മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ മറവില്‍ വ്യാപിക്കുന്ന ക്രൈസ്തവ പീഡനം മതേതര ഇന്ത്യയ്ക്ക് അപമാനകരം: കെസിബിസി ഐക്യ – ജാഗ്രതാ കമ്മീഷന്‍

വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയിരിക്കുന്ന മതപരിവര്‍ത്തന നിരോധനനിയമത്തെ ദുരുപയോഗിച്ച്, കത്തോലിക്കാസഭയുടെ കീഴിലുള്ള വിവിധ സാമൂഹ്യസേവന സ്ഥാപനങ്ങള്‍ക്കും, വൈദികര്‍ക്കും സന്യസ്തര്‍ക്കുമെതിരായി ചില രാഷ്ട്രീയമത സംഘടനകള്‍ അടിസ്ഥാനരഹിതമായി മതപരിവര്‍ത്തനാരോപണം ഉന്നയിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണെന്നും . നിയമക്കുരുക്കില്‍ അകപ്പെടുത്തി വൈദികരെയും സമര്‍പ്പിതരെയും ജയിലിലടക്കാനും, വസ്തുവകകള്‍ കൈവശപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം രാഷ്ട്രീയപ്രേരിതമായ വര്‍ഗീയ ശ്രമങ്ങളെന്ന് വ്യക്തമാണെന്നും കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി

മധ്യപ്രദേശിലെ സാഗര്‍ രൂപതയിലെ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീസമൂഹം നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കായി വര്‍ഷങ്ങളായി നിയമാനുസൃതം നടത്തിവരുന്ന ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ അധികാരികള്‍ നടത്തുന്ന നിയമവിരുദ്ധ ശ്രമം, സാഗറിലെ പിപ്പര്‍ഖേഡിയില്‍ സി എം സി സന്യാസിനീസമൂഹം എയ്ഡ്സ് ബാധിതരായവരുടെ മക്കള്‍ക്കു വേണ്ടി നടത്തിയ ക്യാംപിനെ തുടര്‍ന്ന് നേരിടേണ്ടിവന്ന അതിക്രമങ്ങളും നിയമ നടപടികളും, സാഗര്‍ രൂപതയുടെ തന്നെ അനാഥാലയത്തിനെതിരെ കഴിഞ്ഞയിടെ ഉയര്‍ന്ന വ്യാജ ആരോപണങ്ങളും രൂപതയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഒക്ടോബര്‍ മാസം പത്താം തിയ്യതി ട്രെയിന്‍യാത്രക്കായി എത്തിയ രണ്ട് ഉര്‍സുലൈന്‍ ഫ്രാന്‍സിസ്കന്‍ സന്യാസിനിമാരും, മാര്‍ച്ച് പത്തൊമ്പതിന് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിന്‍ യാത്രയിലായിരുന്ന രണ്ട് തിരുഹൃദയ സന്യാസിനിമാരും വര്‍ഗീയവാദികളുടെ അതിക്രമത്തിനിരയായതുമൊക്കെ അടുത്തകാലത്തുണ്ടായ പ്രതിഷേധാര്‍ഹവും മതേതര ഇന്ത്യയ്ക്ക് അപമാനകാരവുമായ ചില സംഭവങ്ങൾ ആണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി . പ്രസ്തുത വിഷയങ്ങളില്‍ പലതിലും നിയമവിരുദ്ധ നടപടികള്‍ സന്യസ്തര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ സ്വീകരിക്കാന്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദ്ദം തങ്ങള്‍ക്കുമേലുണ്ട് എന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍
അതീവം ആശങ്കാജനകമാണ്.

നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങളില്‍ മതപരിവര്‍ത്തനശ്രമമാണ് കുറ്റമായി ആരോപിക്കപ്പെടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം കത്തോലിക്കാസഭയുടെ നയമല്ലാതിരിക്കെതന്നെ, മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് അവര്‍ അനുഭവിക്കേണ്ടിവരുന്ന അതിക്രമങ്ങളെകുറിച്ചും കള്ളകേസുക ളുടെ പേരില്‍ നേരിടേണ്ടി വരുന്ന നിയമനടപടികളെകുറിച്ചും സത്യസന്ധമായ ഉന്നതതല അന്വേഷണം ആവശ്യമാണ്. തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിന്‍റെ ഫലമായുള്ളതോ, അവര്‍ക്ക് ദുരുപയോഗിക്കാന്‍ അവസരമൊരുക്കുന്നതോ, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നതോ ആയിരിക്കരുത് മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍.

നിസ്വാര്‍ത്ഥമായി രാജ്യത്തുടനീളം സാമൂഹ്യസേവനം ചെയ്യുന്ന സമര്‍പ്പിതരെയും അവരുടെ സ്ഥാപനങ്ങളെയും ശത്രുതാപരമായി സമീപിക്കുന്ന രീതിക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. രാജ്യത്തിന്‍റെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ അതിക്രമങ്ങളില്‍ ഇടപെടാനും, മതേതരത്വവും മതസൗഹാര്‍ദ്ദവും പുനഃസ്ഥാപിക്കാനും ഭരണാധികാരികള്‍ മുൻകൈഎടുക്കണമെന്നും ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group