ഒക്ടോബർ 15ന് ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോയെ പാലിയം അണിയിക്കും

തിരുവനന്തപുരം : ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒക്ടോബർ 15ന് വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി പാലിയം ഔദ്യോഗികമായി അണിയിക്കും. ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ വച്ച് നടക്കുന്ന ദിവ്യബലി മധ്യേയാണ് ആർച്ച് ബിഷപ്പുമാരുടെ സ്ഥാനിക ചിഹ്നമായ പാലിയം ഔദ്യോഗികമായി അണിയിക്കുന്ന ചടങ്ങ് നടക്കുക. തിരുവനന്തപുരം അതിരൂപതയിലെ സാമന്ത രൂപതകളായ കൊല്ലം, ആലപ്പുഴ, നെയ്യാറ്റിൻകര, പുനലൂർ രൂപതകളിൽ നിന്നുള്ള മെത്രാന്‍മാരും, സഹായമെത്രാൻ ഡോ. ക്രിസ്തുദാസും പങ്കെടുക്കുന്ന ദിവ്യബലിയ്ക്ക് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ത്യ-നേപ്പാൾ രാജ്യങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ സ്ഥാനപതിയായ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലിയായിരിക്കും പാലിയം അണിയിക്കുക.

കഴിഞ്ഞ ജൂൺ 29-ന് സെന്റ് പീറ്റേഴ്സ് ബെസിലിക്കയിൽ നടന്ന ദിവ്യബലിക്കിടയിൽ ലോകമെമ്പാടും നിന്നെത്തിയ നിരവധി മെത്രാപ്പൊലീത്തമാർക്കൊപ്പം ഡോ. തോമസ് ജെ. നെറ്റോയും ഫ്രാൻസിസ് പാപ്പയുടെ പക്കൽ നിന്നും പാലിയം കൈകളിൽ സ്വീകരിച്ചിരുന്നു. മെത്രാപ്പൊലീത്തമാർ തങ്ങളുടെ പ്രവിശ്യയിന്മേലുള്ള ഭരണാധികാരത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്ന പാലിയം അണിയിക്കുന്ന ചടങ്ങ് അതാത് രൂപതകളിലാണ് നടക്കുക. ഐക്യത്തിന്റെയും പരിശുദ്ധ സിംഹാസനത്തോടുള്ള കൂട്ടായ്മയുടെയും പ്രതീകമായി കരുതപ്പെടുന്ന ചെമ്മരിയാടിന്റെ രോമം കൊണ്ട് തുന്നിയെടുക്കുന്ന പാലിയം, സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനാണ് ലോകമെങ്ങുമുള്ള പുതിയ അജപാലകർക്കായി ആശീർവദിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group