വിശുദ്ധകുരിശിന്റെ പ്രകാശം….!!!

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

ക്രിസ്തുവിനെ അനുഗമിച്ചവരെയും ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞവരെയും കിരാതമായി വേട്ടയാടുകയും നിർമാർജനം ചെയ്യുന്നതിനുമായി എ ഡി 64 മുതൽ നീറോ ചക്രവർത്തിയാൽ ആരംഭിച്ച മത മർദ്ദനം നാലാം നൂറ്റാണ്ടിന്റെ തൊട്ടു ആരംഭം വരെ നീണ്ടുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്…. പക്ഷേ,
ക്രിസ്തുവിന്റെ സ്നേഹത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്ന റോമൻ ചക്രവർത്തിയായിരുന്നു “കോൺസ്റ്റന്റൈൻ”എ ഡി 312-ലാണ് ഇദ്ദേഹം സത്യദൈവത്തെ തിരിച്ചറിയുകയും മനസാന്തരപ്പെടുകയും
സത്യ സഭയിലേക്ക് കടന്നുവരികയും കത്തോലിക്ക സഭയിലെ ഒരംഗമായി ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തത്….. എ.ഡി.313-ൽ മിലാൻ വിളംബരത്തിലൂടെ അദ്ദേഹം ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുക കൂടി ചെയ്തുവെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്…. നിത്യജീവനിൽ വിശ്വാസമുണ്ടായിരുന്ന
ആ ഭരണാധികാരി “പാപമോചനത്തിനുള്ള ഏക മാമ്മോദീസ സ്വീകരണം ”
ഈശോ സ്നാപകയോഹന്നാനിൽ നിന്ന് ജലസ്നാനം സ്വീകരിച്ച ജോർദാനിൽ വച്ച് വേണമെന്നായിരുന്നു ശഠിച്ചത്….
(മത്തായി 3:13, യോഹന്നാൻ 1:33-34). എങ്കിലും അത് സാധിക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ മരണകിടക്കയിൽ വച്ചാണ് മാമ്മോദീസ സ്വീകരിച്ചതെന്നതും ചരിത്രം…. ഈശോ തന്റെ സ്നേഹത്തിൽ
നിന്നാണ് സഭ സ്ഥാപിച്ചത്…..
ഈശോ ശിമയോൻ പത്രോസിനോട് പറഞ്ഞു :
”നീ പത്രോസാണ് ; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. (മത്തായി 16:18). ഈശോ ഏക സഭയാണ് സ്ഥാപിച്ചത്; അല്ലാതെ സഭകളല്ല….
ഈശോ സ്നേഹത്തിൽ നിന്ന് സഭ സ്ഥാപിച്ചതു കൊണ്ട് സഭയൊരു സ്നേഹകൂട്ടായ്‌മയാണ്…. ഈശോയുടെ മൗതീക ശരീരമായ കത്തോലിക്കസഭയും സഭയുടെ കൂദാശകളും സ്ഥാപിച്ചത് സകല മനുഷ്യരെയും നിത്യരക്ഷയിലേക്കു കൂട്ടികൊണ്ടു വരാനാണ്…. കത്തോലിക്ക സഭ ദിനം പ്രതിയുള്ള ദിവ്യബലികളിൽ ലോകസ്ഥാപനം മുതലുള്ള “ദൈവത്തെ പ്രീതിപ്പെടുത്തിയവരെ” അനുസ്മരിക്കുകയും സകല മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഇതു കൊണ്ടാണ്
(മലാക്കി 1:11). ഇന്ന് ലോകത്ത്,
ഈശോ സ്ഥാപിച്ച കത്തോലിക്കാ സഭയ്ക്ക് പുറമെ ഈശോയുടെ സഭകളെന്നു സ്വയം പ്രഖ്യാപിക്കുന്ന
40,000 പരം വിഭാഗങ്ങളുണ്ടെന്നാണ് കണക്ക്….
അവയിൽ അപ്പസ്തോലിക പാരമ്പര്യം അവകാശപെടുന്നവയും അവകാശപെടാത്തവയുമുണ്ട്…. കത്തോലിക്കാ സഭ പൗരസ്ത്യ – പാശ്ചാത്യ അപ്പസ്തോലിക പാരമ്പര്യം അതിന്റെ പൂർണതയിൽ പിന്തുടരുന്ന ഏക സഭയാണ്….
കാരണം ,കത്തോലിക്കാ സഭയെന്നാൽ റോമയിലെ മാർപാപ്പയുടെ കീഴിലുള്ള 24 വ്യക്തിസഭകളുടെ കൂട്ടായ്മയാണ്… ജറുസലേമിലെ മെത്രാനായിരുന്ന പൗരസ്ത്യ സഭാ പിതാവായ വിശുദ്ധ സിറിൽ അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം വ്യാഖ്യാനിച്ചു പഠിപ്പിക്കുന്ന പ്രബോധനത്തിൽ നിന്നും
