ഓൺലൈൻ മാധ്യമ രാജാവേ കൺതുറന്ന് കാണുക ദുരന്തഭൂമിയിൽ കരുതലും സഹായഹസ്തവുമായി കത്തോലിക്കാ സഭ നിശബ്ദ വിപ്ലവത്തിലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ പെയ്ത കനത്ത മഴ മധ്യകേരളത്തിൽ പ്രത്യേകിച്ച് കോട്ടയം, പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ വൻദുരന്തം തന്നെയാണ് സൃഷടിച്ചത്. കരകവിഞ്ഞാഴുകിയ നദികളും ഉരുൾപൊട്ടലും മണ്ണിടിച്ചിലും കനത്ത നാശനഷ്ടം തന്നെ തീർത്തിരിക്കുന്നു. ഈ ദുരന്തങ്ങൾക്കിടയിൽപ്പെട്ട് മരണങ്ങൾ സംഭവിച്ചതും ധാരാളം കുടുംബങ്ങൾക്ക് ഭവനങ്ങൾ നഷ്ടമായതും മനുഷ്യമനസാക്ഷിയെ വേദനിപ്പിച്ച നിമിഷങ്ങളായി ഇപ്പോഴും ഓർമ്മകളിൽ നിലകൊള്ളുന്നു.കുട്ടിക്കലിൽ ഒരു കുടുംബം മുഴുവൻ മണ്ണിനടിയിൽപ്പെട്ട് ജീവനറ്റ് പോയ കാഴ്ച ഒരു വലിയ നൊമ്പരം തന്നെയാണ്. ഒരു മനുഷ്യായുസ്സിൽ അധ്വാനത്താൽ കെട്ടിപ്പൊക്കിയതൊക്കെ പ്രകൃതിയുടെ ദുരന്തം വിതയ്ക്കുന്ന താണ്ഡവത്തിൽ ഒന്നുമല്ലാതായി തീരുന്നതിന് ഇരയാകുന്നത് തന്നെ നെഞ്ചുപൊട്ടുന്ന അനുഭവം തന്നെയാണ്.തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ കേരളത്തെ ദുരന്തങ്ങൾ ഋതുഭേദങ്ങളെപ്പോലെ കടന്നു വന്നിടുന്ന നാടായി തീർത്തിരിക്കുന്നു.

എന്നാൽ മുൻപ് ഒരിക്കലും കാണാത്തവിധം ഒരു പ്രത്യേകതരം വിദ്വേഷ പ്രചരണം ഈ ദുരിത കാലത്ത് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും മുൻകൂട്ടി തീരുമാനിച്ച പദ്ധതി പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉണ്ടായി എന്നത് ഒരു വസ്തുതയാണ്. ഈ കഴിഞ്ഞ സെപ്റ്റംബർ എട്ടാം തീയ്യതി എട്ടുനോമ്പിന്റെ പശ്ചാതലത്തിൽ പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കുറിവിലങ്ങാട് പള്ളിയിൽ നടത്തിയ നാർക്കോട്ടിക്ക് ജിഹാദ് പ്രസംഗത്തിൽ അസ്വസ്ഥരായവർ തന്നെയാണ് ഇത്തരം വിദ്വേഷ പ്രചരണത്തിനു പിന്നിൽ എന്നത് സാമൂഹ്യമാധ്യമങ്ങളിൽ നിന്നു തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് മനസ്സിലാക്കാവുന്നതാണ്. ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളായ പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ ഭാഗമായ ഇടങ്ങളിൽ ദുരന്തം സംഭവിച്ചതിനെ മേൽ പറഞ്ഞ നാർക്കോട്ടിക്ക് ജിഹാദ് പ്രസംഗവുമായി കൂട്ടികെട്ടുന്ന വിദ്വേഷ പ്രചരണങ്ങൾ അവർ വാരിവിതറുകയായിരുന്നു.

