കൊച്ചി : ജനങ്ങൾ തെരഞ്ഞെടുത്തു വിട്ട ജനപ്രതിനിധികൾ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്നു പോകരുതെന്ന് ഓർമിപ്പിച്ച് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂപത കാര്യാലയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭൂ പ്രശ്നങ്ങൾക്കെതിരേ നടന്ന രണ്ടാംഘട്ട സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മറ്റു ജില്ലകളിലെ പോലെ ഇടുക്കിയിലുള്ള മനുഷ്യരും അവകാശങ്ങൾ ഉള്ളവരാണ്. ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല ഇടുക്കിയിലേത്. മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ഭൂപ്രശ്നത്തിലുണ്ടാവണം.
ബഫർ സോൺ വിഷയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ ധീരമായ ഇടപെടലും സമരങ്ങളും ജനങ്ങളിൽ പ്രത്യാശയുണർത്തിയിരുന്നു.
ജില്ലയിലെ ജനങ്ങളോടു ഭരണകൂടം വർഷങ്ങളായി തുടരുന്ന അവഗണനയും അപമാനവും തുടരുകയാണ്. ജില്ലയിലെ പ്രശ്നങ്ങളിൽ ജനങ്ങൾക്കു വേണ്ടി സംസാരിക്കാനും നിയമ നിർമ്മാണം നടത്താനും ആരുമില്ലാത്ത അവസ്ഥയാണ്. രണ്ടാംതരം പൗര ന്മാരായാണ് ഇടുക്കിയിലെ ജനങ്ങളെ ഭരണാധികാരികൾ കാണുന്നത്. ജില്ലയിൽ നിന്നു സ്വയം ഒഴിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് രൂപതയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ബിഷപ്പ് പറഞ്ഞു. രൂപത പ്രസിഡന്റ് ജോർജ് കോയിക്കലിനു ബിഷപ്പ് പതാക കൈമാറി രണ്ടാംഘട്ട സമരം ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ട സമരങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഭൂവിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കാമെന്നു ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് എകെസിസിയുടെ നേതൃത്വത്തിൽ ഇടുക്കി രൂപത രണ്ടാംഘട്ട സമരത്തിനു തുടക്കം കുറിച്ചത്.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, ബഫർ സോൺ വനത്തിനുള്ളിൽ മാത്രമായി നിലനിർത്തുക, നിർമ്മാണ നിരോധനം പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, വനാതിർത്തികളിലെ കുടിയിറക്കു നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി രണ്ടാംഘട്ട കർഷക സമരം തുടങ്ങുന്നത്.
യൂണിറ്റുകൾ കേന്ദ്രീകരിച്ചുള്ള സമരങ്ങൾക്കാണ് കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകുക. എകെസിസി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group