“ക്രിസ്തുവിന്റെ ഏക സഭയെ” നമുക്ക് തിരിച്ചറിയാം… ഈ പ്രബോധനത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്…. കാരണം ഈശോയുടെ സത്യസഭയെ തിരിച്ചറിയാൻ നിഖ്യാ കൗൺസിൽ പിതാക്കന്മാർ പഠിപ്പിച്ച നാല് അടയാളങ്ങളെക്കുറിച്ച് നല്ല തിരിച്ചറിവും ബോധ്യവുമുണ്ടായിരുന്ന ആളായിരുന്നു വിശുദ്ധ സിറിൾ….. ഈ നാല് അടയാളങ്ങൾ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം….
”സഭ ഏകമാണ്, വിശുദ്ധമാണ്, കാതോലികമാണ്,അപ്പസ്തോലികമാണ്…
നാം നമ്മുടെ വിശ്വാസ പ്രമാണത്തിൽ ഏറ്റുപറയുന്നതും ഇതാണല്ലോ…. വിശാലമായ പ്ലാറ്റ് ഫോമിലെ തിങ്ങി നിറഞ്ഞ വിശ്വാസസമൂഹത്തേക്കൊണ്ട് ഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ, ലോകം മുഴുവൻ അത് വ്യാപിച്ചിരിക്കുന്നു….
ദൃശ്യവും അദൃശ്യവും,ഭൗമീകവും സ്വർഗ്ഗീയവുമായി മനുഷ്യർ അറിയേണ്ട തത്ത്വങ്ങളെല്ലാം തന്നെ പൂർണമായും സമഗ്രമായും സഭ പഠിപ്പിക്കുന്നു….. ഈ വിശുദ്ധ സഭയിൽ സഭയുടെ പ്രബോധനങ്ങൾ സ്വീകരിച്ചുകൊണ്ട് കൂദാശാനുഷ്ഠാനങ്ങളോടെ ശരിയായി ജീവിച്ചാൽ സ്വർഗ്ഗരാജ്യം ലഭിക്കുമെന്നും ഒപ്പം നിത്യജീവൻ അവകാശമാക്കുകയും ചെയ്യുമെന്നുമുള്ള,മനുഷ്യ നേത്രങ്ങളാൽ ദർശിക്കാനാവാത്ത രഹസ്യമാണ്
നമ്മുടെ പരമ പ്രധാനമായ വിശ്വാസത്തിന്റെ കാതൽ….. ജഗന്നിയന്താവായ പിതാവിൽ നിന്നും ഈയൊരാനുഗ്രഹത്തിനായാണ് നാം സഹനങ്ങൾ നിറഞ്ഞ ജീവിതത്തിലൂടെ അവിടുത്തെ പിന്തുടരുന്നത്…..
കാൽവരിയിലേക്ക് അവിടുത്തെ അനുഗമിക്കുന്നത്…..
നൈമിഷികമായ ആഗ്രഹ സഫലീകരണത്തിനല്ല മറിച്ച് നിത്യജീവനാണ് നാം അഭിലഷിക്കുന്നത് മുകളിൽ പറഞ്ഞ വിശുദ്ധ രഹസ്യങ്ങൾ തിരിച്ചറിഞ്ഞവരാണ് സഭയിലെ വിശുദ്ധാത്മക്കളും രക്തസാക്ഷികളുമെന്ന് പറയേണ്ടതില്ലല്ലോ…
വി. അൽഫോൻസാമ്മയും,
വി. എവുപ്രാസ്യാമ്മയും ,
വി.ചവറ പിതാവുമടക്കം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ലോകത്തിന്റെ മുഴുവൻ അഭിമാനമായ മദർ തെരേസയും വരെ….. മതതീവ്രവാദവും രാഷ്ട്രീയ അരാജകത്വവും കൊണ്ട് മനുഷ്യ മനസുകൾ മലീമസമാകുമ്പോൾ സ്നേഹം തന്നെയായ ക്രിസ്തുവിനെ തിരിച്ചറിയുക എന്നുള്ളതാണ് ഏറ്റവും പ്രധാനം… ”യേശുക്രിസ്തു ലോകത്തെ കീഴടക്കിയത് സ്നേഹം കൊണ്ടാണ്….”
അവിടുത്തെ സ്നേഹത്തെ അനുഭവിച്ചറിഞ്ഞവർ അവിടുത്തെ പ്രഘോഷിച്ചപ്പോൾ അവിടുത്തെ രാജ്യവും സ്നേഹവും കരുണയും ലോകം മുഴുവൻ വ്യാപിച്ചു….. മരണത്തെ ജയിച്ചുയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവന് മരണത്തെ ഭയമില്ല…!!! അവിടുത്തെ സ്നേഹം മരണത്തെക്കാൾ ശക്തമാണ്…..!!! അവിടുത്തെ ആലയങ്ങളോ അവിടുത്തെ ആശ്രയിക്കുന്ന ഹൃദയങ്ങളോ പൂർണമായി നശിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല…..!!!
കേവലം ഭിത്തികളിലെ കല്ലുകൾ ഇളക്കി മാറ്റാൻ കഴിഞ്ഞേക്കും…..
അവിടെയും അവിടുത്തെ വിശുദ്ധ കുരിശിന്റെ അടയാളത്തിൽ പ്രകാശിച്ചുകൊണ്ട് ക്രിസ്തു നമുക്കോരോരുത്തർക്കും സംരക്ഷണ കവചമൊരുക്കും…..!!! വിശുദ്ധ കുരിശിന്റെ പ്രകാശമായി…..!!! യേശു ക്രിസ്തു എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു….!!!
നമുക്കും പരസ്പരം സ്നേഹിക്കാം….!!!
വിശുദ്ധ കുരിശിന്റെ പ്രകാശത്തിൽ മുന്നേറാം…!!!

Aji Joseph KavunkAl ✍️


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group