മാർത്തോമാ നസ്രാണികളുടെ യഹൂദബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം നസ്രാണിഭവനങ്ങളിൽ നടത്തപ്പെടുന്ന അപ്പം മുറിക്കൽ ശുശ്രൂഷ.
ക്രൈസ്തവലോകത്ത് ഭാരതത്തിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും ഇപ്രകാരമുള്ള ഒരാചരണം ഇല്ല. വീട്ടിലെ പെസഹാ ആചരണം പല പുത്തൻകൂർ സഭകളിലും കാലക്രമേണ അന്യംനിന്ന് പോയെങ്കിലും, പഴയകൂറിൽപെട്ട സീറോ മലബാർ സഭയിലെ കുടുംബങ്ങൾ ഈ പാരമ്പര്യം ഇന്നും അഭംഗുരം തുടർന്നുവരുന്നു. നസ്രാണികളെ വ്യത്യസ്തരാകുന്ന വളരെ പുരാതനമായ ഒരു പാരമ്പര്യമാണിത്. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിന്റെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യക്രൈസ്തവ സമൂഹത്തിന് യഹൂദബന്ധമുണ്ടായിരുന്നുവെന്നുമുള്ള പാരമ്പര്യത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്..
കുടുംബനാഥന്റെ നേതൃത്വം
പാരമ്പര്യമനുസരിച്ച് പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാന വായനയായി പതിവ്.ഇതിന്റെ തുടർച്ചയെന്നോണം ഇന്നും പല നസ്രാണി കുടുംബങ്ങളിലും അപ്പത്തിന് കുഴയ്ക്കുന്നതും പാല് തയാറാക്കുന്നതും കുടുംബനാഥന്മാരാണ്.(മുൻകാലങ്ങളിൽ നസ്രാണി കുടുംബനാഥൻമാർ അടുക്കളയിൽ പാചകം ചെയ്യുന്നത് ആണ്ടുവട്ടത്തിൽ ഈ ഒരു അവസരത്തിൽ മാത്രമാണ്.)
തയ്യാറെടുപ്പുകൾആന്തരികവും ബാഹ്യവുമായ വിശുദ്ധിയോടെയാണ് നസ്രാണി കുടുംബങ്ങൾ ഇതിനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. അമ്പത് നോമ്പെടുത്തും, പെസഹാക്കാല കുമ്പസാരം നടത്തിയും ആത്മീയമായി ഒരുങ്ങുന്ന നസ്രാണികൾ ബാഹ്യമായ ശുദ്ധി ഉറപ്പാക്കുന്നതിലും കർക്കശമായ നിഷ്ഠ പുലർത്തിയിരുന്നു. അപ്പം ഉണ്ടാക്കുന്നതിനു മുന്നോടിയായി വീട് അടിച്ചുവാരി കഴുകി വൃത്തിയാക്കി, (പണ്ട് കാലങ്ങളിൽ ചാണകം മെഴുകിയ ഭവനങ്ങൾ ഒക്കെ പെസഹായോടനുബന്ധിച്ചു വീണ്ടും മെഴുകി വൃത്തിയാക്കുന്ന പതിവ് ഉണ്ടായിരുന്നു) ശേഷം കുളിച്ചു ദേഹശുദ്ധി വരുത്തിയാണ് കുടുംബനാഥന്റെ നേതൃത്വത്തിൽ അപ്പവും പാലും ഉണ്ടാക്കുന്ന കർമ്മം പ്രാർത്ഥനാപൂർവ്വം ആരംഭിക്കുക. ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല്പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിന്റെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ്പ്പോഴും പുതുതായി ഒരുക്കുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം.
കുരിശപ്പം..
