ഫ്രാൻസിസ് മാർപാപ്പയെ വരവേറ്റ് പാപ്പുവ ന്യൂ ഗിനിയയിലെ ജനങ്ങൾ ; ഔദ്യോഗിക പരിപാടികൾ ഇന്ന് മുതൽ.

ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടത്തിനായി പാപ്പ പാപ്പുവ ന്യൂ ഗിനിയയിൽ എത്തിച്ചേർന്നു. പോർട്ട് മോറെസ്ലിയിലെ ജാക്സൺസ് എയർപോർട്ടിൽ ഏകദേശം ആറു മണിക്കൂർ വ്യോമയാത്രയ്ക്കുശേഷമാണ് പാപ്പ എത്തിയത്.

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ വിമാനത്താവളത്തിൽനിന്ന് സെപ്റ്റംബർ 6-ന് രാവിലെ 9.45-ന് (പ്രാദേശിക സമയം) ആരംഭിച്ച യാത്ര എത്തിച്ചേരേണ്ട സമയത്തിനും 20 മിനിറ്റ് വൈകിയാണ് പാപ്പുവ ന്യൂ ഗിനിയയിൽ എത്തിയത്. ഉപപ്രധാനമന്ത്രിയും പരമ്പരാഗതവേഷം ധരിച്ച രണ്ടുകുട്ടികളും പൂക്കൾ സമ്മാനമായി നൽകിക്കൊണ്ട് പാപ്പായെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.

ഗാർഡ് ഓഫ് ഓണർ ബഹുമതികൾ നൽകിയശേഷം രാജ്യത്തിന്റെ ഭരണപ്രതിനിധികളുമായി പാപ്പ ഹ്രസ്വമായി കൂടിക്കാഴ്ച നടത്തി. ശേഷം അധികാരികളോടു വിടപറഞ്ഞ്, പാപ്പ അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിലേക്കു പോയി. ഒരുദിവസത്തെ വിശ്രമത്തിനുശേഷം യാത്രയുടെ ഔദ്യോഗിക പരിപാടികൾ ഇന്ന് ആരംഭിക്കും.

ഫ്രാൻസിസ് പാപ്പയെ സ്വാഗതം ചെയ്യാനായി എയർപോർട്ടിനുപുറത്ത് വലിയൊരു ജനക്കൂട്ടം കാത്തുനിന്നിരുന്നു. പോർട്ട് മോറെസ്ലിയിൽ താമസിക്കുന്ന അവസരത്തിൽ മാർപാപ്പ ഗവർണർ, മറ്റ് അധികാരികൾ, നയതന്ത്ര സേനാംഗങ്ങൾ, പ്രധാനമന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്നു പ്രതീക്ഷിക്കുന്നു. വത്തിക്കാൻ റിപ്പോർട്ടുകളനുസരിച്ച്, പാപ്പുവ ന്യൂ ഗിനിയയിൽ പാപ്പ തെരുവുകുട്ടികളെ സന്ദർശിക്കുകയും രാജ്യത്തെ ബിഷപ്പുമാരുമായും മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും പതിവുപോലെ വിശുദ്ധ കുർബാനയോടെ സന്ദർശനം അവസാനിപ്പിക്കുകയും ചെയ്യും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m