സിജു പൗലോസ്
നൊർവീച്ച്,യു.കെ.
നൊർവീച്ച് :പ്ലസ് ടു വിദ്യാർത്ഥിയായ തന്റെ മകനെ ഒറ്റയ്ക്കാക്കി സ്വർഗ്ഗനാട്ടിലേയ്ക്ക് തോമസുകുട്ടിച്ചേട്ടനും യാത്രയായ ദിനമാണ് ഇന്ന്…. അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും ഒരു മാസം മുമ്പ് മാലാഖമാരുടെ നാട്ടിൽ എത്തിയിരുന്നു .കൊറോണയെന്ന മഹാവ്യാധി തോമസുകുട്ടിച്ചേട്ടന്റെ കുടുംബത്തെയൊന്നാകെ കവർന്നെടുത്തു.തോമസുകുട്ടിച്ചേട്ടന്റെ 47 വർഷത്തെ ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവം ഭരമേൽപ്പിച്ച ദൗത്യം കൃത്യമായും ഉത്തരവാദിത്തോടും കൂടി അദ്ദേഹം പൂർത്തിയാക്കി…താമരശ്ശേരി രൂപതയിലെവിലങ്ങാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച തോമസ്കുട്ടിച്ചേട്ടൻ വർഷങ്ങളായി കുടുംബ സമേതം അഹമ്മദാബാദിൽ സ്ഥിരതാമസമാക്കി വരികയായിരുന്നു.അവിടെയുള്ള സുറിയാനി കത്തോലിക്കർക്ക് സിറോ മലബാർ സഭയുടെ ആരാധനാപാരമ്പര്യത്തിൽ വളരാനുള്ള സാഹചര്യത്തിനു വേണ്ടി അക്ഷീണം പരിശ്രമിച്ചവരിൽ ഒരാളായിരുന്നു തോമസ്കുട്ടിച്ചേട്ടൻ…വർഷങ്ങളായി ലത്തീൻ പള്ളികളിൽ പോയി തഴമ്പിച്ച നല്ല ശതമാനം സിറോ മലബാർ വിശ്വാസികളും സിറോ മലബാർ സഭയുടെ അജപാലന പ്രവർത്തനങ്ങൾക്കായി സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ സേവനം അഹമ്മദാബാദിൽ ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ അവരെയൊക്കെ ചേർത്തു നിർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും സിറോ മലബാർ സഭയുടെ പരമ്പര്യങ്ങളെപ്പറ്റിയും ലിറ്റർജിയെപ്പറ്റിയും ചരിത്രത്തെപറ്റിയും സ്വന്തം നിലയ്ക്ക് പഠനം നടത്തി താൻ മനസിലാക്കിയ ആശയങ്ങൾ സോഷ്യൽ മീഡിയവഴിയും മറ്റും മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമായിരുന്നു.തന്റെ മാതൃ രൂപതയായ താമരശ്ശേരി ഉൾപ്പടെ അനേകം സിറോ മലബാർ രൂപതകളിൽ സഭയുടെ സിനഡ് നിർദ്ദേശിച്ച പ്രകാരം വി. കുർബാനയും മറ്റു കൂദാശകളും നടക്കാത്തതിൽ ചങ്കു തകരുന്ന വേദന അദ്ദേഹത്തിന് ഉണ്ടായിരുന്നു.ഇതിൽ തിരുത്തൽ വരുത്തി സഭയിൽ ആകമാനം ഒരേ രീതിയിൽ സിനഡ് ക്രമത്തിൽ വി. കുർബാന അർപ്പിക്കപ്പെടണമെന്ന് പിതാക്കന്മാർക്കും വൈദികർക്കും നിരന്തരം സ്നേഹപൂർവ്വമായ ഓർമ്മപ്പെടുത്തലുകൾ നടത്തുമായിരുന്നു തോമസ്കുട്ടിച്ചേട്ടൻ…മാതൃസഭയുടെ ചരിത്രവും ആരാധനയും പഠിയ്ക്കാത്ത വൈദികരും അൽമായരുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് അവരെ സത്യത്തിന്റെ പാതയിലേക്ക് നയിക്കാൻ ഉത്സാഹിയായി ഓടി നടന്നു ഇദ്ദേഹം.സുറിയാനി ഭാഷയും സുറിയാനി പാട്ടുകളും പഠിയ്ക്കാനും മറ്റുള്ളവരെ പഠിപ്പിയ്ക്കാനും പരിശ്രമിച്ചപ്പോഴും ആരോടും പിണങ്ങാനും കൊമ്പുകോർക്കാനുംശ്രമിക്കാതെ സ്നേഹത്തോടെ മറ്റുള്ളവരെ തിരുത്താനുമൊക്കെയായിരുന്നു പരിശ്രമിച്ചത്…. ”One church one liturgy” അഥവാ “ഒരു സഭ ഒരു കുർബാന” എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് സിറോ മലബാർ സഭയെ ഐക്യത്തിൽ ഒന്നിപ്പിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം എന്നെങ്കിലും ഒരുനാൾ പൂവണിയും.അന്ന് അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് തോമസുകുട്ടിച്ചേട്ടന്റെ ആത്മാവ് ആയിരിക്കും.തോമസ് കുട്ടിച്ചേട്ടനേപ്പോലെ വിശുദ്ധരായ അല്മായരുടെ സാന്നിധ്യമാണ് തിരുസഭയുടെ മുതൽക്കൂട്ട്. സ്വന്തം മാതൃസഭയെപ്പറ്റിയുള്ള അറിവിൽ അജ്ഞതയുടെ പടുകുഴിയിൽ കിടക്കുന്ന സിറോ മലബാർ സഭാംഗങ്ങൾക്കെല്ലാം തോമസുകുട്ടിച്ചേട്ടൻ ഒരു പ്രചോദനമാണ്….. വൈദികർക്കും മെത്രാൻമാർക്കും ഈ പാവപ്പെട്ട അല്മായനുണ്ടായിരുന്ന പകുതി സഭാ സ്നേഹം ഉണ്ടായിരുന്നെങ്കിൽ സിറോ മലബാർ സഭ ഇതിലേറെ വളർന്നേനേയെന്ന് ചിന്തിച്ചു പോകുന്നു…പ്രിയപ്പെട്ട തോമസ്‌കുട്ടിച്ചേട്ടാ, സിറോ മലബാർ സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തങ്കലിപികളാൽ താങ്കളുടെ നാമം എഴുതിച്ചേർക്കപ്പെടും…!!! സ്വർഗ്ഗത്തിൽ സിറോ മലബാർ സഭയ്ക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ ഒരാൾ കൂടി…!!!ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group