സാധാരണയായി കുരിശപ്പം ഒരു വീട്ടിൽ ഒരെണ്ണം മാത്രമേ ഉണ്ടാക്കൂ. കുടുംബനാഥന്റെ മരണംമൂലം അപ്പം പുഴുങ്ങാൻ മുടക്കം ഉള്ള ഏതെങ്കിലും അയൽപക്കത്ത് കൊടുക്കേണ്ട അവസരത്തിൽ മാത്രം ആവശ്യാനുസരണം കൂടുതൽ ഉണ്ടാക്കും. പ്രസ്തുത അപ്പത്തിന്മേൽ മാത്രം ഓശാന ഞായറാഴ്ച വെഞ്ചരിച്ച കുരുത്തോല കൊണ്ട് സ്ലീവാ ഉണ്ടാക്കി മുകളിലായി നിക്ഷേപിക്കും. പാല് കാച്ചുമ്പോഴും ആശീർവദിച്ച കുരുത്തോല മുറിച്ച് സ്ലീവായുടെ ആകൃതിയിൽ പാലിൽ നിക്ഷേപിച്ച് അതിനെ പവിത്രമാക്കുന്നു.
ആർക്കൊക്കെ ഭക്ഷിക്കാം
അങ്ങേയറ്റം പവിത്രമായി കരുതുന്നതുകൊണ്ട് കുരിശപ്പം എന്ന പുളിപ്പില്ലാത്ത അപ്പവും പാലും മാമ്മോദീസാ സ്വീകരിക്കാത്ത അക്രൈസ്തവർക്ക് ഒരിക്കലും കൊടുത്തിരുന്നില്ല. എങ്കിലും, സമീപത്തെ അക്രൈസ്തവ ഭവനങ്ങളിലേയ്ക്ക് കുരിശ് വയ്ക്കാതെ പുഴുങ്ങിയെടുക്കുന്ന ഇൻട്രി അപ്പവും ചെറുപഴവും നൽകുന്ന പതിവ് നസ്രാണികളുടെ ഇടയിൽ ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും ആ നല്ല പതിവ് ഇന്നും തുടരുന്നു.
കാർമ്മികൻ
അപ്പം മുറിക്കുന്നത് വീട്ടിലെ കുടുംബനാഥനാണ്, തറവാട്ടിൽ നിന്നും മറ്റും ഒന്നിച്ച് ചേർന്ന് മുറിച്ചാൽ പോലും, അപ്പം മുറിക്കുന്ന വീട്ടിൽ താമസിക്കുന്ന കുടുംബനാഥനാണ് ആ വീട്ടിലെ അപ്പം മുറിക്കേണ്ടത്. സ്ത്രീകൾ ഒരിക്കലും ഈ അപ്പം മുറിക്കാൻ പാടില്ല. കാരണം, അപ്പം മുറിയ്ക്കുന്ന വ്യക്തി ഈശോയെ പ്രതിനിധാനം ചെയ്യുന്നു. (കുടുംബനാഥന്റെ അഭാവത്തിൽ കുടുംബത്തിലെ മൂത്തമകൻ പ്രസ്തുത ചുമതല നിർവഹിക്കുന്നു.) അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ കുരിശപ്പം മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെത്തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കണം.
മുറിക്കേണ്ട വിധം
സായാഹ്നത്തിൽ കുടുംബപ്രാർത്ഥന കഴിഞ്ഞ്, കുടുംബാംഗങ്ങൾ അപ്പവും പാലും സജ്ജമാക്കിയിരിക്കുന്ന മേശയ്ക്ക് ചുറ്റും ഒരുമിച്ചു കൂടുന്നു. അപ്പോൾ കുടുംബാംങ്ങളിൽ ഒരാൾ പുറപ്പാട് പുസ്തകത്തിൽ നിന്ന് പെസഹാ ആചാരണത്തെ പ്രതിപാദിയ്ക്കുന്ന ഭാഗം വായിക്കുന്നു. കുടുംബാംങ്ങൾ ധ്യാനപൂർവ്വം അത് ശ്രവിയ്ക്കുന്നു. ‘സുവിശേഷ വെളിച്ചത്താൽ’ എന്ന ഗാനം കുടുംബാംഗങ്ങൾ ആലപിച്ചതിനു ശേഷം കുടുംബനാഥൻ ഈശോയുടെ അന്ത്യത്താഴത്തെ പ്രതിപാദിയ്ക്കുന്ന സുവിശേഷഭാഗം വായിക്കുന്നത് കുടുംബാഗങ്ങൾ നിന്നുകൊണ്ട് ശ്രദ്ധപൂർവം ശ്രമിക്കുന്നു. സുവിശേഷഗ്രന്ഥം അടച്ച് ചുംബിച്ച് പൂജ്യമായി മേശമേൽ തിരികൾക്ക് മദ്ധ്യേ പ്രതിഷ്ഠിച്ചതിനു ശേഷം കുടുംബനാഥൻ കുരിശപ്പത്തിന്റെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോലകൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. 13 കഷ്ണമായി മുറിയ്ക്കുന്നത് ഈശോയേയും ശിഷ്യന്മാരേയും അനുസ്മരിച്ചാണ് (ഈശോ + 12 ശ്ലീഹൻമാർ). ആവശ്യമെങ്കിൽ കൂടുതൽ പിന്നീട് മുറിക്കും.
