2017-ൽ ബൊളീവിയയിൽ കൊല്ലപ്പെട്ട മിഷനറിയായ ഹെലീന അഗ്നിസ്ക കെമിക്കിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാനുള്ള തീരുമാനം പോളണ്ടിലെ ക്രാക്കോവിലെ ആർച്ച്ബിഷപ്പ് മാരേക് ജെഡ്രാസെവ്സ്കി അറിയിച്ചു.
2022 ഡിസംബറിൽ പ്രാഥമികഘട്ടം ആരംഭിച്ചതിനു ശേഷം പോളിഷ് ബിഷപ്പ് കോൺഫറൻസുമായി കൂടിയാലോചിക്കുകയും വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്തശേഷമാണ് ഔദ്യോഗികമായി നടപടിക്രമങ്ങൾ തുടങ്ങാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ദൈവദാസിയായ ഹെലീന അഗ്‌നിസ്ക കെമിക്ക് 1991 ഫെബ്രുവരി ഒമ്പതിന് ക്രാക്കോവിൽ ജനിച്ചു. ജാൻ ക്ലീക്കിന്റെയും അഗ്നിസ്ക ബെജ്സ്കയുടെയും രണ്ടാമത്തെ മകളായിരുന്നു കെമിക്ക്. അവൾ ജനിച്ച് ഏതാനും ആഴ്ചകൾക്കുശേഷം അവളുടെ അമ്മ മരിച്ചു. പിന്നീട് അവളുടെ പിതാവ് ബാർബറ സാജക്ക് എന്ന സ്ത്രീയെ വിവാഹം കഴിച്ചു. കെമിക്ക് വളർന്നത് സ്നേഹവും
എല്ലാറ്റിനുമുപരിയായി ആഴത്തിലുള്ള വിശ്വാസവും നിറഞ്ഞ ഒരു വീട്ടിലാണ്.
പോളണ്ടിലെ ലിബിസിലുള്ള കാത്തലിക് എഡ്യൂക്കേറ്റർമാരുടെ അസോസിയേഷൻ നടത്തുന്ന പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ അവർ പഠിച്ചു. തുടർന്ന് യുകെ യിൽ സ്കോളർഷിപ്പിനായി രണ്ട് വർഷം ചെലവഴിച്ചു. 2009-2014 കാലയളവിൽ പോളണ്ടിലെ ഗ്ലിവൈസിലെ സിലേഷ്യൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ മിക്കവാറും എല്ലാ ദിവസവും അവൾ വിശുദ്ധ കുർബാനയ്ക്ക് പോയിരുന്നു.
സർവകലാശാലയിൽ വച്ച്, സാൽവത്തോറിയൻ പുരോഹിതരുടെ കോൺഗ്രിഗേഷൻ്റെ സാൽവത്തോർ മിഷനറി വോളണ്ടിയർ സേവനത്തെക്കുറിച്ചു മനസ്സിലാക്കുകയും അവരുടെ മിഷനറിമാരിൽ ഒരാളായി മാറുകയും ചെയ്തു. 2012-ൽ കുട്ടികൾക്കായി ഒരു സമ്മർ ക്യാമ്പ് നടത്താൻ അവൾ ഹംഗറിയിലേക്കു പോയി. 2013-ൽ അവളെ സാംബിയയിലേക്ക് അയച്ചു. അവിടെ അവൾ തെരുവുകുട്ടികളോടൊപ്പം ജോലി ചെയ്തു. 2014-ൽ അവൾ റൊമാനിയയിലേക്കു പോയി. അവിടെ അവൾ യുവജനങ്ങളുടെ ഇടയിൽ സേവനം ചെയ്തു.
2017 ജനുവരി എട്ടിന് ബൊളീവിയയിൽ സന്നദ്ധപ്രവർത്തനം ആരംഭിച്ചു. അവിടെ അവൾ ആറുമാസം താമസിക്കാൻ പദ്ധതിയിട്ടു. അവിടെ വന്ന് ദിവസങ്ങൾക്കുശേഷം, ജനുവരി 24-ന് കൊച്ചബാംബയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ഇമ്മാക്കുലേറ്റ് കൺസെപ്ഷന്റെ ശുശ്രൂഷകരുടെ സഭ നടത്തുന്ന എഡ്മണ്ടോ ബൊജനോവ്സ്കി സ്കൂളിൽ വച്ച് കെമിക് കൊല്ലപ്പെട്ടു.
രണ്ട് ക്രിമിനലുകൾ കൊള്ളയടിക്കാൻ സ്കൂളിൽ പ്രവേശിക്കുകയും അവർ കെമിക്കിനെ കണ്ട് ഭയപ്പെടുകയും ചെയ്തു. തുടർന്ന് അവരിലൊരാൾ അവളെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി. മരിക്കുമ്പോൾ കെമിക്കിന് 26 വയസ്സായിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group