കോഴിക്കോട്: സ്വന്തമായി എന്തെങ്കിലും വാഹനം ഉള്ളവരെയെല്ലാം എപ്പോള്‍ വേണമെങ്കിലും തേടിയെത്താവുന്ന ഒരു കെണിയാണ് ‘പരിവാഹൻ ആപ്പ് തട്ടിപ്പ്’.
ഒരു മാസത്തിനിടെ ഈ തട്ടിപ്പിനിരയായി സൈബർ പോലീസിന്റെ സഹായം തേടിയത് 1832 പേരാണ്. പരാതി നല്‍കാതെ, തട്ടിപ്പുവിവരം പോലീസില്‍ അറിയിക്കുകമാത്രം ചെയ്തവർ വേറെയും. വിദ്യാസമ്ബന്നരും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ഈ കെണിയില്‍ കുടുങ്ങുന്നത് പോലീസിനും മോട്ടോർ വാഹനവകുപ്പിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു.
തട്ടിപ്പ് ഇങ്ങനെ
വാട്സാപ്പ്-എസ്.എം.എസ്. സന്ദേശമായി മൊബൈല്‍ ഫോണില്‍ വരുന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ വാഹനം നിയമലംഘനത്തില്‍പ്പെട്ടിട്ടുണ്ടെന്നും അതിവേഗത്തില്‍ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നുമായിരിക്കും സന്ദേശം. മോട്ടോർ വാഹനവകുപ്പിന്റെപേരില്‍ വരുന്ന സന്ദേശത്തില്‍ നമ്മുടെ വാഹനത്തിന്റെ നമ്ബർ, നിയമലംഘനം നടത്തിയ തീയതി, ഇതിനെതിരേ വകുപ്പ് പുറത്തിറക്കിയ പിഴ ചെലാൻ നമ്ബർ എന്നിവ ഉള്‍പ്പെടുത്തിയിരിക്കും. നിയമലംഘനത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും തെളിവുകള്‍ കാണുന്നതിനും താഴെ നല്‍കിയിരിക്കുന്ന ലിങ്ക് ക്ളിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.
ഈ ടെക്സ്റ്റ് സന്ദേശത്തോടൊപ്പമുള്ള ആപ്ളിക്കേഷൻ ഫയലാണ് (.apk) ഉപയോക്താക്കളെ കെണിയിലേക്കു വീഴ്ത്തുന്നത്.
എ.പി.കെ. എന്ന വില്ലൻ
ഗൂഗിള്‍ പ്ളേ സ്റ്റോർ, ഐ. ഫോണിന്റെ ആപ്പ് സ്റ്റോർ എന്നിവയില്‍നിന്ന് ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനു പകരം ആരെങ്കിലും അയച്ചുതരുന്ന ലിങ്കുകള്‍ വഴി ആപ്പിലേക്കു പോകുന്നതാണ് കെണിയിലകപ്പെടാൻ ഇടയാക്കുന്നതെന്ന് കോഴിക്കോട് സൈബർ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഈ ലിങ്കുകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ആകുമ്ബോള്‍ ഗുണഭോക്താവ് നല്‍കുന്ന രണ്ട് ‘ഒ.കെ’ (യെസ്) നമ്മുടെ മൊബൈല്‍ വിദൂരത്തുനിന്ന് ഉപയോഗിക്കാനുള്ള (റിമോട്ട് ആക്സസ് സോഫ്റ്റ്വേർ) അനുമതി തട്ടിപ്പുകാർക്ക് നല്‍കും. ഇതുവഴി ഒ.ടി.പി.കള്‍ ഉപയോഗിക്കാനും നമ്മുടെ അക്കൗണ്ടില്‍ പ്രവേശിച്ച് പണം തട്ടാനും അജ്ഞാതസംഘത്തിന് സാധിക്കും.
ഉടനടി വേണം, പരാതി
ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പിന് ഇരയായാല്‍ ‘1930’ എന്ന നമ്ബറില്‍ വിളിച്ച് പരാതി രജിസ്റ്റർചെയ്യണം. ഒരുമണിക്കൂറിനകം പരാതി നല്‍കുന്നതാണ് ഗുണകരമാകുക. cybercrime.gov.in എന്ന വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group