ശബ്ദമലിനീകരണ നിയന്ത്രണത്തിനിടെ കൊല്ലത്ത് പള്ളിമണി വിവാദം ആവുന്നു ; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

ആരാധനാലയങ്ങളില്‍ നിന്ന് ഉച്ചത്തില്‍ ഉയരുന്ന മൈക്ക് അനൗണ്‍സ്‌മെൻ്റ് അടക്കമുള്ളവ ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതികളില്‍ സജീവമായി ഇടപെടാൻ കോടതികളും പോലീസും നടപടി തുടങ്ങിയിരിക്കെ, കൊല്ലം ജില്ലയില്‍ നിന്നൊരു പള്ളിമണി പ്രശ്നമാകുന്നു.

ശാസ്താംകോട്ട പഞ്ചായത്തില്‍പ്പെട്ട മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയുടെ കൂറ്റന്‍ മണിയാണ് പുതിയ വിവാദത്തിൻ്റെ കേന്ദ്രബിന്ദു. ഇതില്‍ നിന്നുയരുന്ന ശബ്ദം ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുവെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത് തൊട്ടയല്‍വാസിയായ വിജയകുമാരിയമ്മ ആണ്.

തീവ്ര ശബ്ദത്തിലുള്ള മണിമുഴക്കം കേള്‍ക്കുമ്ബോള്‍ തൻ്റെ ഭാര്യക്ക് മാനസികമായും ശാരീരികമായും ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നുണ്ട് എന്ന് വിജയകുമാരിയമ്മയുടെ ഭർത്താവ് സോമന്‍ പിള്ള പറഞ്ഞു. പള്ളിയുമായി ബന്ധപ്പെട്ടവരെ വിഷയം ധരിപ്പിച്ചിട്ടും പരിഹാരമില്ലാതെ വന്നപ്പോഴാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. മണിനാദം നിയന്ത്രിക്കാന്‍ കമ്മിഷന്‍ 2022 നവംബറില്‍ ഉത്തരവ് നല്‍കി. ഇത് നടപ്പാക്കാന്‍ ശാസ്താംകോട്ട ഡിവൈഎസ്പിയോട് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഉത്തരവ് പാലിക്കാൻ പള്ളിയുമായി ബന്ധപ്പെട്ടവരോ, നടപ്പാക്കാൻ പോലീസോ ഇടപെട്ടില്ല. അതുകൊണ്ട് വീണ്ടും കമ്മിഷനെ സമീപിക്കേണ്ടി വന്നു.

പരാതിക്കാരിയുടെ വീടിനോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള പള്ളിമണിയില്‍ നിന്നുള്ള ശബ്ദം നിയന്ത്രിത പരിധിക്കുള്ളിലാണോ എന്നു പരിശോധിക്കണമെന്നു കമ്മിഷന്റെ ഉത്തരവിലുണ്ടായിരുന്നു. മണി മാറ്റി സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും 2022ല്‍ കമ്മിഷൻ നിർദേശിച്ചിരുന്നു. ഇതൊന്നും നടപ്പായില്ല. നിയമലംഘനത്തെ പ്രോത്സാപ്പിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും, തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘനങ്ങളെ ഗൗരവമായാണ് കാണുന്നത് എന്നുമാണ് മനുഷ്യാവകാശ കമ്മിഷൻ്റെ നിലപാട്.

പള്ളി വികാരി ഉള്‍പ്പെടെയുള്ള ഇടവക ഭാരവാഹികളോട് അടുത്ത സിറ്റിങ്ങില്‍ ഹാജരാകാന്‍ നിദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കമ്മിഷന്റെ ഉത്തരവ് സ്ഥലം എസ്‌എച്ച്‌ഒ അറിയിച്ചിട്ടില്ല എന്നാണ് പള്ളി വികാരിയുടെ നിലപാട്. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫാ.റോബര്‍ട്ട് പാലവിള പറഞ്ഞു.

പോലീസിൻ്റെ നിലപാട് ഭരണഘടന ഉറപ്പു നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണെന്നാണ് പള്ളിയുടെ നിലപാട്. അതേസമയം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഇടവക ഭാരവാഹികള്‍ക്കു കൈമാറി എന്നാണ് എസ്‌എച്ച്‌ഒ ആര്‍.രാജേഷ് പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group