വീണ്ടും ഭവനരഹിതർക്കായി മാണ്ഡ്യ രൂപതയുടെ ഭവന സമുച്ചയം.

വീണ്ടും ഭവനരഹിതർക്കായി മാണ്ഡ്യ രൂപതയുടെ ഭവന സമുച്ചയം
#Once again the housing complex of the Mandya diocese for the homeless.

മാണ്ഡ്യ: ഭവനരഹിതരും ദരിദ്രരുമായ ഏഴോളം കുടുംബങ്ങൾക്കായി മാണ്ഡ്യ രൂപതയിലെ മതികേരി സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ഇടവക നിർമ്മിച്ച ഭവന സമുച്ചയത്തിന്റെ ആശീര്‍വ്വാദ കര്‍മ്മം നടത്തി. കെട്ടിടത്തിന്റെ ആശീർവാദ കര്‍മ്മം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്താണ് നടത്തിയത്. സെബാസ്റ്റ്യൻ വില്ല എന്നാണ് ഈ ഭവന സമുച്ചയത്തിന് പേര് നൽകിയിരിക്കുന്നത്. ഏഴു കുടുംബങ്ങൾക്ക് താമസിക്കാൻ സാധിക്കുന്ന ഈ വില്ല 1200 ചതുരശ്ര അടി വിസ്തൃതിയിൽ ഒരു കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.
നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഇടവക വികാരിയും ക്ലരീഷ്യൻ സന്യാസ സഭാംഗവുമായ ഫാ. മാത്യു പനക്കകുഴി സി.‌എം.‌എഫ്ന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിമാരുടെ സംഘമാണ്. ഏകദേശം 90 ലക്ഷം രൂപയോളം വില കണക്കാപ്പെടുന്നു ഭവന സമുച്ചയത്തിനുള്ള സ്ഥലം വിട്ടുനൽകിയത് ഇടവകാംഗവും പ്രഥമ ട്രസ്റ്റിയുമായ പിജെ തോമസാണ്.

സഭയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് തങ്ങൾ ഭവന പദ്ധതികൾക്കായി പരിശ്രമിക്കുന്നതെന്നും പേരിനോ പ്രശസ്തിക്കോ അല്ല തങ്ങളുടെ പ്രവർത്തനങ്ങളെന്നും ഫാ. മാത്യു പനക്കകുഴി പറഞ്ഞു. ഇടവകയുടെ നേതൃത്വത്തിൽ ഇതിന് മുൻപും ഭവനരഹിതരായവരെ സഹായിക്കാൻ നിരവധി കർമപദ്ധതികൾ സംഘടിപ്പിച്ചിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഇടുക്കി രൂപതയിലെ അടിമാലിക്കടുത്ത് മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസ്സി ദേവാലയത്തിലെ ആറോളം കുടുംബങ്ങൾക്ക് 2018-ൽ ഭവനങ്ങള്‍ നിർമിച്ചു നൽകിയിരുന്നു. ഇടുക്കി രൂപതയിലെ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചത് ഫാ. മാത്യു പനക്കകുഴിയായിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group