വിതരണക്രമം
കുടുംബനാഥൻ വീട്ടിലെ പ്രായം കൊണ്ട് മൂത്തവർ തുടങ്ങി ഇളയവർ വരെ പുരുഷന്മാർക്ക് ആദ്യവും, അതിന് ശേഷം സ്ത്രീകൾക്കും ഇതേപോലെ പ്രായക്രമത്തിലും കൊടുക്കുന്നു. ചിലയിടങ്ങളിൽ പ്രായം മാത്രമാണ് വിതരണത്തിൽ മാനദണ്ഡമാക്കാറ്
അപ്പം സ്വീകരിയ്ക്കേണ്ട വിധം
ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് പാലിൽ മുക്കി തരുന്ന കുരിശപ്പം സ്വീകരിക്കുന്നത്. ശേഷം പാലും അപ്പവും പഴങ്ങളും ആവശ്യാനുസരണം ഭക്ഷിയ്ക്കുന്നു.
മുടക്കം
അപ്പം മുറിക്കുന്ന ഭവനത്തിലെ ഗൃഹനാഥൻ മരിച്ചാൽ മാത്രം (ഇന്ന് മിക്കവാറും എല്ലാ നസ്രാണി ഭവനങ്ങളിലും കുടുംബത്തിൽ തലേ വർഷത്തെ പെസഹാ ആചാരണത്തിന് ശേഷം ആരെങ്കിലും മരണമടഞ്ഞിട്ടുണ്ടെങ്കിൽ അപ്പം പുഴുങ്ങാറില്ല) ആ വർഷം വീട്ടിൽ അപ്പം പുഴുങ്ങില്ല,പക്ഷേ പാല് കാച്ചും. കാരണം അപ്പം പുഴുങ്ങുന്നത് അദ്ദേഹത്തിന്റെ കടമയായിരുന്നല്ലോ.കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിന്റെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്. അപ്പം പുഴുങ്ങാൻ തടസമുള്ള വീട്ടിലേക്കുള്ള അപ്പം അയൽപക്കത്തെ വീട്ടുകാർ ഉണ്ടാക്കി കൊണ്ടുവന്ന് കൊടുക്കും.
കുരിശുമരണത്തിനു മുൻപ് സെഹിയോൻ ഊട്ടുശാലയിൽ വച്ച് ഈശോ തന്റെ ശിഷ്യന്മാരോടൊപ്പം പെസഹാ ഭക്ഷിച്ചതിന്റെ ഗാർഹിക അനുസ്മരണമാണ് പെസഹാവ്യാഴാഴ്ച സായഹ്നത്തിൽ നസ്രാണിക്കുടുംബങ്ങളിൽ നടത്തപ്പെടുന്ന ഈ കർമ്മം. തന്മൂലം, ഇത് ഒരിക്കലും പള്ളിയിലൊ, കുടുംബ കൂട്ടായ്മകളിലൊ അല്ല, കുടുംബത്തിൽ തന്നെയാണ് ഇത് നടത്തേണ്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group