അതിനെക്കാൾ ഏറെ ദുരന്തമുഖത്ത് സഭ ഒന്നും ചെയ്തില്ല എന്ന കടുത്ത വ്യാജവാർത്തയുമായി കേരളത്തിലെ ഓൺലൈൻ മാധ്യമ രംഗത്തെ രാജാവായി വാഴുന്ന മാധ്യമ പ്രവർത്തകനും വീണു കിട്ടിയ അവസരത്തിൽ സഭയുടെ പിന്നിൽ നിന്നും കുത്താനുള്ള അവസരം പാഴാക്കില്ല. കാറ്റിനൊപ്പം വിതയ്ക്കുന്നതിൽ മിടുക്കനായ ഈ മാധ്യമപ്രവർത്തകൻ സെൻസേഷണനലിസത്തിന്റെ തലതൊട്ടപ്പനാണ്. മുഖ്യധാരാ മാധ്യമങ്ങൾ വലിയ മുടക്കുമുതലിൽ മാധ്യമ സ്ഥാപനങ്ങൾ മുന്നോട്ട് കൊണ്ടു പോകുമ്പോൾ ഒരു യൂട്യൂബ് ചാനലും കൂറെ ഫോളോവേഴ്സും സ്ക്രൈബേഴ്സുമായി സ്വന്തം സാമ്രാജ്യത്തിൽ കാഴ്ച്ചക്കാരിൽ ആകാംഷ നിറച്ച് അത് വിറ്റ് ജീവിച്ചു പോകുന്നു. ചില സമയങ്ങളിൽ വലിയ സഭാ സ്നേഹം കാണിച്ച് വാർത്ത നൽകുകയും എന്നാൽ സഭാവിരുദ്ധ വാർത്തകൾ നൽകി ക്രൈസ്തവ വിശ്വാസികളുടെയും പൊതു സമൂഹത്തിനും മുൻപിൽ കേരള കത്തോലിക്കാ സഭയുടെ വിലയിടിച്ചു കാണിക്കുക എന്ന തന്ത്രമാകണം ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ ഓൺലൈൻ മാധ്യമ രാജാവ് ഇപ്പോൾ സഭയുടെ നേർക്ക് ഉയർത്തിരിക്കുന്ന ആരോപണം ദുരന്തമുഖത്ത് സഭ എവിടെ എന്ന ചോദ്യമാണ്. ചില പ്രത്യേക സംഘടനകൾ അവരുടെ സംഘടനാ യൂണിഫോം ധരിച്ച് ക്യാമറയ്ക്കു മുന്നിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ കണ്ടിട്ട് അവർ എല്ലാം ചെയ്യുന്നുണ്ടെന്നും സഭയെ ഇതിന്റെ പരിസരത്ത് കണ്ടില്ലെന്ന തെറ്റായ വാർത്ത അയാൾ പറഞ്ഞു വയ്ക്കുന്നു. എന്നാൽ പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും വിജയപുരത്തെയും ഇടയൻമാരും രൂപത സംവിധാനങ്ങളും ചില പ്രത്യേക സംഘടനങ്ങൾ കാണിക്കുന്ന മീഡിയാ പബ്ലിസിറ്റിയില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഈ ഓൺലൈൻ മാധ്യമ രാജാവ് തന്റെ സ്റ്റാഫിനെയെങ്കിലും ആ പ്രദേശങ്ങളിൽ പറഞ്ഞു വിട്ടാൽ നിശബ്ദരായി സഭയുടെ വൈദീകരും കന്യാസ്ത്രികളും അൽമായരും യുവജനങ്ങളും ശക്തരായി ഒരുമിച്ച് നിന്ന് നിശബ്ദതയിൽ പ്രവർത്തിക്കുന്നു എന്നതാണ് വസ്തുത. അതിന്റെ തെളിവുകളായി പത്രവാർത്തകളും കുറച്ച് ചിത്രങ്ങളും ചേർക്കുന്നു. അവിടെ നടക്കുന്ന സഭയുടെ പ്രവർത്തനങ്ങളെ പബ്ലിസിറ്റി നൽകി പ്രചരിപ്പിക്കാൻ തുടങ്ങിയാൽ അന്തമില്ലെന്ന് വസ്തുതയാണ്. ആയതിനാൽ ദയവായി സത്യമെന്തന്ന് അറിഞ്ഞിട്ട് സഭയുടെ പിന്നിൽ കുത്തുന്നതാണ് യഥാർത്ഥ മാധ്യമ ധർമ്മം.

പിൻകുറിപ്പ്: ദുരന്തത്തിന്റെ ആദ്യനാളുകളിൽ പബ്ലിസിറ്റി ഫോട്ടോ സ്റ്റണ്ടിനായി പ്രത്യേക യൂണിഫോമിട്ട് വരുന്ന നൻമ മര സംഘടനങ്ങൾ അവസാനം വരെ ദുരിതം പേറുന്ന ജനത്തോട് നിലകൊളളില്ലെങ്കിലും സഭയും ഇടയൻമാരും രൂപതകളും അവരുടെ ഒപ്പം എന്നും ഉണ്ടാകും എന്നത് ഉറപ്പാണ്……

ജോൺ പോൾ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group