വിശുദ്ധ ഗീവർഗ്ഗീസ് സഹദായെന്നു കേൾക്കുന്ന മാത്രയിൽ നമ്മുടെയൊക്കെ മനസ്സിൽ തെളിയുന്ന ചിത്രമിതാണ്.
റോമൻ പടച്ചട്ട ധരിച്ച അശ്വാരൂഢനായ ഒരു യോദ്ധാവ്…!!!
കൈയ്യിലുള്ള നീണ്ടു കൂർത്ത കുന്തം, രൗദ്രതയോടെ വായ് പിളർന്നു നിൽക്കുന്ന ഒരു വ്യാളിയുടെ വായിൽ കുത്തിയിറക്കി അതിനെ വകവരുത്തുന്നു…!!!
ഈയൊരു ചിത്രം മനസ്സിൽ പതിയുന്നതുകൊണ്ടു തന്നെ ഗീവർഗീസ് പുണ്യവാനെ വിഖ്യാതനായിത്തീർത്തി ട്ടുള്ളത് സർപ്പഘാതകനായിട്ടാണ്.പാശ്ചാത്യരാജ്യങ്ങളിൽ കുരിശുയുദ്ധങ്ങൾക്കു ശേഷം പതിനൊന്നാം നൂറ്റാണ്ടിൽ വിശുദ്ധ ഗീവറുഗീസിനോടുള്ള ആദരവും അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള വിശ്വാസവും വളരെയേറെ വർധിക്കുവാനിടയായി.പടയാളിയായ ഈ പരിശുദ്ധന്റെ മധ്യസ്ഥത മൂലമാണ് യുദ്ധങ്ങളിൽ വിജയം വരിക്കാൻ കാരണമായത് എന്നുള്ള വിശ്വാസം സൈനികരിൽ വേരുറച്ചു. അങ്ങനെ അദ്ദേഹം സൈനികരുടെ പ്രത്യേക മധ്യസ്ഥനായിത്തീരുകയും ചെയ്തിട്ടുണ്ട്… റിപ്പബ്ലിക്ക് ഓഫ് ജനോവയുടെയും, ഇംഗ്ലണ്ടിന്റെയും, സ്പെയിന്റെയും കാവൽപിതാവു കൂടി
വിശുദ്ധ ഗീവർഗ്ഗീസ്.
ഫ്രാൻസിലും, ഇംഗ്ലണ്ടിലും ചില സൈന്യവ്യൂഹം അദ്ദേഹത്തിന്റെ നാമം ധരിക്കുന്നവയുമാണ്…കേരളത്തിൽ പുരാതനമായ പല ദേവാലയങ്ങളും സഹദായുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ്. പുതുപ്പള്ളി പള്ളിയും, അരുവിത്തുറ പള്ളിയും, എടത്വാ പള്ളിയും ഇവയിൽ ഏറെ പ്രസിദ്ധവുമാണ്.ജാതിമത ഭേദമെന്യേ, സർവ്വരാലും സഹദാ ആദരിക്കപ്പെടുകയും അദ്ദേഹത്തിന്റെ മധ്യസ്ഥത തേടുന്നവർ പതിനായിരക്കണക്കായി ഉയർന്നിട്ടുമുണ്ട്. സ്വന്തം സ്ഥാനമാനങ്ങളേക്കാൾ വലുതായി ക്രിസ്തീയ വിശ്വാസത്തെ പരിഗണിച്ച പരിശുദ്ധനാണ് ഗീവർഗീസ്.
ക്രിസ്തീയസാക്ഷ്യം വഹിക്കുന്നതിനുവേണ്ടി പദവികളും ലൗകികനേട്ടങ്ങളും അദ്ദേഹം പരിത്യജിച്ചു. കഷ്ടതയുടെയും സഹനത്തിന്റെയും പാത അദ്ദേഹം തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ധീരോദാത്തതയും, ക്രിസ്തീയ വിശ്വാസത്തോടുള്ള പ്രതിബദ്ധതയുമാണ് ശ്രദ്ധിക്കപ്പെടേണ്ടത്. ക്രുദ്ധനായ ചക്രവർത്തി ഗീവർഗീസിനെതിരെ തിരിഞ്ഞു; അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. പീഢനമുറകൾ ഒന്നൊന്നായി അഴിച്ചു വിട്ടു. പക്ഷേ, ഗീവർഗീസ് അചഞ്ചലനായി, പാറ പോലെ ഉറച്ചു നിന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷി മരണത്തെക്കുറിച്ച് വ്യത്യസ്തപാരമ്പര്യങ്ങൾ സഭയിലുണ്ട്. ഒരു ചക്രത്തിനുമേൽ മൂർച്ചയുള്ള അനേകം കത്തികൾ ഘടിപ്പിച്ച് ഗീവർഗീസിനെ അതിൽ ബന്ധിച്ചശേഷം, ചക്രം ശക്തിയായി കറക്കി.
”എന്റെ ദൈവം വലിയവൻ”എന്നു സാക്ഷിച്ചു കൊണ്ട് അദ്ദേഹം ചക്രത്തിൽ നിന്നും എഴുന്നേറ്റു വന്നു. പിന്നീട് അദ്ദേഹത്തെ അഗ്നികുണ്ഡത്തിലെറിഞ്ഞു. അവിടെനിന്നും, വങ്ങൽ പോലും ഏശാതെ പ്രസന്നവദനനായി പുറത്തുവന്നു. ഒടുവിൽ അദ്ദേഹത്തെ വാൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ക്രിസ്തുവർഷം 303 ഏപ്രിൽ 23—ന് ആയിരുന്നു അതെന്നും ചരിത്രം സൂചിപ്പിക്കുന്നു. അന്ത്യനിമിഷത്തിൽ അദ്ദേഹം മുട്ടുകുത്തി ഉയരങ്ങളിലേക്കു മിഴികളുയർത്തി പ്രാർഥിച്ചു: ”എന്റെ മധ്യസ്ഥതയിൽ ശരണപ്പെടുന്നവർക്ക് രക്ഷകനായ യേശുവേ, അങ്ങ് എക്കാലവും അവർക്ക് ആശ്വാസദായകനായിരിക്കേണമേ..” ഓരോ വിശ്വാസിയും അവന്റെ ഹൃദയത്തിൽ ഒരു രക്തസാക്ഷി ആയിരിക്കണം. വിശ്വാസത്തിനു വേണ്ടി സകലതും പരിത്യജിക്കാനുള്ള സന്നദ്ധതയാണ് ഒരാൾക്ക് വേണ്ടത്. ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും വേണ്ടി പീഢകളും കഷ്ടതകളും സഹിക്കുന്നത് ഭാഗ്യമാണെന്ന് വിശുദ്ധ ഗീവർഗ്ഗീസ്
നമ്മെ ഓർമ്മിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നു… ഈ തിരുനാൾ വേളയിൽ ഏവർക്കും
പുണ്യവാന്റെ സംരക്ഷണവും
പ്രാർത്ഥനാ മംഗളങ്ങളും നേരുന്നു…!!!
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join WhatsApp group