ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും ആദ്യാത്മീക ബുദ്ധിമുട്ടുകളും അവളെ അലട്ടികൊണ്ടിരുന്നു. മലേറിയ ബാധിച്ച ത്രേസ്യാ ഏകദേശം മൂന്ന് വർഷത്തോളം ശരീരം തളർന്ന് കിടക്കയിൽതന്നെ കഴിച്ചുകൂട്ടേണ്ടതായി വന്നു. എന്നാൽ ദൈവത്തിന്റെ പദ്ധതിയിൽ ത്രേസ്യയുടെ ജീവിതം അങ്ങനെയൊന്നും തീരാനുള്ളതായിരുന്നില്ല. തന്റെ 41-മത്തെ വയസ്സിൽ പ്രാർഥനാ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള ആത്മീയ ഉപദേശം ഒരു വൈദികൻ അവൾക്ക് നൽകി. പ്രാർഥനാ ജീവിതത്തിൽ ആഴപ്പെടാൻ തുടങ്ങിയപ്പോൾ തന്നിൽനിന്നും വലിയ കാര്യങ്ങൾ ദൈവം ആഗ്രഹിക്കുന്നു എന്ന് ത്രേസ്യ മനസിലാക്കി. അങ്ങനെയാണ് കർമ്മലീത്ത സന്യാസ ജീവിതം നവീകരിക്കാനുള്ള ശ്രമങ്ങൾക്ക് അവൾ തുടക്കമിടുന്നത്. അതൊട്ടും എളുപ്പമായിരുന്നില്ല. ത്രേസ്യയുടെ നീക്കങ്ങൾ അനുസരണക്കേടായും, പൈശാചിക പ്രവർത്ഥങ്ങളായും സഭാവിരുദ്ധ നടപടികളായും ഒക്കെ അധികാരികൾ തരംപോലെ വ്യാഖ്യാനിച്ചു. ദൈവിക പ്രചോദനത്താൽ പീയൂസ് 4-മൻ മാർപാപ്പയുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.
നിഷ്‌പാധിക കർമ്മലീത്ത സഭയുടെ ആരംഭം അമ്മത്രേസ്യയുടെ ഈ നവീകരണ പ്രവർത്തങ്ങളിലൂടെയാണ്. സമകലീകരിൽ മാത്രമല്ല തലമുറകളോളം നീണ്ടുനിൽക്കുണ്ട് അവളുടെ സ്വാധീനം. യൂറോപ്പിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഇതരമതസ്ഥരുൽപ്പെടെ അമ്മ ത്രേസ്യയുടെ പുസ്തകങ്ങൾ വായിക്കുകയും അതിനിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. പ്രാർഥനയെക്കുറിച്ചും ആത്മീയ ജീവിതത്തെക്കുറിച്ചുമുള്ള അവളുടെ പഠനങ്ങൾ സന്യസ്ഥർക്ക് മാത്രമല്ല ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും വിലപ്പെട്ടതാണ്.

ദൈവത്തോടൊപ്പമുള്ള വിശുദ്ധയുടെ നിഗൂഡ ഐക്യത്തിൽ നിന്നുമുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടലുകൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട (transverberatio cordis) സംഭവത്തോടെ ഈ ദൈവ കൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്നതിന് കർമ്മല സഭ ആഗസ്റ്റ്‌ 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു. വിശുദ്ധ യൌസേപ്പ് പിതാവിനോട്‌ ഒരു പ്രത്യേക ഭക്തിയും അവൾക്കുണ്ടായിരുന്നു. വിശുദ്ധയുടെ പ്രവർത്തനങ്ങൾ വഴിയാണ് ഔസേപ്പിതാവിനോടുള്ള ആദരവ് സഭയിൽ വളർന്നത്.

അവസാനം വരെ കർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പയിനിലെ അൽബായിലേക്ക് നടത്തിയ വിഷമപൂർൺമായ ഒരു യാത്രക്കിടയിൽ തീർത്തും അവശയായി. 1582 ഒക്ടോബർ 4-ന് “ദൈവമേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്” എന്ന് ഉച്ചരിച്ചു കൊണ്ട് അവള്‍ അവൾ മരിച്ചു. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നത പീഠത്തിൽ ആണ് അവളുടെ വിശുദ്ധ ശരീരം അടക്കം ചെയ്തത്. പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയർത്തി.

ആവിലായിലെ ത്രേസ്യയെ ‘മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക’ എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. പരിശുദ്ധ പിതാക്കന്മാരാൽ നമുക്ക് അറിവായിട്ടുള്ളതും ക്രമരഹിതവും അവ്യക്തവും ആയ നിഗൂഡമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങൾ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്. അവളുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഡതയുടെ ഇതിഹാസങ്ങളാണ്. ഫ്രാൻസിസ് ഡി സാലസ്, അൽഫോണ്‍സസ് ലിഗോരി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശന രീതിയെ അംഗീകരിച്ചിട്ടുണ്ട്.

ജീവിതം കൊണ്ടും പ്രബോധനങ്ങൾ കൊണ്ടും വിശുദ്ധിയുടെ പടവുകൾ താണ്ടിയ ആളാണ് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ. 1970ൽ വിശുദ്ധ കത്രീനായ്ക്കൊപ്പം വിശുദ്ധ അമ്മ ത്രേസ്യായും കത്തോലിക്കാ സഭയിലെ വേദപാരംഗതയായി ഉയർത്തപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group