കോട്ടയം:സഭയുടെ ഐക്യത്തിനും സമാധാനത്തിനുമായി ഏകീകരിച്ച കുർബാനക്രമം എല്ലാവരും സ്വീകരിക്കണമെന്ന പരിശുദ്ധ പിതാവിന്റെ ആഹ്വാനം എല്ലാവിശ്വാസികളും ഉൾക്കൊള്ളണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനക്രമം നടപ്പിലാക്കുന്നതു സംബന്ധിച്ച് സിനഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടയലേഖനം വായിച്ച് ഇന്നലെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു കർദിനാൾ.
തനതായ ചിന്തകളിൽനിന്നും സഭയുടെ ചിന്തകളോടു ചേർന്നു ചിന്തിച്ച് വിശ്വാസത്തിന്റെ തലത്തിൽ പൂർത്തീകരിക്കണമെന്നും കർദിനാൾ പറഞ്ഞു.
ബഹുഭൂരിപക്ഷവും ഏകീകൃത കുർബാന ക്രമം ഏറ്റെടുത്തു കഴിഞ്ഞുവെന്നും, ചിലയിടങ്ങളിലെ എതിർപ്പുകണ്ട് ആരും ഭയപ്പെടേണ്ടന്നും കർദിനാൾ പറഞ്ഞു. ഐക്യത്തിന്റെ ഭാഷയാണ് സഭയുടേത്,എതിർപ്പ് പ്രകടിപ്പിക്കുന്ന സഹോദര വൈദികരെയും ഉൾക്കൊള്ളിച്ചു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ല. സഭ ആരാധനാക്രമത്തിൽ പരിശുദ്ധ സിംഹാസനത്തോടു ചേർന്നാണു നിൽക്കുന്നത്.സഭയുടെ വളർച്ചയ്ക്കായി എല്ലാവരും പ്രാർഥിക്കണം. സഭയ്ക്കായി പ്രാർഥിക്കുന്പോൾ അതു വ്യക്തികൾക്കായി തന്നെയാണു പ്രാർഥിക്കുന്നത്. വിശ്വാസത്തിന്റെ വിധേയത്വം മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായർക്കുമുണ്ട്. സഭ മുഴുവൻ ഒന്നിച്ചു മുന്നേറണം- കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സാന്നിധ്യത്തിലായിരുന്നു ഏകീകരിച്ച കുർബാനക്രമം സംബന്ധിച്ച നിലപാട് കർദിനാൾ ആലഞ്ചേരി വ്യക്തമാക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group