ഭാരതത്തിൽ ക്രൈസ്തവർക്കു നേരേ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കേന്ദ്രസർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ. നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ ഉണ്ടായതെന്നും മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ എടുത്ത കേസുകൾക്കു പിന്നിൽ ആർഎസ്എസ്, ബജ്റംഗ്ദൾ, ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങളാണെന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു സുപ്രീംകോടതി 2022 സെപ്റ്റംബർ 21ന് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടിയതിനു ശേഷവും പല സംസ്ഥാനങ്ങളിലും അക്രമങ്ങളുടെ എണ്ണം കൂടി. 2021ൽ ക്രൈസ്തവർക്കെതിരേ 505 അക്രമസംഭവങ്ങളാണു റിപ്പോർട്ട് ചെയ്തെങ്കിൽ 2022ൽ ഇതു 598 ആയി. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 123 അക്രമസംഭവങ്ങളുണ്ടായെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ വ്യാപക അക്രമങ്ങൾ നടക്കുന്നുണ്ട്.സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്ന അതേ സമയത്താണ് ആക്രമണങ്ങൾ വ്യാപിച്ചത്.
മതപരിവർത്തനം ആരോപിച്ച് പള്ളികളും പ്രാർത്ഥന കൂട്ടായ്മകളും നടക്കുന്ന ഹാളുകളും തകർക്കുക, പിന്നീട് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആക്രമണത്തിന് ഇരകളായവർക്കെതിരെ കേസെടുക്കുക തുടങ്ങിയ 90 ശതമാനം ആക്രമണങ്ങൾക്കും ഒരേ സ്വഭാവമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group