രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ ഗുരുതര ആരോപണങ്ങളുമായി റെയിൽ സേഫ്റ്റി കമ്മീഷണറുടെ റിപ്പോർട്ട്. അപകടമുണ്ടായ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സിഗ്നലിംഗ് റൂമിൽ കൃത്രിമം നടന്നുവെന്ന ഗുരുതര വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
റെയിൽവേ ബോർഡ് മുൻപാകെ ജൂണ് 28ന് സേഫ്റ്റി കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സംഭവത്തിൽ സിബിഐ അന്വേഷണം പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ റിപ്പോർട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല. അപകടത്തിനു കാരണം ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സിഗ്നലിംഗ് ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പിഴവാണെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾക്ക് നിർദേശം ലഭിച്ചതിനുശേഷവും മതിയായ സുരക്ഷാപരിശോധനകൾ കൂടാതെ ട്രെയിനുകൾ കടത്തിവിട്ടതാണ് അപകടത്തിനു കാരണമായത്.
ട്രാക്കുകളുടെ പതിവ് അറ്റകുറ്റപ്പണികൾക്കായി സിഗ്നലിംഗ് സംവിധാനം ഓഫ് ചെയ്യുന്നതിന് ബഹനാഗ ബസാർ സ്റ്റേഷനിലെ സിഗ്നലിംഗ് ഉദ്യോഗസ്ഥൻ സ്റ്റേഷൻ മാസ്റ്റർക്ക് ഡിസ്കണക്ഷൻ മെമ്മോ നൽകിയിരുന്നു. റിപ്പയറിംഗ് വർക്കുകൾ പൂർത്തിയായതിനുശേഷം സിഗ്നലിംഗ് സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശവും നൽകി. എന്നാൽ അറ്റകുറ്റപ്പണികൾക്കു ശേഷം സിഗ്നലിംഗ് സംവിധാനത്തിൽ പിഴവുകളില്ലെന്നു പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. സിഗ്നലിംഗ് സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശം (റീകണക്ഷൻ മെമ്മോ) ലഭിച്ചതിനുശേഷവും സിഗ്നലിംഗ് സ്റ്റാഫ്, റിപ്പയറിംഗ് ജോലികൾ പൂർത്തിയാകാതെ കോറോമാണ്ഡൽ എക്സ്പ്രസിന് ഗ്രീൻ സിഗ്നൽ നൽകി.
ബഹനാഗ ബസാർ പോലീസ് സ്റ്റേഷനിലെ ഓപ്പറേഷൻസ് സ്റ്റാഫ്, സിഗ്നലിംഗ് മെയിന്റനൻസ് സ്റ്റാഫ് എന്നിവരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് അപകടത്തിനു കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group