തിരുവനന്തപുരം :ചർച്ചയോ സമരത്തിനു പരിഹാരമോ ഇല്ലാതെ വിഴിഞ്ഞം അദാനി തുറമുഖത്തെ മത്സ്യത്തൊഴിലാളി സമരം തുടരുന്നു. അദാനി തുറമുഖത്തിൽ നടത്തുന്ന ഉപരോധ സമരം ഇന്ന് 79-ാം ദിവസത്തിലേക്ക് കടക്കുകയാണ്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമര സമിതിയുമായി മന്ത്രിസഭാ ഉപസമിതി അഞ്ചുവട്ടം ചർച്ച നടത്തിയെങ്കിലും ഒരിടത്തുമെത്തിയില്ല. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴിന ആവശ്യങ്ങളിൽ ഒന്നിനു പോലും ക്രിയാത്മക പരിഹാരം ഉണ്ടാക്കാനുള്ള നടപടി സ്വീകരിക്കാതെ ചർച്ച പ്രഹസനമാക്കിയതായി സമര സമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
വലിയതുറ ഗോഡൗണിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് വാടക കൂട്ടി നൽകാമെന്ന് ചർച്ചയിൽ പറഞ്ഞെങ്കിലും ഇതേവരെ യാതൊരു നടപടിയുമായില്ല. മുട്ടത്തറയിൽ എട്ടരയേക്കർ സ്ഥലം പുനരധിവാസത്തിന് നൽകാനായി നടപടി സ്വീകരിക്കുമെന്ന് ഉപസമിതി ചർച്ചയിൽ പറഞ്ഞതിലും ഇതേവരെ തീരുമാനമായില്ല.
ഇന്നലെ സമരപ്പന്തൽ പൊളിച്ച് തുറമുഖത്ത് കിടക്കുന്ന ലോറികൾ കൊണ്ടുപോകാൻ ശ്രമം നടത്തിയതിനെ സമരക്കാർ എതിർത്തു. സമരം തീർക്കാതെ ഒരു വാഹനവും അകത്തേക്കോ പുറത്തേക്കോ കടത്തിവിടില്ലെന്ന് സമര സമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. സമരപ്പന്തൽ പൊളിച്ചു നീക്കരുതെന്ന് കോടതി ഉത്തരവുള്ളതായി അദ്ദേഹം പറഞ്ഞു.സമരം അനിശ്ചിതമായി നീളുന്ന സാഹചര്യം വിലയിരുത്തിയ സമര സമിതി ദീർഘകാല സമരത്തിനുള്ള പദ്ധതികളാണ് തയാറാക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group